17 April Wednesday

100 ശതമാനവും കടന്ന്‌ കലക്‌ഷൻ

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022

കാസർകോട്– കാഞ്ഞങ്ങാട് റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ്

കാസർകോട്‌

പ്രതിസന്ധികൾക്കിടയിലും മികച്ച വരുമാനവുമായി കെഎസ്‌ആർടിസി കാസർകോട്‌ ഡിപ്പോ. കഴിഞ്ഞ ദിവസങ്ങളിൽ നേടിയ കലക്ഷൻ 100 ശതമാനത്തിലധികം. കുറഞ്ഞ ബസുകളെയും ജീവനക്കാരെയും ഉപയോഗിച്ചാണ്‌ ഈ നേട്ടം. 
കോവിഡ കാലത്തിന്‌ മുമ്പുണ്ടായിരുന്ന ബസുകൾ പലതും കാലഹരണപ്പെട്ട്‌ കട്ടപ്പുറത്തായിട്ടും ഡിപ്പോ നേടുന്നത്‌ സർവകാലനേട്ടം. കഴിഞ്ഞ ഒമ്പതിന്‌  14,44,957 രൂപ, (109.8 ശതമാനം), പത്തിന്‌ 13,48,714 രൂപ (102.47 ശതമാനം), 11ന്‌ 13,33,529 രൂപ (101.31 ശതമാനം), 12ന്‌ 13,09,583 രൂപ (99. 49 ശതമാനം), 13ന്‌ 13,30,873 രൂപ (101 ശതമാനം) എന്നിങ്ങനെയാണ്‌ കലക്ഷൻ. 
66 സർവീസ്‌
66 സർവീസാണ്‌ ദിവസവും നടത്തുന്നത്‌. 24,500 കിലോമീറ്റർ ശരാശരി ഓടുന്നു. എപ്രിൽ ഒന്നുമുതൽ ബസു നിരക്ക്‌ വർധിപ്പിച്ചതോടെ 1.5 ലക്ഷം രൂപ അധിക ലഭ്യമാക്കി. കോവിഡ്‌ നിയന്ത്രണം പിൻവലിച്ച ശേഷം സർവീസുകൾ കൃത്യമായി ഓടി തുടങ്ങിയത് മുതൽ ലാഭത്തിൽ പ്രവർത്തിക്കുന്ന  ഡിപ്പോയാണ് കാസർകോട്‌. ഓരോ ഡിപ്പോയും ഓരോ ലാഭ ന്ദ്രമാക്കണമെന്ന മാനേജ്മെന്റ് നയത്തിന് അനുയോജ്യമായ സർവീസാണ്‌ ഇവിടെ നടത്തുന്നത്‌. 
കോവിഡിന്‌ മുന്നേ 92 ബസുകൾ ഓടിയിരുന്നു. പിന്നീടത്‌ 66 ആയി.  മംഗളൂരു 25 (നേരത്തെ 35), സുള്ള്യ 4 (6), പുത്തൂർ 4 (6), കാഞ്ഞങ്ങാട്‌ 13, കണ്ണൂർ ടിടി 9 എന്നിങ്ങനെയാണ്‌ പ്രധാന സർവീസുകൾ. കോട്ടയം സൂപ്പർ ഫാസ്‌റ്റ്‌ (വൈകിട്ട്‌ അഞ്ചിന്‌), ബംഗളൂരു (രാത്രി 8.30), കോട്ടയം മിന്നൽ (രാത്രി ഒമ്പതിന്‌) എന്നിവയാണ്‌ ദീർഘദൂര സർവീസുകൾ. 
20 ബസുകൾ കൂടുതൽ ലഭിച്ചാൽ പ്രതിദിന വരുമാനം 20 ലക്ഷം വരെയാകുമെന്ന്‌ പ്രതീക്ഷിക്കുന്നു. പുതിയ റൂട്ടും ആരംഭിക്കണം. ഇപ്പോൾ വടക്കൻ ഗ്രാമങ്ങളിലേക്ക്‌ കെഎസ്‌ആർടിസി സർവീസില്ല. ഇതാരംഭിച്ചാൽ നല്ല വരുമാനം ലഭിക്കും.         
കൂടുതൽ 
ജീവനക്കാർ വേണം
നിലവിൽ ഡിപ്പോയിൽ 400 ഓളം ജീവനക്കാരുണ്ട്‌. 170 വീതം ഡ്രൈവർമാരും കണ്ടക്ടർമാരുമുണ്ട്‌. ഇവരിലാരെങ്കിലും അവധിയെടുത്താൽ പകരം ആളില്ലാത്തതിനാൽ സർവീസ്‌ വെട്ടിക്കുറയ്‌ക്കുന്നു. ഓഫീസിൽ നാല്‌ ജീവനക്കാരാണുള്ളത്‌. നേരത്തെ 15 പേരുണ്ടായിരുന്നു. 
മുതിർന്ന കണ്ടക്ടർമാരെ നിയമിച്ചാണ്‌ നിലവിൽ ഓഫീസ്‌ പ്രവർത്തനം.  ഇത്‌ ബസ്‌ സർവീസിനെയും ബാധിക്കുന്നു. ജീവനക്കാരുടെ പുന:വിന്യാസം ഒരുവർഷമായിട്ടും നടന്നിട്ടില്ല. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top