26 April Friday

ഭീമനടി– ചിറ്റാരിക്കാൽ 
റോഡ്‌ പണി വീണ്ടും തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022

ഭീമനടി ചിറ്റാരിക്കാൽ റോഡ് നിർമാണം പുനരാരംഭിച്ചപ്പോൾ

ഭീമനടി 
കരാറുകാരന്റെ അലംഭാവത്തിൽ നിർമാണം നിലച്ച ഭീമനടി ചിറ്റാരിക്കാൽ റോഡിന്റെ പണി വീണ്ടും തുടങ്ങി. ഭീമനടി നർക്കിലക്കാട് വരെയുള്ള ഭാഗങ്ങളിൽ ചെളിക്കുളമായ ഭാഗത്താണ് ആദ്യഘട്ടം പണി.
 റോഡ് നിർമാണത്തിന്റെ ഭാഗമായി പലയിടത്തും മണ്ണ് നീക്കിയതിനാൽ മഴ പെയ്തതോടെ റോഡ് മുഴുവൻ ചെളിക്കുളമായിരുന്നു. കാൽനടയാത്ര പോലും ദു:സഹമായി. ഇതുവഴി ഓടിയ ബസുകൾ റൂട്ടുമാറിയാണ്‌ ഇപ്പോൾ പോകുന്നത്‌.  ഭീമനടി നർക്കിലക്കാട് വഴി ചിറ്റാരിക്കാലിലേക്ക് പോകേണ്ട ബസുകൾ ഭീമനടി കുന്നുംകൈ പാലം വഴി അഞ്ച് കിലോമീറ്റർ അധികം ചുറ്റി സർവീസ് നടത്തുകയാണ്‌. ഇതോടെ ഭീമനടിക്കും ചിറ്റാരിക്കാലിനും ഇടയിലുള്ള യാത്രക്കാർ പെരുവഴിയിലായി. പ്രശ്‌നം സിപിഐ എം നേതൃത്വം എം രാജഗോപാലൻ എംഎൽഎയുടെ ശ്രദ്ധയിൽ പെടുത്തിയതോടെയാണ്‌ പണി ഇപ്പോൾ ആരംഭിച്ചത്‌.
 ഇതിനിടെ  നാട്ടുകാരും സഹികെട്ട് പ്രതിഷേധവുമായി ശനിയാഴ്‌ച  റോഡിലിറങ്ങി. റോഡ് പണിക്കായി വന്ന വാഹനങ്ങൾ തടഞ്ഞുവച്ചു. കരാറുകാരൻ സ്ഥലത്ത് എത്തിയതിന് ശേഷം  ചെളി കോരി മാറ്റിക്കോളാമെന്ന് ഉറപ്പു നൽകിയതിന് ശേഷമാണ് നാട്ടുകാർ പിൻവാങ്ങിയത്. 
റോഡരികിലെ മണ്ണ് മാന്തിയപ്പോൾ കുടിവെള്ള പൈപ്പുകൾ പുറത്തുവന്നിട്ടുണ്ട്‌. മണ്ണിട്ട് ഉയർത്തിയ പ്രദേശങ്ങളിൽ വൈദ്യുതി ലൈനുകൾ അപകടകരമാം വിധം താഴ്‌ന്ന്‌ നിൽക്കുകയുമാണ്‌. ഇതും ആവശ്യമായ തൊഴിലാളികൾ ഇല്ലാത്തതും പണി നീളാൻ ഇടയാക്കി. മാങ്ങോട് നിർമാണം നിലച്ച കലുങ്കിന്റെ അരിക്‌ ഇടിഞ്ഞും അപകടാവസ്ഥയുണ്ട്‌. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top