29 March Friday
റിയാസ് മൗലവി വധം

വിധി ഏപ്രിൽ ആദ്യം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023
കാസർകോട്
ആർഎസ്എസ്സുകാർ പള്ളിയിലെ താമസസ്ഥലത്ത്‌ കയറി  മദ്രസാധ്യാപകൻ മുഹമ്മദ്  റിയാസ് മൗലവിയെ കുത്തിക്കൊന്നകേസിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ്  കോടതി ജഡ്‌ജ്‌ സി കൃഷ്‌ണകുമാർ എപ്രിൽ ആദ്യം വിധി പറയും. കേസിൽ അന്തിമവാദം പൂർത്തിയായി. 24ന്‌ വീണ്ടും പരിഗണിക്കും. എപ്രിൽ 13 മുതൽ കോടതിക്ക്‌  വേനലവധിയാണ്‌. ഇതിനുമുമ്പ്‌ വിധിപറയും.  
97 സാക്ഷികൾ; 
ശക്തമായ
തെളിവുകൾ 
പ്രോസിക്യൂഷൻ 30 ദിവസവും പ്രതിഭാഗം നാലുദിവസവും അന്തിമവാദം നടത്തി. 97 സാക്ഷികളെയാണ്‌ പ്രോസിക്യൂഷൻ വിസ്‌തരിച്ചത്‌. അന്വേഷണത്തിന്‌ നേതൃത്വം നൽകിയ മുൻ കണ്ണൂർ ക്രൈംബ്രാഞ്ച്‌ എസ്‌പിയും നിലവിൽ എറണാകുളം മേഖലാ ഡിഐജിയുമായ ഡോ. എ  ശ്രീനിവാസ്‌, കുറ്റപത്രം നൽകിയ നിലവിലെ കാസർകോട് ഡിവൈഎസ്‌പി പി കെ സുധാകരൻ, മൃതദേഹം പോസ്‌റ്റ്‌മോർട്ടം നടത്തിയ പരിയാരം മെഡിക്കൽ കോളേജ്‌ ഫോറൻസിക്‌ സർജൻ  ഡോ. ഗോപാലകൃഷ്‌ണ പിള്ള എന്നിവർ സാക്ഷികളാണ്.  സാഹചര്യ തെളിവുകളും നിർണായകമാണ്‌. ഇലക്‌ട്രോണിക്ക്‌, മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ തെളിവുകൾ ശക്തമാണ്‌. എയർടെൽ, വോഡഫോൺ ഐഡിയ, ബിഎസ്‌എൻഎൽ കമ്പനി പ്രതിനിധികളെ വിസ്‌തരിച്ചു. 50 തൊണ്ടിമുതലുകളും 45 രേഖകളും കുറ്റപത്രത്തോടൊപ്പമുണ്ട്‌. 
പ്രതികൾക്ക്‌ 
ആറുവർഷമായി 
ജാമ്യമില്ല 
കുടുക് സ്വദേശിയും കാസർകോട് പഴയചൂരി പള്ളിയിലെ മദ്രസാധ്യാപകനുമായിരുന്ന മുഹമ്മദ് റിയാസ്  മൗലവിയെ 2017 മാർച്ച്   21ന്  പുലർച്ചെയാണ് പള്ളിയിലെ താമസസ്ഥലത്ത്  കുത്തിക്കൊന്നത്. ആർഎസ്എസ് പ്രവർത്തകരായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, നിതിൻകുമാർ, കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖിൽ  എന്നിവരാണ്  ഒന്നുമുതൽ മൂന്നുവരെ പ്രതികൾ. 
ജാമ്യം നൽകാത്തതിനാൽ ആറുവർഷമായി പ്രതികൾ കണ്ണൂർ സെൻട്രൽ ജയിലിലാണ്‌. ജാമ്യഹർജികൾ സർക്കാർ എതിർത്തതിനാൽ ജില്ലാക്കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ജാമ്യം നൽകിയാൽ  വർഗീയ സംഘർഷമുണ്ടാകുമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. 
സംഭവത്തിനുശേഷം കാസർകോട്‌  വർഗീയ സംഘർഷങ്ങളൊന്നുമുണ്ടായില്ലെന്നത് ശ്രദ്ധേയമാണ്‌.    
 
6 ജഡ്‌ജിമാർ; 6 വർഷം
കോവിഡും ആറ്‌ ജില്ലാ ജഡ്‌ജിമാർ മാറിപോയതും വിചാരണ വൈകിപ്പിച്ചു.  ഏഴാമത്തെ ജഡ്‌ജിയാണ്‌ വിധി പറയുക. സംസ്ഥാന സർക്കാർ നിയോഗിച്ച സ്‌പെഷ്യൽ പബ്ലിക്ക്‌ പ്രോസിക്യൂട്ടർമാരായ എം അശോകൻ, അഡ്വ. ടി ഷാജിത്ത്‌,  അഡ്വ. കെ പി അരുൺകുമാർ എന്നിവരാണ്‌ പ്രോസിക്യൂഷന്‌ വേണ്ടി ഹാജരാകുന്നത്‌.   പ്രതിഭാഗത്തിനുവേണ്ടി തലശേരി ബാറിലെ അഡ്വ. സുനിൽകുമാർ ഹാജരാകുന്നു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top