17 May Tuesday

ലീഗിന്‌ ദീനല്ല തീറ്റയാണ്‌ മുഖ്യം: കെ ടി ജലീൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022

സിപിഐ എം ജില്ലാ സമ്മേളനത്തിന്‌ മുന്നോടിയായി തൃക്കരിപ്പൂരിൽ നടന്ന സെമിനാറിൽ ഡോ. കെ ടി ജലീൽ എംഎൽഎ പ്രഭാഷണം നടത്തുന്നു

തൃക്കരിപ്പൂർ

ഇടതുപക്ഷത്തോടപ്പം ഒരിക്കൽ ഭരണത്തിൽ പങ്കാളിയായവരാണ്, ഇപ്പോൾ കമ്യൂണിസ്റ്റുകാരുമായി സഹകരിക്കുന്നത് മതവിരുദ്ധമാണന്ന് പ്രചരിപ്പിക്കുന്നതെന്ന് ഡോ. കെ ടി ജലീൽ എംഎൽഎ പറഞ്ഞു.  സിപിഐ എം ജില്ലാ സമ്മേളനത്തിന്‌ മുന്നോടിയായി തൃക്കരിപ്പൂരിലും കാസർകോട്ടും  സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗിന് കേരളത്തിൽ മേൽവിലാസമുണ്ടായത് 1967ൽ ഇഎംഎസ് സർക്കാരിൽ പങ്കാളിയായതു കൊണ്ടാണ്.  സഖ്യമുണ്ടാകുമ്പോൾ ഹലാലും അല്ലാത്തപ്പോൾ ഹറാമും എന്നത് ഭരണം നഷ്ടപ്പെട്ട ലീഗിന്റെ ഇപ്പോഴത്തെ നിലപാട് മാത്രമാണ്‌. ലീഗിന് ദീനിനേക്കാളും തീറ്റയോടാണിഷ്ടമെന്നും ജലീൽ പറഞ്ഞു.
തൃക്കരിപ്പൂരിൽ ‘വർഗീയ പ്രീണനം, പ്രതിരോധം, ചരിത്ര വഴികൾ’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ  ടി വി ഗോവിന്ദൻ അധ്യക്ഷനായി. കെ വി ജനാർദനൻ, ടി വി കുഞ്ഞികൃഷ്ണൻ, എം രാമചന്ദ്രൻ, പി എ റഹ്മാൻ എന്നിവർ സംസാരിച്ചു. ഏരിയാസെക്രട്ടറി ഇ കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു.
കാസർകോട്‌ സന്ധ്യാരാഗം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച "ഇന്ത്യൻ മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ' സെമിനാർ സംസ്ഥാനകമ്മിറ്റി അംഗം സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. ജില്ലാകമ്മിറ്റി അംഗം ടി കെ രാജൻ അധ്യക്ഷനായി. ഡോ. കെ ടി ജലീൽ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. സി ഷുക്കൂർ, ജില്ലാകമ്മിറ്റി അംഗം എം സുമതി എന്നിവർ  സംസാരിച്ചു. ഏരിയാസെക്രട്ടറി കെ എ മുഹമ്മദ്‌ ഹനീഫ സ്വാഗതം പറഞ്ഞു.
മടിക്കൈ ഒരുങ്ങി
മടിക്കൈ
സിപിഐ എം കാസർകോട് ജില്ലാ സമ്മേളനത്തിന് വേദിയാകാൻ മടിക്കൈ അമ്പലത്തുകര ഒരുങ്ങി. അമ്പലത്തുകര സർവീസ് സഹകരണ ബാങ്കിന് സമീപത്താണ് പ്രതിനിധി സമ്മേളനം 21ന് ആരംഭിക്കുന്നത്‌. 
പ്രചാരണത്തിന്റെ ഭാ​ഗമായി നിരവധി സെമിനാറും പൊതുയോ​ഗവും നടന്നു. പ്രചാരണ ശിൽപ്പങ്ങളും കുടിലുകളും ബ്രാഞ്ച് കേന്ദ്രങ്ങളിലെല്ലാം ഒരുക്കി. പ്രചാരണ പ്രവർത്തനങ്ങളും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകളും ചർച്ച ചെയ്യാൻ ബാങ്ക് ഹാളിൽ സംഘാടക സമിതിയുടെ അവലോകന യോ​ഗം ചേർന്നു. സിപിഐ എം സംസ്ഥാന കമ്മിറ്റിയം​ഗം കെ പി സതീഷ് ചന്ദ്രൻ അധ്യക്ഷനായി. എം വി ബാലകൃഷ്ണൻ, എം രാജൻ, പി ബേബി, വി കെ രാജൻ എന്നിവർ സംസാരിച്ചു. സി പ്രഭാകരൻ സ്വാ​ഗതം പറഞ്ഞു. 
അടിയന്തിര പ്രാധാന്യമില്ലാത്ത പരിപാടികൾ ഒഴിവാക്കാനും പരമാവധി ജനപങ്കാളിത്തം ചുരുക്കിയും പരിപാടി നടത്താമെന്ന നിർദേശം ഉയർന്നു. യോ​ഗം ചേരാനുള്ള സ്ഥലത്തെ പന്തലിന്റെയും മറ്റിടങ്ങളിലെ അലങ്കാര പണികളുടെയും ചുമതല ഓരോ പ്രദേശത്തെ പ്രവർത്തകർക്ക് വിഭജിച്ച് നൽകി. 20ന് കൊടി കൊടിമര ജാഥ നടത്തും.
സുനിൽ പി ഇളയിടത്തിന്റെ സെമിനാർ മാറ്റി
മടിക്കൈ
സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി നടത്താനിരുന്ന സെമിനാറുകൾ കോവിഡ്‌ വ്യാപനം കാരണം മാറ്റി. ശനി കാഞ്ഞങ്ങാട്‌ സുനിൽ പി ഇളയിടവും ഞായറാഴ്‌ച പരപ്പയിൽ കെ ടി കുഞ്ഞിക്കണ്ണനും 18ന് നീലേശ്വരത്ത് മന്ത്രി വീണാ ജോർജും പങ്കെടുക്കാനിരുന്ന സെമിനാറുകളാണ്‌ മാറ്റിയത്‌. 19ന്‌  വൈകിട്ട്‌ നാലിന്‌ മടിക്കൈ അമ്പലത്തുക്കരയിൽ രക്തസാക്ഷി കുടുംബ സംഗമം നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top