25 April Thursday

വന്നുവന്ന്‌ കുണ്ടംകുഴി വരെ ആനയെത്തി

വിൻലാൽ വിനോദ്‌Updated: Saturday Jan 15, 2022
കുണ്ടംകുഴി
കുണ്ടംകുഴി കാരക്കാട്, ബാലനടുക്കം നിവാസികൾ വെള്ളിയാഴ്ച രാവിലെ ഉണർന്നത് കാട്ടാനഭീതിയിൽ. പുഴയ്ക്ക് അക്കരെ നിന്ന് ആറ് ആനകളാണ് പുലർച്ചെ നാലിന്‌ കാരക്കാട് എത്തിയത്. 
കാരക്കാട് കെ പി ഗോപാലൻ നായരുടെ തോട്ടത്തിലെത്തി നാല് തെങ്ങ്, വാഴ, പച്ചക്കറി കൃഷികൾ എല്ലാം നശിപ്പിച്ചു. പിന്നീട് ബാലനടുക്കം സി ഗംഗാധരൻ, സഹോദരൻ രാമചന്ദ്രൻ എന്നിവരുടെ ഒന്നര ഏക്കറോളം വരുന്ന തോട്ടത്തിൽ വാഴ, കവുങ്ങ്, കപ്പ കൃഷികൾ നശിപ്പിച്ചു. രാവിലെയാണ് ആനയിറങ്ങിയത് നാട്ടുകാർ എല്ലാവരും അറിയുന്നത്. ബാലനടുക്കത്ത് ഗുളികൻ കാവിൽ ഓടിക്കയറിയ ആനകൾ അവിടെ തന്നെ തമ്പടിച്ചു. രാവിലെ ഏഴിന്‌ കൂടി വനപാലകരെത്തി. ജനവാസ കേന്ദ്രമായതിനാൽ പകൽ ആനകളെ തുരത്താതെ നാട്ടുകാരും ഉദ്യോഗസ്ഥരും കാവിന് കാവൽ നിന്നു. രാത്രി എട്ടോടെ അസി. ഫോറസ്റ്റ് ഓഫീസർ കെ ടി സത്യന്റെ നേതൃത്വത്തിൽ ആനകളെ പുഴ കടത്തി.
കഴിഞ്ഞ ബുധൻ രാവിലെ നാലിന്‌ ചൊട്ടയിലെത്തിയ ആനകൾ മോഹൻ കുമാറിന്റെയും ബത്തകുമിരി രാഘവൻ നായർ, മാധവൻ നായർ എന്നിവരുടെയും കവുങ്ങ്, വാഴ എന്നിവ നശിപ്പിച്ചിരുന്നു. കൂടാതെ ബാവിക്കര കുട്ട്യാനത്ത് ജയദീപ്, ഗോപിനാഥൻ എന്നിവരുടെ തോട്ടത്തിലെ കവുങ്ങ്, വാഴ എന്നിവയും നശിപ്പിച്ചു. പുഴയ്ക്ക് അക്കരെ ഇരിയണ്ണി വനത്തിൽ നിന്നുമെത്തിയ കാട്ടാനകളാണിവ. 
തോണിക്കടവ്, ദൊഡ്ഡുവയൽ ഭാഗത്ത് രാത്രി വൈകിയും നാട്ടുകാർ പടക്കം പൊട്ടിച്ച്  കാവൽ നിൽക്കുന്നതിനാൽ മാത്രമാണ് കാട്ടാനകൾ പോകാത്തത്. ഈ പ്രദേശങ്ങളിലെ നാട്ടുകാർ കാട്ടാനക്കൂട്ടം എന്ന വാട്സാപ്പ് ഗ്രൂപ്പ്‌ രൂപീകരിച്ച് വിവരങ്ങൾ കൈമാറുകയും ആനകൾ എത്തുന്നയിടങ്ങളിലെത്തി ഓടിക്കുകയും ചെയ്യുന്നുണ്ട്.
കുണ്ടംകുഴി ഉത്സവം നടക്കുന്ന സാഹചര്യത്തിൽ ജനക്കൂട്ടം ഉള്ളതിനാൽ പകൽ ആനകളെ തുരത്താൻ കഴിഞ്ഞില്ല. അതുകൊണ്ട് രാത്രി വരെ ആനകൾ കയറിക്കൂടിയ ഗുളികൻ കാവിന് കാവൽ നിന്നു. കാവിന് സമീപത്തുള്ള ലിങ്കൻതോട്  കോളനിയിലേക്കും ആനകൾ പോകാതിരിക്കാൻ ശ്രദ്ധിച്ചു
എം കുഞ്ഞിക്കണ്ണൻ നായർ, കാരക്കാട്
പാണ്ടിക്കണ്ടം പുഴയ്ക്കരികിൽ വരെ എത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ആനകൾ കാരക്കാട്, ബാലനടുക്കം ഭാഗത്തേക്ക് കയറുന്നത്. കാട്ടാന ശല്യം ഒഴിവാക്കാൻ അധികൃതർ അടിയന്തിരമായി ഇടപെടണം.
മധു പുളീരടി, കുണ്ടംകുഴി
തോട്ടത്തിലെ എല്ലാ വാഴകളും കപ്പയും ആനകൾ നശിപ്പിച്ചു. തോട്ടത്തിൽ വെള്ളമടിക്കുന്ന പൈപ്പെല്ലാം ചവുട്ടി പൊട്ടിച്ചു. ആദ്യമായാണ് ഇത്തരമൊരു അനുഭവം.
സി രാമചന്ദ്രൻ, കാരക്കാട്
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top