28 March Thursday

കളിയാട്ടത്തിന്‌ അനുമതി

പി വിജിൻദാസ്‌Updated: Thursday Oct 14, 2021
കാസർകോട്‌
കോവിഡ് നിബന്ധനകൾ പാലിച്ച് കളിയാട്ടം നടത്തുന്നതിന് ക്ഷേത്ര കമ്മിറ്റികളുടെ അപേക്ഷയിൽ ജില്ലാതല കൊറോണ കോർ കമ്മറ്റി അനുമതി നൽകി. നീലേശ്വരം തെരു ശ്രീ അഞ്ഞൂറ്റമ്പലം വീരർകാവ് ദേവസ്വത്തിൽ 28, 29 തിയതികളിൽ കളിയാട്ടത്തിനും കുട്ടമത്ത് പൊന്മാലം ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ നവംബർ ഏഴുമുതൽ ഒമ്പതുവരെ നടക്കുന്ന കളിയാട്ടത്തിനും അനുമതി നൽകി. 
ശ്രീ നെല്ലിക്കാത്തുരുത്തി കഴകം നീലമംഗലത്ത് ഭഗവതി ക്ഷേത്രത്തിന്‌ കീഴിലുള്ള കാരി ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം, ഓരി ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം എന്നിവിടങ്ങളിൽ ഒറ്റക്കോലം നടത്താനും അനുമതി നൽകി. കലക്ടർ സ്വാഗത്‌ ആർ ഭണ്ഡാരി അധ്യക്ഷയായി. ജില്ലാ  പൊലീസ്‌ മേധാവി പി ബി രാജീവ്, എഡിഎം എ കെ രമേന്ദ്രൻ, ഡിഎംഒ ഇൻചാർജ് ഇ മോഹനൻ, ഡിഡിഇ കെ വി പുഷ്പ എന്നിവർ പങ്കെടുത്തു.
 
ചെറുവത്തൂർ
കോവിഡിൽ പൂട്ടിയ തെയ്യാട്ടക്കാവുകൾക്ക്‌ ജീവൻ വക്കുന്നു. രണ്ട്‌ തെയ്യം സീസണാണ്‌ മഹാമാരി കൊണ്ടുപോയത്‌.  പ്രോട്ടോക്കോൾ പാലിച്ച്‌ ഉത്സവങ്ങൾ നടത്താൻ അനുമതി ലഭിച്ചതോടെയാണ്‌ തുലാം മുതൽ വീണ്ടും തെയ്യങ്ങൾ അരങ്ങിലെത്തുമെന്ന് ഉറപ്പായത്‌. 
 തുലാം 10ന്‌ പത്താമുദയത്തിൽ നടക്കുന്ന പത്താത പോതിയോടെയാണ്‌ ജില്ലയിൽ  തെയ്യത്തിന്‌ തുടക്കമാകുന്നത്‌. 11ന്‌ നീശേലശ്വരം അഞ്ചൂറ്റമ്പലത്തിൽ തെയ്യം കെട്ടിയാടും. ഇതോടെ  ഉത്സവങ്ങൾക്കും  ഒറ്റക്കോലങ്ങൾക്കും തുടക്കമാകും. വൃശ്‌ചികത്തിൽ പാട്ടുത്സവം ആരംഭിക്കും. ഇടവപ്പാതിയിൽ നീലേശ്വരം മന്നംപുറത്ത്‌ കാവിൽ നടക്കുന്ന  കലശ മഹോത്സവത്തോടെയാണ്‌ തെയ്യക്കാലം അവസാനിക്കുന്നത്‌.
നിയന്ത്രണങ്ങൾക്ക്‌ അയവ്‌ വന്നതോടെ മിക്കവാറും ക്ഷേത്രങ്ങളിലും ഉത്സവം നടത്താനുള്ള തയാറെടുപ്പ്‌ തുടങ്ങി. കലാകാരന്മാർക്കും തെയ്യം ഉപജീവനമായവർക്കും ഭക്തർക്കും സന്തോഷം നൽകുന്ന വാർത്തകളാണ്‌ വരുന്നത്‌.   കഴിഞ്ഞ കളിയാട്ടക്കാലത്ത്‌ 20 പേരെ പങ്കെടുപ്പിച്ച്‌ തെയ്യം നടത്താൻ അനുമതി ഉണ്ടായിരുന്നു. എന്നാൽ 20 പേരെ മാത്രം വച്ച്‌ തെയ്യം നടക്കില്ലെന്നതിനാൽ എല്ലാം മാറ്റിവച്ചു. തുലാം പത്തിന്‌ തെയ്യം തുടങ്ങണമെങ്കിൽ കന്നിയിൽ ഒരുക്കം തുടങ്ങണം.  രണ്ടു വർഷത്തോളമായി ഉപയോഗിക്കാത്തതിനാൽ അണിയലങ്ങൾ പലതും നശിച്ചു. ഇത് ഒരുക്കിയെടുക്കാൻ ശ്രമകരമായ അധ്വാനവും സാമ്പത്തിക ചിലവും വരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top