20 April Saturday

കൈവിട്ട്‌ കാസർകോട്‌ നഗരസഭ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020
കാസർകോട്‌
കോവിഡ്‌ പ്രതിരോധത്തിന്‌ കൈമെയ്‌ മറന്ന്‌ ആരോഗ്യപ്രവർത്തകരും പൊലീസും  ഉദ്യോഗസ്ഥരും തീവ്രയത്‌നം നടത്തുമ്പോൾ ഇതൊന്നും തങ്ങളെ ബാധിക്കുന്നതല്ലെന്ന നിലപാടോടെ  കാസർകോട്‌ നഗരസഭ. നഗരസഭാ പരിധിക്കുള്ളിൽ 21 പേർക്ക്‌ ഒരാഴ്‌ചക്കുള്ളിൽ സമ്പർക്കത്തിലൂടെ കോവിഡ്‌ സ്ഥിരീകരിച്ചിട്ടും  സുരക്ഷാ ക്രമീകരണങ്ങൾക്കോ ബോധവൽക്കരണത്തിനോ നഗരഭരണക്കാർ തയ്യാറാകുന്നില്ല. കലക്ടറുടെ നിർദേശപ്രകാരം പഴയ ബസ്‌സ്‌റ്റാൻഡ്‌ പരിസരം അടച്ചിട്ടു‌.  എന്നാൽ മറ്റിടങ്ങളിലെല്ലാം കടകൾ തുറക്കുന്നുണ്ട്‌. സാമൂഹ്യ അകലം പാലിക്കുന്നതിൽ കടുത്ത വീഴ്‌ചയാണ്‌ വരുത്തുന്നത്‌.  വഴിയോരക്കച്ചവടക്കാരാടക്കമുള്ളവർ മാസ്‌ക്‌ വയ്‌ക്കുന്നത്‌ പൊലീസിനെ കാണുമ്പോൾ മാത്രം. ഇതെല്ലാം ഉറപ്പാക്കേണ്ട നഗരസഭാ ആരോഗ്യവിഭാഗവും ഉദ്യോഗസ്ഥരും ഇതൊന്നും തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന നിലയിലാണ്‌ പ്രവർത്തിക്കുന്നത്‌. 
സമ്പർക്കം വരുന്ന വഴികൾ സജീവം
കാസർകോട്‌
കോവിഡ്‌ സമ്പർക്കത്തിന്‌ വഴി വച്ച പഴം–- പച്ചക്കറി കടകൾ ഇപ്പോഴും സജീവം.   പഴയ ബസ്‌സ്‌റ്റാൻഡ്‌ പരിസരവും മാർക്കറ്റും പൂർണമായും അടച്ചെങ്കിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി തട്ടുകടകളാണ്‌ പ്രത്യക്ഷപ്പെട്ടത്‌. പഴം–- പച്ചക്കറി, മീൻ, വസ്‌ത്രം വിൽപനകളാണ്‌  തകൃതിയായി നടക്കുന്നത്‌. ഇവിടങ്ങളിലാകട്ടെ സാമൂഹിക അകലംപോലും പാലിക്കാതെയുള്ള കച്ചവടമാണ്‌ നടക്കുന്നത്‌. ദേശീയപാതയോരത്തു മാത്രം പത്തിലധികം അനധികൃത കടകളാണുള്ളത്‌.നഗരസഭയുടെ അനുമതിയില്ലാത്ത ഇവ  രോഗവ്യാപന കേന്ദ്രങ്ങളാകാൻ സാധ്യതയേറെ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top