19 April Friday
പ്ലാന്റേഷൻ കോർപ്പറേഷന്‌ ലക്ഷങ്ങളുടെ നഷ്ടം

ഇങ്ങനെ നശിപ്പിക്കല്ലേ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 14, 2023

പ്ലാന്റേഷൻ കോർപറേഷന്റെ മുളിയാർ എസ്റ്റേറ്റിലെ കോട്ടൂർ ബെള്ളിപ്പാടിയിൽ ശേഖരിക്കാതെ കിടക്കുന്ന കശുവണ്ടി

-മുളിയാർ  
ലക്ഷങ്ങൾ വിലയുള്ള കശുവണ്ടി എന്തിനാ ഇങ്ങനെ കളയുന്നെ ? കുറെ എണ്ണം കാട്ടുതീയിൽ കരിഞ്ഞു. കുറെ ആളുകൾ മോഷ്ടിച്ചും കൊണ്ട് പോകുന്നു. ഇതൊക്കെ നോക്കാൻ ഇവിടെ ആരുമില്ലേ? കോട്ടൂർ- ബെള്ളിപ്പാടി പ്ലാന്റേഷൻ റോഡിലൂടെ പോകുന്ന ഏതൊരാളും ചോദിച്ചു പോകുന്നതാണിത്. 
കശുമാവിൻ ചുവട്ടിൽ നിരത്തിവച്ച പോലെ കശുമാങ്ങയും കശുവണ്ടിയുമുണ്ട്. പ്ലാന്റേഷൻ കോർപറേഷന്റെ മുളിയാർ എസ്റ്റേറ്റിന് കീഴിലുള്ള ബെള്ളിപ്പാടി കശുമാവിൻ തോട്ടത്തിൽ നിന്നുള്ള കാഴ്ചയാണിത്. മുതലപ്പാറ, കോട്ടൂർ 1, കോട്ടൂർ 2 ബ്ലോക്കുകളുടെയും അവസ്ഥ ഇത് തന്നെ. ലക്ഷങ്ങളുടെ കശുവണ്ടിയാണ് മാനേജ്‌മെന്റിന്റെ ഇടപെടൽ ഇല്ലാത്തതിനാൽ നശിക്കുന്നത്. തോട്ടങ്ങൾ കൃത്യമായി ലേലം ചെയ്ത് നൽകാത്തതും തൊഴിലാളികളെ ജോലിക്ക് നിയോഗിക്കാത്തതുമാണ് കാരണം. 
അധികൃതരുടെ ശ്രദ്ധയില്ലാതെയായതോടെ കശുവണ്ടി മോഷണവും വ്യാപകമായി. സീസൺ മുൻകൂട്ടി കണ്ട് തോട്ടത്തിലെ കാട് വെട്ടിത്തെളിക്കാത്തതിനാൽ ഉള്ള തൊഴിലാളികളെ വെച്ചുള്ള ശേഖരണവും ഫലപ്രദമാകുന്നില്ല. കനത്ത ചൂടിൽ തീപിടിത്തം പതിവായതോടെ ശേഖരിക്കാതെ വീണു കിടന്ന ലക്ഷങ്ങളുടെ കശുവണ്ടിയും കത്തി നശിച്ചു. 
റബർ ടാപ്പിങ് ചെയ്യുന്ന തൊഴിലാളികൾ കിലോ കണക്ക് വച്ചാണ് ഇപ്പോൾ കശുവണ്ടി ശേഖരിക്കുന്നത്. നാല് ബ്ലോക്കിൽ ആകെ 11 പേർ. റബർ ടാപ്പിങ്‌ ജോലി ചെയ്യാൻ ആരോഗ്യപരമായ പ്രയാസമുള്ള ആറ് ഫീൽഡ് തൊഴിലാളികൾക്ക് ഒരു ജോലിയും നൽകാതെ പുറത്ത് നിർത്തിയിട്ടുമുണ്ട്. ഇവരെ ജോലിക്ക് നിയോഗിച്ച് കശുവണ്ടി വരുമാനം കൂട്ടണമെന്ന തൊഴിലാളി യൂണിയനുകളുടെ ആവശ്യവും മാനേജ്‌മെന്റ് പരിഗണിക്കുന്നില്ല. 
ദൈനംദിന ചെലവുകൾക്ക് പണം കണ്ടെത്താൻ മാനേജ്‌മെന്റ് പ്രയാസപ്പെടുമ്പോഴാണ് ലക്ഷങ്ങൾ പാഴാക്കുന്നതെന്നും യൂണിയൻ പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top