25 April Thursday

വൃദ്ധനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾക്ക്‌ 9 വർഷം തടവ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jan 13, 2021

കാസർകോട്‌

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധനെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾക്ക് ഒമ്പതുവർഷം കഠിന തടവും  പിഴയും. കള്ളാർ ചീമുള്ളടുക്കം  കെ കെ ചക്കോയെ (69) തൂമ്പക്കൈ കൊണ്ടും മരവടി കൊണ്ടും തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അയൽവാസികളായ ടി യു മാത്യു എന്ന മാതു(63), ടി യു ജോസഫ് എന്ന കുഞ്ഞുമോൻ (62), ടി യു സൈമൺ (53) എന്നിവരെ കാസർകോട്‌ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ്‌ ടി കെ നിർമ്മല  വിവിധ വകുപ്പുകളിലായി ഒമ്പത്‌ വർഷവും മൂന്ന്‌ മാസവും കഠിന തടവിന്‌ ശിക്ഷിച്ചത്‌. പ്രതികൾ 20,000 രൂപ വീതം പിഴയും  അടക്കണം. പിഴയടച്ചില്ലെങ്കിൽ ആറ്‌ മാസം കൂടി തടവ് അനുഭവിക്കണം. പിഴയിൽ 30,000 രൂപ അക്രമത്തിനിരയായ ചക്കോക്ക്‌  നൽകണം. 
2016 നവംബർ 16ന് രാത്രിയാണ്‌ സംഭവം. ഭാര്യയും മക്കളും വിദേശത്തായതിനാൽ വീട്ടിൽ തനിച്ചു താമസിക്കുകയായിരുന്ന ചാക്കോ ഭക്ഷണം കഴിച്ച്‌ കൊണ്ടിരിക്കേ പ്രതികൾ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി തലക്കും ഇരുകാലുകൾക്കും അടിക്കുകയായിരുന്നു. ചാക്കോയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളെ വീടിനകത്ത്‌ കയറാനോ ആശുപത്രിയിൽ കൊണ്ടുപോകാനോ പ്രതികൾ സമ്മതിച്ചില്ല. ലണ്ടനിലായിരുന്ന മകൻ വിവരമറിഞ്ഞ് രാജപുരം പൊലീസ്‌  സ്‌റ്റേഷനിൽ ഫോണിൽ വിളിച്ച്‌ അറിയിച്ചു. എഎസ്‌ഐ  പി എ വർക്കി ചോരയിൽ കുളിച്ച് മൃതപ്രായനായി കിടക്കുകയായിരുന്ന  ചാക്കോയെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചു. അടിയന്തര ശസ്ത്രക്രിയക്ക് ശേഷമാണ്‌ ജീവൻ രക്ഷിക്കാനായത്‌. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക്‌ പ്രോസിക്യൂട്ടർ  കെ ബാലകൃഷ്ണൻ  ഹാജരായി. കേസിൽ 12 സാക്ഷികളെ വിസ്തരിച്ചു. 17 രേഖകളും മൂന്ന്‌ തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കി. രാജപുരം എഎസ്‌ഐ ആയിരുന്ന പി ജി രാജു രജിസ്‌റ്റർ ചെയ്‌ത്‌ കേസ് അന്വേഷണം നടത്തി കുറ്റപത്രം നൽകിയത്‌ എസ്‌ഐ  വി വി ഗംഗാധരനാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top