26 April Friday

യുഡിഎഫ്‌ വെല്ലുവിളിക്കുന്നത്‌ ജനങ്ങളെ

വെബ് ഡെസ്‌ക്‌Updated: Sunday Jul 12, 2020

കാസർകോട്‌

സമ്പർക്കം വഴി ജില്ലയിലും കോവിഡ്‌ രോഗികളുടെ  എണ്ണം  കൂടുമ്പോൾ പ്രതിരോധമാനദണ്ഡങ്ങളൊന്നും പാലിക്കാതെയുള്ള സമരാഭാസങ്ങളിലൂടെ   യുഡിഎഫ്‌  ജനങ്ങളെ വെല്ലുവിളിക്കുന്നു. കോവിഡ്‌ പ്രതിരോധത്തിൽ രാജ്യത്തിന്‌ മാതൃകയായ കാസർകോടിന്റെ ആരോഗ്യ പടച്ചട്ട തകർക്കാനാണ്‌   ശ്രമിക്കുന്നത്‌.നേതാക്കളുടെ ആഹ്വാനം കേട്ടു കലക്ടറേറ്റിലേക്കും പൊലീസ്‌ സ്‌റ്റേഷനുകളിലേക്കും സാമൂഹ്യ അകലം പാലിക്കാതെയും മാസ്‌ക്‌ ഉപയോഗിക്കാതെയും കുതിക്കുന്ന   മുസ്ലീം ലീഗ്‌–- കോൺഗ്രസ്‌ അണികൾ   രോഗത്തിലേക്കാണ്‌ നേതാക്കൾ തങ്ങളെ തള്ളിവിടുന്നത്‌ എന്ന്‌ ചിന്തിക്കേണ്ട സമയമാണിത്‌. വ്യാപനം തടയാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ നീങ്ങുന്നതും സാമൂഹ്യ മാധ്യമങ്ങൾ വഴിയും മറ്റുംനടത്തുന്ന പ്രചാരണങ്ങളും തുടർന്നാൽ ജില്ല വീണ്ടും ഗുരുതരാവസ്ഥയിലേക്ക്‌ നീങ്ങും.   
മഹാമാരിയുടെ തുടക്കം മുതൽ  ജില്ലയിലെ എംപിയും എംഎൽഎമാരുമടക്കമുള്ള യുഡിഎഫ്‌ നേതാക്കൾ സ്വീകരിച്ച നിലപാട്‌ രോഗവ്യാപനത്തിന്‌ വളം വച്ചുകൊടുക്കുന്നതാണ്‌.  കോവിഡിനെ ജില്ലയിൽ ഫലപ്രദമായി നിയന്ത്രിച്ച   ജില്ലാ അധികൃതരോട്‌ ഒരു ഘട്ടത്തിൽ അവർ യുദ്ധം പ്രഖ്യാപിച്ചു.  ഇപ്പോൾ അണികളെ ഇളക്കിവിട്ടു ജനങ്ങളോടാണ്‌ യുദ്ധം നടത്തുന്നത്‌. 
മംഗളൂരുവിൽ സാമൂഹ്യ വ്യാപനത്തിന്റെ സൂചന വന്നതോടെ കാസർകോട്‌ ജില്ല കടുത്ത ഭീതിയിലാണ്‌. വെള്ളിയാഴ്‌ച മാത്രം ആറു പേരാണ്‌  മംഗളൂരുവിൽ കോവിഡ്‌ ബാധിച്ച്‌ മരിച്ചത്‌. ദക്ഷിണ കന്നഡയിൽ മരിച്ചവരുടെ എണ്ണം 36 ആയി. വെള്ളിയാഴ്‌ച  സ്ഥിരീകരിച്ച 139 പേരിൽ 44 ഉറവിടമറിയാത്തവരാണ്‌. ഹുബ്ലിയിൽ നിന്ന്‌ പനി ബാധിച്ചെത്തിയ മൊഗ്രാൽപൂത്തൂർ സ്വദേശി കഴിഞ്ഞ ദിവസമാണ്‌ മരിച്ചത്‌.  പ്രശ്‌നം രൂക്ഷമായതോടെ  മംഗളൂരുവിലേക്ക്‌ ദിവസേന പോയിവരുന്നതിന്‌  വിലക്ക്‌ ഏർപ്പെടുത്തിയിരിക്കുകയാണ്‌.  
സമ്പർക്കത്തിൽ രോഗംബാധിച്ചവരിൽ ഏറെയും മംഗളൂരുവിൽ പോയിവരുന്നവരും അവരുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവരുമാണ്‌.   കാസർകോട്‌ നഗരത്തിലെ പഴം, പച്ചക്കറി കടകളിലെ അഞ്ച്‌ ജീവനകാർക്കാണ്‌ രോഗം പകർന്നത്‌. കാസർകോട്‌ നഗരത്തിലും താലൂക്കിലും സ്ഥിതി ആശങ്കാജനകമാണ്‌. അതിർത്തിയായ മഞ്ചേശ്വരം താലൂക്കിലും സമ്പർക്കത്തിൽ രോഗം പടരുന്നുണ്ട്‌. കഴിഞ്ഞ ദിവസം ഹൊസങ്കടിയിലെ ലാബിൽ ജോലി ചെയ്യുന്ന മൂന്ന്‌ സ്‌ത്രീകൾക്കും  പഞ്ചായത്തിന്റെ  സാമൂഹ്യ അടുക്കളയിലെ രണ്ട്‌ ജീവനകാർക്കും രോഗം സ്ഥിരീകരിച്ചു. മഞ്ചേശ്വരം പൊലീസ്‌ സ്‌റ്റേഷൻ പരിധിയിൽ കടകൾ തുറക്കുന്നതിന്‌ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്‌. വെള്ളിയാഴ്‌ച മുതൽ ജില്ലയിലെ 12 മാർക്കറ്റുകൾ അടച്ചിട്ടു. ഇതുതുടർന്നാൽ ട്രിപ്പിൾ ലോക്ക്‌ ഡൗണും മറ്റ്‌ നിയന്ത്രണങ്ങളും വീണ്ടും വേണ്ടിവരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top