29 March Friday

സമഗ്ര കായിക വികസന പദ്ധതി പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 11, 2021

കാഞ്ഞങ്ങാട്‌

ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ‘ഓൺ യുവർ മാർക്ക് സമഗ്ര കായിക വികസന പദ്ധതി’ പ്രകാശനവും അവാർഡ് വിതരണവും  പടന്നക്കാട് നെഹ്‌റു കോളേജിൽ നടന്നു. കേരളാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി  സുനിൽകുമാർ  പ്രകാശിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ടി വി ബാലൻ അധ്യക്ഷനായി. ഡോ. എം കെ രാജശേഖരൻ പരിചയപ്പെടുത്തി. നഗരസഭാ ചെയർപേഴ്‌സൺ കെ വി സുജാത മുഖ്യാതിഥിയായി. ജനറൽ സെക്രട്ടറി എസ്‌ രാജീവ്‌ അവാർഡ്‌ നൽകി.  
ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി ഹബീബ് റഹ്മാൻ, കാസർകോട് വികസന പാക്കേജ് പ്രോജക്ട് ഓഫീസർ ഇ പി രാജ്‌മോഹൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ, കാഞ്ഞങ്ങാട് ഡിവൈഎസ്‌പി ഡോ. വി ബാലകൃഷ്ണൻ,  ജോയ് മാരൂർ, കെ രാമനാഥ് എന്നിവർ  സംസാരിച്ചു. എം അച്യുതൻ സ്വാഗതവും വി വി വിജയമോഹൻ നന്ദിയും പറഞ്ഞു.
358.14 കോടിയുടെ പദ്ധതി 
കാസർകോട്
 ഓൺ യുവർ മാർക്ക് സമഗ്ര കായിക വികസന പ്രൊജക്ടിൽ 358.14 കോടി രൂപയുടെ പദ്ധതികൾക്ക്‌ രൂപം നൽകി. പ്രതിഭയുള്ള കുട്ടികളെ കണ്ടെത്തി ദേശീയ അന്തർദേശീയ നിലവാരത്തിൽ വളർത്തിയെടുക്കുകയാണ്‌ ലക്ഷ്യം.
ജില്ലയിലെ 37 കായിക ഇനങ്ങളെ ഉൾപ്പെടുത്തിയാണ് പ്രോജക്ട് . സ്റ്റേഡിയം (64.2 കോടി), മൾട്ടി പർപ്പസ് ഇൻഡോർ സ്‌റ്റേഡിയം 72 കോടി, പ്രാക്ടീസ് ഗ്രൗണ്ട് 119 കോടി, സ്പോർട്സ് അക്കാദമി ഹോസ്റ്റൽ 63 കോടി, പരിശീലനത്തിനും കായികോപകരണങ്ങൾക്കും 10.94 കോടി, മറ്റ് നിർമാണ പ്രവർത്തനങ്ങൾക്ക്‌ 29 കോടി രൂപ എന്നിവയാണ്  ഉള്ളത്. 
പ്രൈമറി തലത്തിൽ സ്ഥിരം കായികപരിശീലനം, അന്താരാഷ്ട്ര നിലവാരമുള്ള സ്‌റ്റേഡിയം, എല്ലാ പഞ്ചായത്തിലും നഗരസഭകളിലും നീന്തൽകുളം, എല്ലാ സ്കൂളുകളിലും കോർട്ട്,  കായിക മേഖലയിലെ കുട്ടികൾക്ക് തുടർപഠനത്തിന് അവസരം സൃഷ്ടിക്കുക, കോച്ചുമാരുടെ സേവനം ലഭ്യമാക്കുക, കായിക സഹകരണ സംഘം രൂപീകരിക്കുക, സ്പോർട്സ് ആശുപത്രി, സ്പോർട്സ് എക്സിബിഷൻ, വനിതകൾക്ക്  പ്രതിരോധ പരിശീലനം തുടങ്ങിയവയെല്ലാമുണ്ട്‌.   
ഒളിമ്പിക്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ ടിവി ബാലൻ,  സെക്രട്ടറി എം അച്യുതൻ , ഡോ.എം കെ രാജശേഖരൻ എന്നിവരുടെ നേതൃത്വത്തിലാണ് തയാറാക്കിയത്. പി പി അശോകൻ, എം ധനേഷ്‌ കുമാർ,ഇന്ത്യൻ വനിതാ വോളിബോൾ ടീം മുൻകോച്ച്‌  ടി ബാലചന്ദ്രൻ, കണ്ണൂർ സർവകലാശാല കായികവിഭാഗം അസി. ഡയറക്‌ടർ ഡോ അനൂപ്‌, ടി സി ജീന എന്നിവരും സഹായിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top