23 April Tuesday

സെറ്റാകുന്നു കിറ്റ്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022

നീലേശ്വരം കണിച്ചിറ നന്മ കുടുംബശ്രീ യൂണിറ്റിന്റെ മഹിമ കാറ്ററിങ്‌ യൂണിറ്റിൽ ശർക്കരവരട്ടി പായ്‌ക്ക്‌ ചെയ്യുന്നു

കാഞ്ഞങ്ങാട്‌ 
ഓണത്തിന് സംസ്ഥാന സർക്കാരിന്റെ ഭക്ഷക്കിറ്റ്‌ വിതരണം ചെയ്യാൻ  ജില്ലയിൽ വിപുലമായ തയ്യാറെടുപ്പ്‌. ജില്ലയിലെ 49 സപ്ലൈകോ കേന്ദ്രങ്ങളിലൂടെയാണ്‌ ഓണക്കിറ്റ്‌ തയ്യാറാക്കുന്നത്‌.
ഓരോ കേന്ദ്രത്തിൽ നിന്നും അയ്യായിരം മുതൽ പതിനായിരം കിറ്റുകളാണ്‌ തയ്യാറാകുന്നത്‌. സപ്ലൈകോയിൽ നിന്നും എത്തിക്കുന്ന 50 കിലോ ചാക്കുകളിൽ നിന്ന്‌ കണക്കുപ്രകാരമുള്ള 13 ഭക്ഷ്യവിഭവങ്ങളുടെ തുണിസഞ്ചികളാണ്‌ തയ്യാറാക്കുന്നത്‌. അവധിയില്ലാതെ മൂവായിരത്തിലധികം തൊഴിലാളികളാണ്‌ കിറ്റ്‌ ഒരുക്കുന്നത്‌. 
 ജില്ലയിലെ 3.36 ലക്ഷം റേഷൻ കാർഡുടമകൾക്കാണ്‌ കിറ്റ്‌ നൽകുന്നത്‌.  ഹൊസ്‌ദുർഗ്‌: 1.20 ലക്ഷം, കാസർകോട്‌: 99,462, മഞ്ചേശ്വരം: 66,599, വെള്ളരിക്കുണ്ട്‌: 49,812 കിറ്റുകളുമാണ്‌ വേണ്ടത്‌. 
ഓണത്തിന്‌ 13 ഇനങ്ങൾ സബ്‌സിഡി നൽകുന്ന കൺസ്യൂമർഫെഡ്‌ ചന്തകളും തുറക്കുന്നതോടെ പൊതുവിപണയിലെ വിലക്കയറ്റം വലിയ തോതിൽ നിയന്ത്രിക്കാനാകും. 
 
മധുരം കുടുംബശ്രീ വക
നീലേശ്വരം
ഓണക്കിറ്റിലുള്ള ശർക്കര വരട്ടി തയ്യാറാകുന്നത്‌ കുടുംബശ്രീ യൂണിറ്റുകൾ. കണിച്ചിറ നന്മ കുടുംബശ്രിക്ക് കീഴിലുള്ള മഹിമ കാറ്ററിങ്‌ യൂണിറ്റ്‌ 11000 എണ്ണം തയ്യാറാക്കുന്നുണ്ട്‌. ആദ്യഘട്ടത്തിൽ  ഒമ്പതിനായിരം പാക്കറ്റുകൾ തയ്യാറാക്കി കാഞ്ഞങ്ങാട് സപ്ലൈകോ ഡിപ്പോയിലെത്തിക്കുന്ന തിരക്കിലാണ് കണിച്ചിറയിലെ കുടുംബശ്രീക്കാർ. 
 കെ മനിഷ.  പ്രീതാ സുനിൽ, കൽപ്പന സുനിൽ, ഷൈമ ഉണ്ണി എന്നിവരാണ്‌ ജോലിക്കാർ. 100 ഗ്രാം വീതമുള്ള ശർക്കര വരട്ടി പാക്ക് ചെയ്യാൻ പുറത്ത് നിന്ന് കൂലിക്കും സ്ത്രീകളെ കൂട്ടുന്നുണ്ട്. 27 രൂപയാണ്‌ പാക്കറ്റിന്‌ ലഭിക്കുക. നേന്ത്രക്കായക്ക്‌ വില കൂടിയത്‌ ഇവരെ ബാധിച്ചു.  പച്ചക്കായക്ക് 38 മുതൽ 45 രൂപ വരെ വിലയുണ്ട്.
 ജില്ലയിൽ 289500 പാക്കറ്റാണ്‌ വേണ്ടത്‌. ജില്ലാമിഷൻ 23 കുടുംബശ്രി യുണിറ്റുകൾക്ക് ചുമതല നൽകിയിട്ടുണ്ട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top