25 April Thursday
നിത്യേന 3000 രൂപയോളം നഷ്ടം

ബസ്‌ സർവീസിനും 
ട്രാഫിക്‌ ബ്ലോക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022

കാസർകോട്‌ പഴയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത്‌ റോഡരികിൽ നിർത്തിയിട്ട സ്വകാര്യ ബസ്സുകൾ

കാസർകോട്‌
ദേശീയപാത ആറുവരി പാതയാക്കൽ ആരംഭിച്ചതിനൊപ്പം റോഡിലെ കുഴികളും ഗതാഗതക്കുരുക്കും കാരണം സമയനിഷ്‌ഠ പാലിക്കാനാകാതെ സ്വകാര്യ ബസുകൾ. രാവിലെയും വൈകിട്ടുമാണ്‌ ഏറെ പ്രയാസം അനുഭവിക്കുന്നത്‌. കാസർകോടുനിന്നും തലപ്പാടി, കുമ്പള, ചെർക്കള ഭാഗങ്ങളിലേക്ക്‌ സർവീസ്‌ നടത്തുന്ന ബസ്സുകൾക്കാണ്‌ സമയം പാലിക്കാനാകാതെ ട്രിപ്പുകൾ ഒഴിവാക്കേണ്ടി വരുന്നത്‌. ഇത്‌ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ വലയ്‌ക്കുകയാണ്‌. ഒറ്റപ്പെട്ട ബസ്‌ സർവീസ്‌ മാത്രമുള്ള പ്രദേശത്തെ യാത്രക്കാർ വലിയ തുക നൽകി ടാക്‌സി വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. സർക്കാർ ഓഫീസുകൾ, സ്‌കൂളുകൾ, കടകൾ തുടങ്ങി നൂറിലേറെ സ്ഥാപനങ്ങൾ കാസർകോട്‌ നഗരത്തിലുണ്ട്‌. ബസ്‌ യാത്രക്കാരായ ജോലിക്കാർക്ക്‌ ഗതാഗതക്കുരുക്കിൽപെട്ട്‌ കൃത്യസമയത്ത്‌ എത്താനുമാകുന്നില്ല.
കാസർകോട്‌ നഗരത്തിലെമ്പാടും അനധികൃത പാർക്കിങ്ങാണ്‌. സ്വകാര്യ ബസ്സുകൾക്കെതിരെ ചെറിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി പിഴയീടാക്കുന്ന മോട്ടോർ വാഹന വകുപ്പ്‌ ഉദ്യോഗസ്ഥർ അനധികൃത പാർക്കിങ്ങിനെതിരെ നടപടിയെടുക്കാൻ തയ്യാറാകുന്നില്ല.  നഗരത്തിലെത്തുന്ന സ്വകാര്യ ബസ്സുകൾ നിർത്തിയിടാൻ ഇടമില്ലാതെ ജീവനക്കാരും വിഷമിക്കുകയാണ്‌. ഭക്ഷണം കഴിക്കാൻപോലും ബസ്‌ നിർത്തിയിടാൻ നഗരത്തിൽ ഇടമില്ല. കാഞ്ഞങ്ങാട്‌, നീലേശ്വരം ഉൾപ്പെടെയുള്ള ടൗണുകളിൽ നഗരഭരണക്കാർ സൗകര്യമൊരുക്കാറുണ്ടെങ്കിലും ഇവിടെ ഇതൊന്നുമില്ല. റോഡിലെ കുഴികളും ദേശീയപാത നിർമാണത്തിന്റെ ഭാഗമായുള്ള നിയന്ത്രണവും സ്വകാര്യ ബസ്സുകളെ കടുത്ത പ്രതിസന്ധിയിലേക്ക്‌ തള്ളിവിടുകയാണ്‌. ട്രിപ്പ്‌ ഒഴിവാക്കുന്നതിലൂടെയും അറ്റകുറ്റപ്പണിക്കുമായി മൂവായിരത്തോളം രൂപ നിത്യേന നഷ്ടം വരുന്നതായി ബസ്സുടമകൾ പറയുന്നു. കണ്ടെയ്‌നർ, ടാങ്കർ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ നഗരത്തിലേക്കെത്താതെ വഴിതിരിച്ചുവിട്ടാൽ ചെറിയ തോതിലെങ്കിലും ഗതാഗതക്കുരുക്കിന്‌ പരിഹാരമാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top