26 April Friday

നിസ്സഹകരിച്ച്‌ 
പണികൊടുക്കാൻ എ ഗ്രൂപ്പ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jun 11, 2023
കാസർകോട്‌ 
ബ്ലോക്ക്‌ പുനസംഘടനയിൽ മുട്ടൻ പണി കിട്ടിയ ജില്ലയിലെ എ ഗ്രൂപ്പ്‌ നേതാക്കൾ എല്ലാ പാർടി പരിപാടികളിൽ നിന്നും വിട്ടുനിന്ന്‌ തിരിച്ചടിക്കാൻ ഒരുങ്ങുന്നു. ആദ്യഘട്ടമായി, വെള്ളിയാഴ്‌ച ചേർന്ന ഡിസിസി യോഗം ബഹിഷ്‌കരിച്ചു. ബ്ലോക്ക്‌ അധ്യക്ഷന്മാർക്കുള്ള സംസ്ഥാന ക്യാമ്പും ഇവർ ബഹിഷ്‌കരിക്കും. ഉമ്മൻ ചാണ്ടിയോട്‌ അടുത്തുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാന പ്രകാരമാണിത്‌.
ജില്ലയിലെ പ്രധാന എ ഗ്രൂപ്പ്‌ നേതാക്കളായ ഹക്കീം കുന്നിലും എ ഗോവിന്ദൻ നായരും  തമ്മിലടിച്ച്‌ ഗ്രൂപ്പിനെ ഇല്ലാതാക്കി എന്നാണ്‌ ശേഷിച്ച എ ഗ്രൂപ്പുകാർ പറയുന്നത്‌. മൊത്തം 11 ബ്ലോക്കുകളിൽ നേരത്തെ ആറെണ്ണം എ ഗ്രൂപ്പിനും അഞ്ചെണ്ണം ഐ ഗ്രൂപ്പിനുമായിരുന്നു. പുനഃസംഘടന കഴിഞ്ഞപ്പോൾ രണ്ടിടത്ത്‌  മാത്രമെ ഒറിജിനൽ എ ഗ്രൂപ്പിന്‌ അധ്യക്ഷ പദവിയുള്ളൂ. രാജ്‌മോഹൻ ഉണ്ണിത്താൻ സ്വാധീനം ചെലുത്തി സ്വന്തക്കാരെ തിരുകിക്കയറ്റി എന്നും ആക്ഷേപമുണ്ട്‌. മറ്റ്‌ ആക്ഷേപങ്ങളില്ലാത്ത മുഴുവൻ സമയ പ്രവർത്തകരാകണം ബ്ലോക്ക്‌ അധ്യക്ഷന്മാരെന്ന ധാരണയും ജില്ലയിൽ അട്ടിമറിച്ചുവെന്നും എ ഗ്രൂപ്പുകാർ പരാതിപ്പെടുന്നു. എ ഗ്രൂപ്പിനൊപ്പമുണ്ടായിരുന്ന മഹിള, കെഎസ്‌യു അധ്യക്ഷ സ്ഥാനങ്ങളും നഷ്ടമായി. മുമ്പ്‌ കാസർകോട്‌, കുമ്പള ബ്ലോക്കുകളിൽ മുസ്ലീം വിഭാഗത്തിനായിരുന്നു അധ്യക്ഷ സ്ഥാനം. ഇത്തവണ അതും ഉണ്ടായില്ല.
വെള്ളിയാഴ്‌ചത്തെ ഡിസിസി യോഗത്തിൽ ആറ്‌ കെപിസിസി അംഗങ്ങളും ഡിസിസി ഭാരവാഹികളായ പത്തുപേരും ആറ്‌ ബ്ലോക്ക്‌ പ്രസിഡന്റുമാരുമാണ്‌ ബഹിഷ്‌കരിച്ചത്‌. പാർലമെന്റ്‌ തെരഞ്ഞെടുപ്പിന്റെ ഒരുക്കം ചർച്ചചെയ്യാൻ ഉണ്ണിത്താൻ ഇടപെട്ട്‌ വിളിച്ച യോഗമാണ്‌ പകുതിയോളം പേർ വിട്ടുനിന്നതിനാൽ വെറുതെയായത്‌.

എക്കാർക്ക്‌ പാരയായത്‌ തമ്മിലടി

ഉദുമയിലടക്കം തമ്മിലടിച്ചതാണ്‌ അധ്യക്ഷസ്ഥാനം നഷ്ടമാകാൻ എ ഗ്രൂപ്പിന്‌ കാരണമായത്‌.  ഗ്രൂപ്പിലെ മൂന്ന്‌ പ്രമുഖരാണ്‌  ഇഷ്ടക്കാർക്കായി ഉദുമയിൽ ചരടുവലിച്ചത്‌. ഇതോടെ ചിത്രത്തിലില്ലാതിരുന്ന ഐ ഗ്രൂപ്പിലെ കെ വി ഭക്തവത്സലൻ ചുളുവിൽ അധ്യക്ഷനായി. കാലങ്ങളായി ഉദു എ ഗ്രൂപ്പിന്റേതാണ്‌. ഹക്കീം കുന്നിലും എ ഗോവിന്ദൻ നായരും ബാലകൃഷ്‌ണൻ പെരിയയുമാണ്‌  സ്വന്തക്കാർക്കായി കച്ചമുറുക്കിയത്‌. ഒടുവിൽ സമവായമെന്ന നിലയിലാണ്‌ ഭക്തവത്സലന്റെ പേരുവന്നത്‌. 
കാറഡുക്ക, ബളാൽ, കാഞ്ഞങ്ങാട്‌ അധ്യക്ഷന്മാർക്കെതിരെയും പരാതി കൂടി.  കാഞ്ഞങ്ങാട്ട്‌ എ ഗ്രൂപ്പ്‌  നിർദേശിച്ച നോയലിന് പകരം ഉമേശൻ ബേളൂരിനെ ബ്ലോക്ക്‌ പ്രസിഡന്റാക്കിയത്‌ കൈയാങ്കളിയിലേക്ക്‌ നീങ്ങിയിരുന്നു. ചോയ്യങ്കോട്ടെ ഒരു സഹകരണ സംഘത്തിൽ ക്രമക്കേട്‌ കാട്ടിയെന്ന ആരോപണം എതിർപക്ഷക്കാർ ഉമേശനെതിരെ ഉന്നയിക്കുന്നുണ്ട്‌. കാറഡുക്ക ബ്ലോക്ക്‌ അധ്യക്ഷനായ വി ഗോപകുമാർ സഹകരണ ബാങ്ക്‌ ജീവനക്കാരനായതിനാൽ മാനദണ്ഡം ലംഘിച്ചുവെന്നാണ്‌ പരാതി. ബളാലിൽ സ്ഥലത്തു തന്നെയില്ലാത്ത ബിനോയ്‌ ആന്റണിയാണ്‌ അധ്യക്ഷൻ. വിവാദമായതോടെ, ചുമതല ഏറ്റെടുക്കില്ലെന്ന്‌ ബിനോയ്‌ നേതൃത്വത്തെ അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top