20 April Saturday

കൃപേഷിന്റെ കരവിരുതിൽ 
കമനീയ രൂപങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022

കൃപേഷ്‌ ചിരട്ടയിൽ ശിൽപ്പങ്ങൾ തീർക്കുന്നു

കാഞ്ഞങ്ങാട്‌ 

അച്ഛൻ ചിരട്ടയിൽ പണിത സുന്ദരശില്പങ്ങൾ മറ്റാരും തൊടുന്നത്  കുഞ്ഞു ശ്രീവേദിന് ഇഷ്ടമല്ല. പാതി തളർന്ന ശരീരവും തളരാത്ത മനസ്സുമായി  കൃപേഷ് കൊത്തിമിനുക്കി പണിത ശില്പങ്ങളുടെ അധ്വാനവും വിലയും മനസ്സിലാക്കിയപോലെയാണ് ഈ കുരുന്നിന്റെ ഇടപെടൽ. മാസ്‌ക്കുലർ ഡിസ്ട്രോഫി  രോഗം ബാധിച്ച് ഇരുകാലുകളും തളർന്ന കൃപേഷിന്‌ ചിരട്ടകളുടെ ലോകം ജീവിതത്തിലെ വെളിച്ചമാവുകയാണ്. 
കരുത്തായി കൂട്ടിന് ഭാര്യ രഞ്ജിതയും മക്കൾ ശിവദയും ശ്രീവേദുമുണ്ട്. ജനിതക മാറ്റത്തിന് വിധേയമായി പേശികൾ ഘട്ടംഘട്ടമായി തളരുന്നു. ഇരുകാലുകളും തളർന്നു. കൈയിലേക്കും തളർച്ച പടരുന്നു. ശസ്‌ത്രക്രിയ നിർദേശിച്ചെങ്കിലും ഭേദമാകാനുള്ള സാധ്യത കുറവായതും കടുത്ത സാമ്പത്തിക പ്രതിസന്ധിയും അലട്ടുന്നു. മംഗളൂരു ശാന്തരാം ഷെട്ടി, ബംഗളൂരു സായി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ ചികിത്സക്കുശേഷം വിവിധ ആയുർവേദ ചികിത്സകളും പരീക്ഷിച്ചു. നാട്ടിൽ ടൈൽ, തേപ്പ് പണികൾക്കിടെ 2011 ൽ ദുബായ്‌  റിഗ്ഗയിൽ ജിം ഇൻസ്‌ട്രക്ടറായി ജോലിയിൽ പ്രവേശിച്ചു. രണ്ടുമാസം മാത്രമേ ജോലിയിൽ തുടരാനായുള്ളൂ.  കാലിന്റെ വലിവും കടുത്ത ശാരീരിക അവശതകളും കാരണം നാട്ടിലേക്ക് മടങ്ങി. രണ്ട് വർഷമായി ചിരട്ടകൊണ്ടുള്ള വിവിധ രൂപങ്ങളുണ്ടാക്കി ആളുകൾക്ക് നൽകുന്നു.  ഉൽപ്പന്നങ്ങൾക്ക് നാട്ടിൽ ആവശ്യക്കാരുണ്ട്. കിച്ചൺ സെറ്റ്, മൊബൈൽ സ്റ്റാൻഡ്‌ തുടങ്ങി വിവിധ ഉൽപ്പന്നങ്ങളും  കൃപേഷിന്റെ കരവിരുതിൽ ഒരുങ്ങുന്നു. സാമ്പത്തികമായി ഒന്നും പ്രതീക്ഷിക്കാതെ ആവശ്യക്കാർക്ക് സാധനങ്ങൾ നൽകിയിരുന്നു. എന്നാൽ  സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഇപ്പോൾ ഉപഭോക്താക്കൾ തരുന്നത് വാങ്ങും. chiratta9 എന്ന ഇൻസ്റ്റാഗ്രാംപേജിൽ നിരവധി അന്വേഷണം വരാറുണ്ട്. കൃപേഷിന്റെ കഴിവുകൾ ജനങ്ങളിലേക്കെത്തിക്കാൻ വിവിധ ഉൽപ്പന്നങ്ങളുടെ പ്രദർശനം നടത്താനുള്ള ഒരുക്കത്തിലാണ് ഡിവൈഎഫ്ഐ നെല്ലിക്കാട്ട് സെക്കൻഡ്‌ യൂണിറ്റും ജനമിത്ര കലാസാംസ്കാരിക വേദി പ്രവർത്തകരും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top