19 April Friday

എല്ലാവരിലുമുണ്ട്‌ സംഗീതം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022
കാഞ്ഞങ്ങാട്‌
ജാതി, മത, വർഗ, വർണഭേദമില്ലാതെ മനുഷ്യമനസ്സിനെ ഒന്നിപ്പിക്കാൻ ഏറ്റവും നല്ല മാർഗം സംഗീതമെന്ന്‌ തിരിച്ചറിയുന്ന ഇടയനാണ് ഫാ. ലൂയി മരിയാദാസ് മേനാച്ചേരി.
  പയ്യന്നൂരിലെ തുരീയം സംഗീതോത്സവത്തിൽവച്ച്‌ ചായ്യോത്ത് വിശുദ്ധഅൽഫോൻസ തീർഥാടന ദേവാലയത്തിലെ വികാരി മരിയാദാസച്ചനെ ആദരിച്ചപ്പോഴാണ്‌  പുരോഹിതനിലെ സംഗീതജ്‌ഞനെ നാടറിഞ്ഞത്. ഒരു വ്യാഴവട്ടക്കാലം പിന്നിട്ട സംഗീത സപര്യയ്ക്കുള്ള അംഗീകാരമായി  ഗോവ ഗവർണർ പി എസ്‌ ശ്രീധരൻ പിള്ളയാണ്‌  പുരസ്‌കാരം  നൽകിയത്. 
ഗ്രാസിയ ഇന്റർ നാഷണൽ ആർട്ട്സ് അക്കാദമി എന്ന പേരിൽ നീലേശ്വരത്ത് സംഗീത അക്കാദമി തുടങ്ങിയത്‌ വലിയ ലക്ഷ്യത്തോടെയാണ്‌. സംഗീതത്തെ ജനകീയവത്കരിക്കുകയാണ്  ലക്ഷ്യം. പണമില്ലെന്ന ഒറ്റക്കാരണംകൊണ്ട് ഇവിടെ ഒരാളുടെയും സംഗീതപഠനം മുടങ്ങില്ല. ഇവിടെ നിശ്ചിത ഫീസില്ല. ഓരോ കുട്ടിയും അവരാൽ കഴിയുന്ന തുക സംഭാവനയായി നൽകുകയാണ്.
ലണ്ടൻ ട്രിനിറ്റി കോളജ് ഓഫ് മ്യൂസിക്കിലെ സിലബസാണ് പിന്തുടരുന്നത്. കുട്ടികൾക്ക് സൗജന്യമായി സംഗീതോപകരണം നൽകാനും പദ്ധതിയുണ്ട്. എല്ലാ ജില്ലകളിലും ഇത്തരം അക്കാദമി തുടങ്ങുകയാണ് ലക്ഷ്യമെന്നും മരിയാദസച്ചൻ പറയുന്നു. 60 ഗാനങ്ങ‍ൾ രചിച്ച്‌  ഈണം നൽകി.  സെമിനാരി പഠനകാലത്താണ് ശാസ്ത്രീയമായി സംഗീതം പഠിച്ചത്. ആലപ്പി രംഗനാഥ്, ഹാരിസ് ഭായ്, ഓമനക്കുട്ടൻ എന്നിവരെ ഗുരുക്കന്മാരായി ലഭിച്ചു.  സംഗീതത്തിൽ ബിരുദാനന്തര ബിരുദമുണ്ട്‌.  2018ലെ കണ്ണൂർ സർവകലാശാല കലോത്സവത്തിൽ മലയാളം കവിതാലാപനത്തിൽ ഒന്നാം സമ്മാനം നേടി.  സ്വന്തമായി രചിച്ച ‘അമ്മ' എന്ന കവിതയാണ് അന്ന്‌ചൊല്ലിയത്. 
തലശേരി അതിരൂപതയുടെ കർഷകപ്രക്ഷോഭത്തിന്റെ പ്രചാരണഗാനം കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ചപ്പോൾ അതിന് ഈണം നൽകി.  
ജാസി ഗിഫ്റ്റും ദേവനന്ദ രാജുവും ആലപിച്ച്‌ കഴിഞ്ഞ ഓണത്തിന് പുറത്തിറക്കിയ ‘തുപ്പപ്പൂവിൽ മുത്തം വെയ്ക്കണ' എന്ന ഗാനവും  ശ്രദ്ധിക്കപ്പെട്ടു. ദേശീയോദ്ഗ്രഥനം കലകളിലൂടെ എന്ന സന്ദേശവുമായി 2010ൽ ചെമ്പേരിയിൽ നടന്ന സംഗീതപരിപാടിയിൽ മോഹൻ സിത്താര, മധു ബാലകൃഷ്ണൻ, വിധു പ്രതാപ്, മഞ്ജരി, അൻവർ സാദത്ത് എന്നിവരടക്കമുള്ള അഞ്ഞൂറോളം കലാകാരന്മാരെ പങ്കെടുപ്പിക്കാൻ ഫാ. മരിയാദാസിനായി. 
ഇരിട്ടി ഉളിക്കൽ പുറവയലിലെ പരേതനായ മേനാച്ചേരി തോമസിന്റെയും മേരിയുടെയും മൂത്തമകനാണ്. രമ്യ, സുജിത്, സിസ്റ്റർ അമല എസ്എച്ച് (മംഗളൂരു) എന്നിവർ സഹോദരങ്ങളാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top