26 April Friday

ലഹരിക്കെതിരെ കച്ചമുറുക്കി

വെബ് ഡെസ്‌ക്‌Updated: Saturday Oct 8, 2022

ശരീരം ക്യാൻവാസാക്കി പ്രതികരിക്കുന്ന സുരേന്ദ്രൻ കൂക്കാനത്തിന്റെ ദേഹത്ത്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി ലഹരിവിരുദ്ധ മുദ്രാവാക്യങ്ങളെഴുതുന്നു.

 നീലേശ്വരം

ലഹരിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കാൻ  മാതൃകാ പ്രതിരോധ പ്രവർത്തനവുമായി ജില്ലാ കുടുംബശ്രീ മിഷൻ. കാസർകോട് ജില്ലാ മിഷന്റെ നേതൃത്വത്തിൽ സുരക്ഷാശ്രീ  എന്ന പേരിൽ ജനകീയ പ്രചാരണ പരിപാടികൾക്ക് മടിക്കൈ ബങ്കളത്ത് തുടക്കമായി.  സുരക്ഷിത ബാല്യം, കൗമാരം, സംതൃപ്തകുടുംബം എന്ന ആശയം സമൂഹത്തിലേക്കെത്തിക്കാനുള്ള ലഹരിവിരുദ്ധ പ്രചാരണ പ്രവർ ത്തനത്തിന്റെ ജില്ലാ ഉദ്ഘാടനം  കക്കാട്ട്‌ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്  പി ബേബി   നിർവഹിച്ചു.  മുഴുവൻ കുടുംബശ്രീ അയൽക്കൂട്ടങ്ങളിലും ജെൻഡർ റിസോഴ്സ് സെന്ററുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബാലസഭകളിലും  ലഹരിവിരുദ്ധ പ്രചാരണവും  വ്യത്യസ്ത പ്രവർത്തനങ്ങളും  നടക്കും.   മടിക്കൈ  പഞ്ചായത്ത് പ്രസിഡന്റ്‌ വി പ്രകാശൻ അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ ടി  ടി സുരേന്ദ്രൻ,  സിനിമാനടൻ പി  പി കുഞ്ഞികൃഷ്ണൻ,  പ്രകാശൻ പാലായി സംസാരിച്ചു. സിഎച്ച്‌ ഇക്ബാൽ ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലി.   വെള്ള പ്രാവിനെ പറത്തി. വത്സൻ പിലിക്കോട് സ്വാഗതവും പി വിജയൻ നന്ദിയും പറഞ്ഞു.
 
വരച്ചും  മുദ്രാവാക്യം  
ദേഹത്തെഴുതിയും 
നീലേശ്വരം
ലഹരി പ്രതിരോധ പ്രവർത്തനത്തിനായി ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ തുടങ്ങുന്ന  സുരക്ഷാ ശ്രീ പദ്ധതിയുടെ ഉദ്ഘാടന വേദിയിൽ ലഹരിക്കെതിരെ ശ്രദ്ധേയമായ ബോധവൽക്കരണ പ്രവർത്തനവുമായി  കൂക്കാനം സുരേന്ദ്രൻ. സ്വന്തം ശരീരം ക്യാൻവാസാക്കി  ജുബ്ബയിലും മുഖത്തും ലഹരിവിരുദ്ധ മുദ്രാവാക്യങ്ങളും വരകളും നിറഞ്ഞപ്പോൾ കാണികൾക്കും കൗതുകമായി.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി ലഹരി വിരുദ്ധ മുദ്രാവാക്യങ്ങളെഴുതി.   പങ്കെടുത്തവരും പ്രതികരണങ്ങളെഴുതി. തുടർന്ന് ഏകാംഗ സംഗീതശില്പവും സുരേന്ദ്രൻ കൂക്കാനം അവതരിപ്പിച്ചു.
 
പിടിക്കാൻ മിന്നൽസേന
നീലേശ്വരം
കുടുംബശ്രീയും ലഹരിവിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി മിന്നൽ സേനയും കിയോസ്‌ക്കുകളും സ്ഥാപിക്കും. ഓരോ പ്രദേശത്തും 10 പേരടങ്ങുന്ന സ്ത്രീകളുടെ സംഘമായ മിന്നൽ സേന രാത്രിയിലെ മദ്യ,  ലഹരി വിൽപ്പന കേന്ദ്രങ്ങളെ കണ്ടെത്തി പിടിക്കും.  ഇതിന് പൊലീസിന്റെയും എക്സൈസിന്റെയും പൂർണപിന്തുണയുമുണ്ടാവും. സ്കൂൾ കോമ്പൗണ്ടിനകത്ത് കുടുംബശ്രീയുടെ ചെറിയ കിയോസ്‌ക്കുകൾ സ്ഥാപിക്കും.  കുട്ടികൾക്കാവശ്യമായ സാധനങ്ങൾ ഇവിടെയൊരുക്കും. ഇതിലൂടെ കുട്ടികൾ കോമ്പൗണ്ടിന് പുറത്തേക്ക് പോകുന്നത് ഒഴിവാക്കാനാകും. സ്കൂളുകളും പരിസരവും സ്ഥിരംനിരീക്ഷിക്കാനും സാധിക്കും.
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top