27 April Saturday

കെല്ലിന്‌ 10 കോടി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023

സംസ്ഥാന സർക്കാർ ഏറ്റെടുത്ത ബദ്രഡുക്കയിലെ കെൽ ഇലക്‌ട്രിക്കൽ മെഷീൻസ്‌ ലിമിറ്റഡ്‌

കാസർകോട്‌ 
കേന്ദ്രം വിൽക്കാൻ വച്ച്‌ സംസ്ഥാനം ഏറ്റെടുത്ത കെൽ ഇലക്‌ട്രിക്കൽ മെഷീൻസ്‌ ലിമിറ്റഡിന്‌ ബജറ്റിൽ 10 കോടിയുടെ സഹായം. കമ്പനിയുടെ പുനരുജ്ജീവനത്തിനാണ്‌ ഫണ്ട്‌ വിനിയോഗിക്കുക. ഏറ്റെടുത്ത ശേഷം പുതിയ ആധുനിക യന്ത്രസംവിധാനം സ്ഥാപിക്കാൻ 42 കോടി രൂപ വകയിരുത്തിയിരുന്നു. 
കേന്ദ്രസർക്കാർ സ്ഥാപനമായിരുന്ന ബെൽ  മൂന്നുവർഷത്തോളമാണ്‌ പൂട്ടിയിട്ടത്‌. കേന്ദ്രം വിറ്റൊഴിക്കാൻ വച്ച സ്ഥാപനം ഇനി ഒരിക്കലും തുറക്കില്ലെന്ന്‌  കരുതിയിടത്തുനിന്നാണ്‌ സംസ്ഥാനം ഊർജം നൽകിയത്‌.
പ്രതിരോധ മേഖലയിലേക്കും റെയിൽവേക്കും ആവശ്യമായ ഉപകരണങ്ങൾ നേരത്തെ കെൽ ഇഎംഎൽ നിർമിച്ചിരുന്നു. പുറമേ റെയിൽവേക്കുവേണ്ട ജനറേറ്റർ, ട്രാക്‌ഷൻ ആൾട്ടർനേറ്റർ, ട്രാക്‌ഷൻ മോട്ടോർ, വൈദ്യുതവാഹനങ്ങൾക്കാവശ്യമായ മോട്ടോർ, ചാർജർ, വൈദ്യുതി വാഹനങ്ങൾക്കാവശ്യമായ മോട്ടോർ എന്നിവ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌.  
20 കോടി രൂപ ഉപയോഗിച്ചു ഫാക്ടറി കെട്ടിടവും യന്ത്രസാമഗ്രികളും അറ്റകുറ്റപ്പണി നടത്തി പ്രവർത്തന സജ്ജമാക്കി. ജീവനക്കാരുടെ ശമ്പള കുടിശികയും വിതരണം ചെയ്‌തു. കെല്ലിന്‌ പത്തുകോടി അനുവദിച്ച സംസ്ഥാന സർക്കാരിനെ സിഐടിയു ജില്ലാകമ്മിറ്റി അഭിവാദ്യംചെയ്‌തു. 
വിപണി സാധ്യത 
വിശാലം
കെൽ ഇഎംഎൽ  പൂർണതോതിൽ പ്രവർത്തനസജ്ജമാവുന്നതോടെ   ഉൽപന്നങ്ങൾക്കുള്ള വിപണന സാധ്യത അനന്തമാണ്‌. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഇലക്‌ട്രിക്കൽ വാഹനങ്ങൾക്കാവശ്യമായ ഉപകരണങ്ങൾ ഉൽപാദിപ്പിക്കുന്ന ഹബ്ബാവാനുള്ള സംവിധാനങ്ങളും ശേഷിയും കൈവരിക്കാൻ പ്രയാസമുണ്ടാവില്ല.  ട്രാക്ഷൻ ഓൾട്ടനേറ്റർ, ട്രാക്ഷൻ മോട്ടോർ, ഇലക്ട്രിക്ക് വാഹനങ്ങൾക്കാവശ്യമായ മോട്ടോർ, ഇലക്ട്രിക് വാഹനങ്ങളുടെ ചാർജർ തുടങ്ങിയവയിലാണ്‌ തുടക്കത്തിൽ കേന്ദ്രീകരിക്കുന്നത്‌. വൈദ്യുതി ബോർഡിന് സ്മാർട്ട് മീറ്റർ നിർമിച്ചു നൽകാനും സർക്കാരിന്റെ വിവിധ സ്ഥാപനങ്ങൾക്ക്‌ ആവശ്യമായ മെഷീനുകളും ജനറേറ്ററുകളും  നിർമിക്കാനുമാകും. 
 
കേന്ദ്രം വിറ്റു; സംസ്ഥാനം വാങ്ങി
മറ്റു പൊതുമേഖലാസ്ഥാപനങ്ങൾ വിറ്റഴിച്ചതുപോലെ ഇഎംഎല്ലും കൈമാറാനായിരുന്നു കേന്ദ്ര സർക്കാർ തീരുമാനം. ഭെല്ലിന്റെ കൈവശമുണ്ടായിരുന്ന 51 ശതമാനം ഓഹരി  വിൽക്കാൻ തുനിഞ്ഞപ്പോൾ സംസ്ഥാന സർക്കാർ മുന്നോട്ടുവരുമെന്ന്‌ കേന്ദ്രം കരുതിയിരുന്നില്ല. ഭെൽ മുന്നോട്ടുവച്ച ഉടമ്പടികളെല്ലാം സംസ്ഥാന സർക്കാർ അംഗീകരിച്ചാണ്‌ കമ്പനി ഏറ്റെടുത്തത്‌. ഒരാഴ്‌ചക്കുള്ളിൽ കൈമാറാമെന്ന്‌ അറിയിച്ചുവെങ്കിലും ഏഴുമാസം കേന്ദ്രമന്ത്രി ഫയൽ തൊട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനും  മുൻ എംപി പി കരുണാകരനും അന്നത്തെ മന്ത്രി ഇ പി ജയരാജനും നിരന്തരം കേന്ദ്രമന്ത്രിമാരുമായി ബന്ധപ്പെട്ടു. എളമരം കരീം എംപി പലതവണ പാർലമെന്റിൽ ഉന്നയിച്ചു. ഇതോടെയാണ്‌ കമ്പനി കേരളത്തിന്റേതായത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top