27 April Saturday
ആശ്വാസവുമായി നേതാക്കൾ കല്യോട്ട്‌

കള്ളക്കേസിൽ കുടുക്കാം; പക്ഷേ തോൽപ്പിക്കാനാകില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021

കല്യോട്ടെ ശാസ്‌താ മധുവിന്റെ വീട്ടിലെത്തിയ സിപിഐ എം നേതാക്കൾ കുടുംബാംഗങ്ങളോട്‌ വിവരങ്ങൾ ചോദിച്ചറിയുന്നു

പെരിയ 

കോൺഗ്രസ്‌ നേതാക്കളുടെ സമ്മർദത്തിൽ  പെരിയയിൽ കള്ളക്കേസുണ്ടാക്കി കുടുക്കിയ സിപിഐ എം പ്രവർത്തകരുടെ വീടുകൾ  നേതാക്കൾ സന്ദർശിച്ചു സാന്ത്വനം പകർന്നു. ഏച്ചിലടുക്കത്തെ  റജി വർഗീസ്‌, കാഞ്ഞിരടുക്കത്തെ എ സുരേന്ദ്രൻ, ശാസ്‌ത മധു, ഹരി പ്രസാദ്‌, പി രാജേഷ്‌ എന്നിവരുടെ കുടുംബാംഗങ്ങളെയാണ്‌ ജില്ലാ സെക്രട്ടറി എം  വി ബാലകൃഷ്‌ണൻ, സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ്‌ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചത്‌.   
 ജയിലിൽ കഴിയുന്നവരുടെ  പ്രായമായ മാതാപിതാക്കളെയും ഭാര്യയെയും പറക്കമുറ്റാത്ത മക്കളെയും കണ്ടു. പെരിയയിലെ കൊലപാതകത്തിന്‌ ശേഷം കോൺഗ്രസുകാരുടെ നിരന്തരപീഡനത്തിന്‌ ഇരയായവരാണ്‌ ഈ കുടുംബങ്ങൾ. ഒരു തെറ്റും ചെയ്യാത്ത, തങ്ങളുടെ മക്കളെ ജയിലിലടച്ചപ്പോൾ അവരൊന്ന് പതറിയെങ്കിലും ഒരു പോറലുമില്ലാതെ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ്‌ കുടുംബം. അതിനിടയിലെ നേതാക്കളുടെ സന്ദർശനം അവരിൽ പകർന്ന ആശ്വാസം ചെറുതല്ല. 
എന്ത്‌ കാര്യത്തിനും പാർടി കൂടെയുണ്ടാവുമെന്നും നിയമത്തിന്റെ എല്ലാ വഴികളും തേടുമെന്നും നേതാക്കൾ  ഉറപ്പ്‌ നൽകി. കോൺഗ്രസുകാരുടെ അക്രമത്തിനിരയായ ഓമനക്കുട്ടന്റെ വീടും സന്ദർശിച്ചു. ജില്ലാകമ്മിറ്റി അംഗങ്ങളായ എം പൊക്ലൻ, പി അപ്പുക്കുട്ടൻ, കാഞ്ഞങ്ങാട്‌ ഏരിയാസെക്രട്ടറി കെ രാജ്‌മോഹനൻ, പെരിയ ലോക്കൽ സെക്രട്ടറി എൻ ബാലകൃഷ്‌ണൻ, കെ നാരായണൻ, ബിനു ജോസഫ്‌ താന്നിയടി എന്നിവരും ഒപ്പമുണ്ടായിരുന്നു.  
കടം വാങ്ങിയ പണം തിരിച്ചുചോദിച്ചു; കുടുക്കി
മൂന്ന്‌ ചെറിയമക്കളുടെ പിതാവാണ്‌ ശാസ്‌താ മധു, പ്രായാധിക്യംമൂലം വടികുത്തി പുറത്തിറങ്ങിയ മധുവിന്റെ അച്ഛൻ കരുണാകരന്‌ മുന്നിൽ നേതാക്കൾ  എങ്ങിനെ ആശ്വസിപ്പിക്കണമെന്നറിയാതെ നിശ്‌ബദരായി. മൂന്ന്‌ പിഞ്ചുമക്കളുമായി ഭാര്യ ദീപിക. 
ഈ കുടുംബം കോൺഗ്രസുകാരാൽ നിരന്തരം വേട്ടയാടപ്പെടുന്നു. മൂത്ത സഹോദരന്റെ വീടും വാഹനങ്ങളുമെല്ലാം  കത്തിച്ചു.  കുടുംബത്തിൽ നിന്ന്‌ മധുവടക്കം മൂന്ന്‌ പേരെ ജയിലിലടച്ചു. മൂത്ത സഹോദരനെ കൂടി ജയിലിലടക്കുമെന്നാണ്‌ ഇപ്പോൾ കോൺഗ്രസ്‌ നേതാക്കൾ പറഞ്ഞു നടക്കുന്നത്‌. 
കോൺഗ്രസ്‌ നേതാവ്‌ കടം വാങ്ങിയ പണം തിരിച്ചു ചോദിച്ചതോടെയാണ്‌  മധു അവരുടെ മുഖ്യശത്രുവായത്‌. സിബിഐ ഗൂഢാലോചന കേസ്‌ മധുവിന്റെ തലയിൽചാർത്തി.
മോൻ വന്നിട്ടുവേണം 
ആശുപത്രിയിൽ പോകാൻ
ഇരുന്നാൽ എഴുന്നേൽക്കാൻ കഴിയില്ല. നിൽക്കാനാവില്ല. ചികിത്സ മംഗളൂരുവിലാണ്‌. രജിയാണ്‌  കൊണ്ടുപോകാറ്‌. റജി വർഗീസിന്റെ  അമ്മ മറിയക്കുട്ടി  കുടുംബത്തിന്റെ  നിസ്സഹായത വിവരിക്കുമ്പോൾ കേട്ടു നിൽക്കുന്നവരുടെ കണ്‌ഠമിടറും. റജിയുടെ ഭാര്യയും രോഗി.  മകളാകട്ടെ  ജന്മനാൽ അസുഖബാധിത. എല്ലാവർക്കും തലചായ്‌ക്കാനുള്ള ചുമലായിരുന്നു ആ യുവാവ്‌. എന്തുപറഞ്ഞു സമാധാനിപ്പിക്കണമെന്നറിയാതെ നേതാക്കൾ കുഴങ്ങി. ഇലക്‌ട്രിക്‌ പണിക്കാരനായ ഇയാളുടെ കൈയിൽ എർത്തടിക്കുന്ന ഇരുമ്പ്‌ പൈപ്പുണ്ടാകുമെന്ന നിഗമനത്തിൽ,  കൊലയ്‌ക്ക്‌ ഉപയോഗിച്ച ഇരുമ്പുപൈപ്പ്‌ രജി നൽകിയെന്ന്‌ സിബിഐ കഥയുണ്ടാക്കുകയായിരുന്നു.  
കോൺഗ്രസ്‌ വിട്ടു; വേട്ടയാടി
സുരേന്ദ്രൻ ജയിലിലായതോടെ വീട്ടിൽ ഭാര്യ ശ്രുതിയും രണ്ട്‌ പെൺമക്കളും മാത്രമായി.  കോൺഗ്രസ്‌ പ്രവർത്തകനായിരുന്ന സുരേന്ദ്രൻ ആ പ്രദേശത്തെ  പ്രവർത്തകരുടെ ശൈലിയിൽ മനംമടുത്താണ്‌ പാർടി ബന്ധം ഉപേക്ഷിച്ചു സിപിഐ എമ്മുമായി ബന്ധപ്പെട്ടത്‌. അന്നുതൊട്ടു തുടങ്ങി കോൺഗ്രസുകാരുടെ  പ്രതികാരമനോഭാവം. കഴിഞ്ഞ മൂന്ന്‌ വർഷം ചീത്ത വിളികളും ഭീഷണികളും ഒഴിഞ്ഞ നേരമുണ്ടായിരുന്നില്ലല്ലെന്ന്‌ ശ്രുതി പറഞ്ഞു.
 ജീപ്പും മറ്റും ഓടിച്ചാണ്‌ ജീവിക്കുന്നത്‌. കൊലപാതകം നടന്ന ദിവസം സുരേന്ദ്രൻ ഓട്ടത്തിലായിരുന്നുവെന്ന്‌ ഭാര്യ പറഞ്ഞു. ഒന്നാം പ്രതി പീതാംബരനുമായി സൗഹൃദത്തിലായിരുന്നു. ഇയാളെ ഫോൺ ചെയ്‌തുവെന്ന്‌ ആരോപിച്ചാണ്‌ സിബിഐ സുരേന്ദ്രനെ പ്രതിപ്പട്ടികയിലാക്കിയത്‌. 
സിബിഐ ചെലവിൽ അവർ 
കുടിപ്പക തീർത്തു
സിപിഐ എംനേതൃത്വത്തിലുള്ള സൊസൈറ്റി ജീവനക്കാരനാണ്‌ ഹരി പ്രസാദ്‌.   പാർടി പ്രവർത്തകനാണെന്നതല്ലാതെ  ഒരു പ്രശ്‌നത്തിനും മകൻ പോകാറില്ലെന്ന്‌ അമ്മ ശാരദയും അച്ഛൻ മാധവൻ നായരും പറഞ്ഞു. മാധവൻ നായർ നേരത്തെ സജീവ പാർടി പ്രവർത്തകനായിരുന്നു. പലതവണ അദ്ദേഹത്തെ കോൺഗ്രസുകാർ ലക്ഷ്യമിട്ടിരുന്നു.ഒരിക്കൽ വളഞ്ഞു പിടിച്ചുവെങ്കിലും മാധവൻ നായർ രക്ഷപ്പെട്ടു. അന്നേ തുടങ്ങിയതാണ്‌ ഈ കുടുംബത്തോടുള്ള വൈരാഗ്യം.
അൻവിതയോട്‌ എന്തുപറയും
തേപ്പുപണിക്കാരനായ പി രാജേഷ്‌ ഏച്ചിലടുക്കത്ത്‌ ബ്രാഞ്ച്‌ സെക്രട്ടറിയാണ്‌. പണിക്ക്‌ പോകാനാവാത്ത അച്ഛൻ  രാഘവൻ, അമ്മ കാർത്യായനി. ഭാര്യ ധന്യ, കൈക്കുഞ്ഞടക്കം മൂന്ന്‌ പിഞ്ചുമക്കൾ. രണ്ടാമത്തേ മകൾ രണ്ടരവയസുകാരി അൻവിതക്ക്‌ ഉറങ്ങണമെങ്കിൽ അടുത്ത്‌ അച്ഛൻ വേണം. ജയിലിലടച്ച ശേഷം എന്തുപറയണമെന്നറിയാതെ കുഴങ്ങുകയാണ്‌ ധന്യ. തൊട്ടടുത്തുള്ള കോൺഗ്രസ്‌ പ്രവർത്തകനായ ഒരു പൊലീസുകാരന്റെ ഭീഷണിയും ഈ കുടുംബത്തെ ഇപ്പോഴും വേട്ടയാടുന്നു.  
   

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top