28 March Thursday

2200 പേർക്ക്‌ താമസിക്കാം പേടിക്കേണ്ട; അഭയകേന്ദ്രങ്ങളുണ്ട്

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022
കാസർകോട്‌
കാലവർഷം ശക്തമാകുമ്പോൾ മാറ്റിപാർപ്പിക്കുന്നവർക്ക്‌ ഇനി സ്‌കൂളുകളിലും ഓഡിറ്റോറിയങ്ങളിലും പോകേണ്ട. അസൗകര്യങ്ങളെക്കുറിച്ച്‌ വേവലാതി വേണ്ട. 2200 പേർക്ക്‌ താമസിക്കാൻ സൗകര്യമുള്ള മൂന്ന്‌  അഭയകേന്ദ്രങ്ങളാണ്‌ ആധുനിക സൗകര്യത്തോടെ പുല്ലൂരിലും മധൂരിലും കുമ്പളയിലും തയ്യാറായത്‌. 
എല്ലാവിധ സൗകര്യങ്ങളുമുള്ളതാണ്‌  ബഹുനിലകെട്ടിടങ്ങൾ. മഞ്ചേശ്വരം താലൂക്കിൽ കുമ്പള ഗവ. യുപി സ്‌കൂൾ പരിസരത്തും കാസർകോട്‌ മധൂർ ഷിറിബാഗിലുവിലും ഹൊസ്‌ദുർഗിൽ പുല്ലൂർ വില്ലേജ്‌ ഓഫീസ്‌ പരിസരത്തുമാണ്‌ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക്‌ കീഴിൽ അഭയകേന്ദ്രങ്ങൾ നിർമിച്ചത്‌. പുല്ലൂരിൽ 3.28 കോടിയും മധൂരിൽ 2.58 കോടിയും കുമ്പളയിൽ 2.17 കോടിയും ചെലവിട്ടാണ്‌ കെട്ടിടം നിർമിച്ചത്‌.  
ചുഴലിക്കാറ്റ്‌ അപകടസാധ്യത ലഘൂകരണ പദ്ധതിയുടെ ഭാഗമായായിരുന്നു നിർമാണം. പുല്ലൂരിൽ 1000 പേർക്കും മധൂരിലും കുമ്പളയിലും 600 പേർക്ക്‌ വീതവും കഴിയാം. താമസിക്കാനുള്ള  മുറികൾ, ഹാൾ, അടുക്കള, ഭക്ഷണശാല, ശൗചാലയങ്ങൾ, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളുണ്ട്‌.  പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചെയർമാനും വില്ലേജ്‌ ഓഫീസർ കൺവീനറും പഞ്ചായത്ത്‌ സെക്രട്ടറി സിഇഒ യുമായുള്ള കമ്മിറ്റിക്കാണ്‌ കേന്ദ്രങ്ങളുടെ മേൽനോട്ടവും പരിപാലനവും. ജനപ്രതിനിധികൾ, പൊലീസ്‌, അഗ്നിശമനാ വിഭാഗം, ആരോഗ്യവിഭാഗം, കുടുംബശ്രീ തുടങ്ങിയ വിഭാഗങ്ങൾ അംഗങ്ങളാണ്‌. കമ്മിറ്റിക്ക് പ്രത്യേക അക്കൗണ്ടുണ്ട്‌. ഇതിൽ സംസ്ഥാന സർക്കാർ 18 ലക്ഷം രൂപ നിക്ഷേപിക്കും. ഈ തുകയുടെ പലിശ ഉപയോഗിച്ചാണ്‌ പരിപാലനം. രാഷ്‌ട്രീയവും സാമുദായികവും മതപരവുമായത്‌ ഒഴിച്ചുള്ള  മറ്റ്‌ ആവശ്യങ്ങൾക്ക്‌  കെട്ടിടം ഉപയോഗിക്കാം.
ഐആർഎസ്‌ സജ്ജം
ദുരന്തനിവാരണ സംഭവങ്ങളിൽ പ്രതികരിക്കാനുള്ള സംവിധാനം (ഐആർഎസ്‌) ജില്ലാ താലൂക്ക്‌ തലങ്ങളിലുണ്ടാക്കിയിട്ടുണ്ട്‌. ജില്ലാ ഭരണാധികാരികൾ,  പൊലീസ്‌,  ആരോഗ്യ വിഭാഗം, അഗ്നിശമനാ വിഭാഗം, പൊതുമരാമത്ത്‌, തദ്ദേശഭരണ സ്ഥാപനങ്ങൾ എന്നിവരടങ്ങുന്നതാണ്‌ ഇത്‌. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട്‌ ജനപ്രതിനിധികൾക്കും ഉദ്യേഗസ്ഥർക്കും പരിശീലനം നൽകി. അടിയന്തര പ്രതികരണത്തിനുള്ള അഞ്ച്‌  സംഘത്തെ ഒരുപഞ്ചായത്തിൽ  നിയോഗിച്ചിട്ടുണ്ട്‌. 
നദികളിൽ അടിഞ്ഞ്‌ കൂടിയ മണ്ണ്‌ നീക്കി. ക്വാറികൾ അടച്ചുപൂട്ടി. അപകടഭീഷണിയുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ നിർദേശം നൽകി. സ്‌കൂളുകൾ, അങ്കണവാടികൾ എന്നിവിടങ്ങളിൽ പ്രത്യേക ജാഗ്രതയുണ്ട്‌. ജലാശയങ്ങൾ, ഉപേക്ഷിച്ച ക്വാറികൾ, കടലോരങ്ങൾ എന്നിവിടങ്ങൾ വേലി കെട്ടാൻ നിർദേശം നൽകി. 
 
ദേശീയപാതയിൽ വെള്ളക്കെട്ട്‌ 
നീക്കാൻ പ്രത്യേകസംഘം
ദേശീയപാത വികസനത്തിന്റെ ഭാഗമായി റോഡുകളിലുണ്ടാകുന്ന വെള്ളക്കെട്ട്‌ നീക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. കരാർ കമ്പനികളുടെ ജീവനക്കാരും ജെസിബിയും ഓരോ ആറ്‌ കിലോമീറ്റർ ദൂരത്തിൽ സജ്ജരായിട്ടുണ്ട്‌. താലൂക്ക്‌, വില്ലേജ്‌ ഓഫീസുകളിൽ വിവരം നൽകിയാൽ സംഘം സ്ഥലത്തെത്തി വെള്ളക്കെട്ട്‌ നീക്കും. ജനപ്രതിനിധികളും ഇവരുടെ സഹായത്തിനുണ്ടാകും. 
ൃവീടുകൾ തകർന്നു
കാഞ്ഞങ്ങാട്‌ 
ഹൊസ്ദുർഗ് താലൂക്കിൽ അഞ്ച്‌ വീടുകൾ ഭാഗികമായി തകർന്നു. കൊളവയയിലെ നാരായണിയുടെ വീട്‌ പൂർണമായും തകർന്നു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി ശോഭ സന്ദർശിച്ചു. മടിക്കൈയിലെ കുഞ്ഞിരാമൻ, ക്ലായിക്കോട്ടെ പി ഗോപി, അഴിത്തലയിലെ സംഗീത, നീലേശ്വരത്തെ അമ്മാളു എന്നിവരുടെ വീടുകൾ തകർന്നു. ആവിക്കരയിലെ ബാലകൃഷ്ണൻ , മാധവി, സിയാദ്, നിലാങ്കരയിലെ സതീശൻ എന്നിവരുടെ കുടുംബങ്ങളെ മാറ്റി.
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top