കാഞ്ഞങ്ങാട്
കോൺഗ്രസ് ബ്ലോക്ക് പുന:സംഘടനയെ തുടർന്നുള്ള വൈരാഗ്യം കൂട്ടയടിയിലേക്ക്. ഹൊസ്‌ദുർഗ് ബാങ്ക് ഹാളിൽ ചേർന്ന എ ഗ്രൂപ്പ് യോഗത്തിലേക്ക് എതിർവിഭാഗം ഇരച്ചുകയറി. കെപിസിസി അംഗവും മുൻ മഹിളാ കോൺഗ്രസ് അധ്യക്ഷയുമായ ശാന്തമ്മ ഫിലിപ്പ്, ഡിസിസി ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ പതാൽ എന്നിവരെയാണ് കൈയേറ്റം ചെയ്‌ത്. ഇതിൽ പ്രതിഷേധിച്ച് ജില്ലയിലെ എല്ലാ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനൽക്കാൻ ജില്ലാ എ ഗ്രൂപ്പ് യോഗം തീരുമാനിച്ചു.
തിങ്കൾ വൈകിട്ടാണ് മുതിർന്ന നേതാക്കൾക്ക് നേരെ കൈയേറ്റമുണ്ടായത്. പുന: സംഘടനയിൽ തഴഞ്ഞതിൽ പ്രതിഷേധിച്ച് ഹൊസ്‌ദുർഗ് ബാങ്ക് ഹാളിൽ എ ഗ്രൂപ്പുകാർ യോഗം ചേർന്നിരുന്നു. ഇതിലേക്കാണ് പത്മരാജൻ ഐങ്ങോത്ത്, അനിൽ വാഴുന്നോറടി, ബി ഗോപി എന്നിവരുടെ നേതൃത്വത്തിൽ ഇരച്ചുകയറിയത്. സംഘടനയിൽ നിന്ന് ഒഴിവാക്കിയതിന് പുറമെ, കായികമായും അക്രമിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് പുതിയകോട്ട ഫോർട്ട് വിഹാർ ഓഡിറ്റോറിയത്തിൽ ചൊവ്വാഴ്‌ച ചേർന്ന എ ഗ്രൂപ്പ് യോഗമാണ് പ്രവർത്തനം ബഹിഷ്‌കരിക്കാൻ തീരുമാനിച്ചത്. കെപിസിസി സെക്രട്ടറി എം അസിനാർ, വി ഗംഗാധരൻ, വി വി സുധാകരൻ, എൻ കെ രത്നാകരൻ, കെ പി മോഹനൻ, പ്രവീൺ തോയമ്മൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഉമ്മൻചാണ്ടിയോട് അടുപ്പമുള്ള ജില്ലയിലെ നേതാക്കളെ നിലംപരിശാക്കിയാണ് പുന:സംഘടനാ ലിസ്‌റ്റിറങ്ങിയത്. പ്രവർത്തനങ്ങളിൽ നിസ്സഹകരിക്കാൻ സംസ്ഥാന തലത്തിൽ തന്നെ എ ഗ്രൂപ്പ് തീരുമാനമുണ്ട്. ഇക്കാര്യം ആലോചിക്കാനാണ് മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ തിങ്കളാഴ്‌ച യോഗം ചേർന്നത്. ഇവിടെയാണ് ‘എന്തിനാണ് യോഗം ചേർന്നത്’ എന്ന് ചോദിച്ച് എതിർ വിഭാഗം നേതാക്കളുടെ ഒത്താശയിൽ അക്രമമുണ്ടായത്. ഇതോടെ പ്രധാന എ ഗ്രൂപ്പ് നേതാക്കൾക്ക് സ്ഥലത്തേക്ക് എത്താനുമായില്ല.
ആറിൽനിന്ന് ഒന്നായി എ ഗ്രൂപ്പ്
നേരത്തെ ആറിടത്ത് ബ്ലോക്ക് പ്രസിഡന്റ് സ്ഥാനമുണ്ടായിരുന്ന എ ഗ്രൂപ്പിന് ഇപ്പോൾ ഒരിടത്ത് മാത്രമെ അധ്യക്ഷ പദവിയുള്ളൂ. രാജ്‌മോഹൻ ഉണ്ണിത്താൻ സ്വാധീനം ചെലുത്തി സ്വന്തക്കാരെ തിരുകിക്കയറ്റി എന്നും ആക്ഷേപമുണ്ട്. എ ഗ്രൂപ്പ് നിർദേശിച്ച നോയലിന് പകരം ഉമേശൻ ബേളൂരിനെ ബ്ലോക്ക് പ്രസിഡന്റാക്കിയതാണ് കൈയാങ്കളിയിലേക്ക് പ്രശ്‌നം എത്തിച്ചത്.
ചോയ്യങ്കോട്ടെ ഒരു സഹകരണ സംഘത്തിൽ ക്രമക്കേട് കാട്ടിയെന്ന ആരോപണം എതിർപക്ഷക്കാർ ഉമേശനെതിരെ ഉന്നയിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..