25 April Thursday
കളിപ്പിച്ച്‌ നഗരഭരണം 4

അയ്യയ്യേ ‘പുതിയ' ബസ്‌ സ്‌റ്റാൻഡ്

കെ സി ലൈജുമോൻUpdated: Thursday Oct 6, 2022

കാസർകോട്‌ പുതിയ ബസ്‌സ്‌റ്റാൻഡ്‌ കെട്ടിടത്തിലേക്കുള്ള നടപ്പാത ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റിയപ്പോൾ

കാസർകോട്‌
മീൻ മാർക്കറ്റ്‌ പോലെ നഗരസഭാ ഭരണക്കാർക്ക്‌ പ്രിയമുള്ളിടമാണ്‌ പുതിയ ബസ്‌ സ്‌റ്റാൻഡ്‌. മെച്ചപ്പെട്ട സേവനം നൽകുന്നതിലല്ല, മറിച്ച്‌ ഇവിടെനിന്നും കിട്ടുന്ന വരുമാനത്തിലാണ്‌ കണ്ണെന്നു മാത്രം. ലക്ഷക്കണക്കിന്‌ രൂപയാണ്‌ വർഷംതോറും വാടകയിനത്തിൽ ലഭിക്കുന്നത്‌. അടർന്നുവീഴുന്ന കോൺക്രീറ്റ്‌ സ്ലാബുകൾ, അടച്ചുപൂട്ടിയ മൂത്രപ്പുരകളും ഇ–- ടോയ്‌ലറ്റും, മൂടിവയ്‌ക്കാത്ത ജലസംഭരണികൾ, മുകൾനിലകളിലേക്ക്‌ കയറാൻ ഇരുട്ടുനിറഞ്ഞ ചെറിയ വഴികൾ..... നഗരസഭാ ബസ്‌ സ്‌റ്റാൻഡിന്റെ ഇപ്പോഴത്തെ അവസ്ഥയാണിത്‌.
മെയിൻ സ്ലാബിന്റെ കോൺക്രീറ്റ്‌ പലതവണ അടർന്നുവീണു. മൂത്രപ്പുരകൾ മിക്കപ്പോഴും അടഞ്ഞുതന്നെ. കെട്ടിടോദ്‌ഘാടനം നടന്ന 1993മുതൽ ഇവിടെ കച്ചവടം ചെയ്യുന്നവർ ഒന്നടങ്കം നഗരസഭയുടെ കെടുകാര്യസ്ഥത സാക്ഷ്യപ്പെടുത്തുന്നു. ബസ്‌ സ്‌റ്റാൻഡ്‌ അറ്റകുറ്റപ്പണിക്ക്‌ ഓരോ ബജറ്റിലും പണം മാറ്റിവയ്‌ക്കാനും ചെലവഴിക്കാനും നഗരസഭ മടികാണിക്കാറില്ല. ഒന്നും കെട്ടിടത്തിലേക്കെത്താറില്ല.  നൂറ്റമ്പതിലേറെ സ്ഥാപനങ്ങൾ കെട്ടിടത്തിന്റെ ഇരുഭാഗത്തുമായി പ്രവർത്തിക്കുന്നുണ്ട്‌. ഇവിടങ്ങളിലെ സ്‌ത്രീ തൊഴിലാളികൾ ഉൾപ്പെടെ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ ഇടമില്ലാതെ ഹോട്ടലുകളെ ആശ്രയിക്കുന്നു. ഏറ്റവും താഴെ പ്രവർത്തിക്കുന്ന മൂത്രപ്പുരയിൽ കയറണമെങ്കിൽ അഞ്ച്‌ രൂപ നൽകണം. വെള്ളമൊഴിക്കാതെ വൃത്തികേടായി കിടക്കുന്ന ഇവിടെ നിൽക്കണമെങ്കിൽ മൂക്ക്‌ പൊത്താതെ വയ്യ. കഴിഞ്ഞ ഭരണസമിതി ലക്ഷങ്ങൾ ചെലവിട്ട്‌ ഇ–- ടോയ്‌ലറ്റ്‌ സ്ഥാപിച്ചെങ്കിലും ഒരിക്കൽപോലും തുറന്നുപ്രവർത്തിപ്പിക്കാനായില്ല.
കെട്ടിടത്തിന്റെ മുകൾനിലയിലേക്ക്‌ പ്രവേശിച്ചിരുന്നത്‌ ദേശീയ പാതയോരത്തുനിന്നുള്ള കോൺക്രീറ്റ്‌ നടപ്പാതയിലൂടെയായിരുന്നു. ആറുവരി പാതയാക്കുന്നതിന്റെ ഭാഗമായി നടപ്പാത പൊളിച്ചതോടെ കെട്ടിടത്തിന്റെ അകത്തുനിന്നുമുള്ള ഒരാൾക്ക്‌ കടന്നുപോകാൻ മാത്രം വീതിയുള്ള കോണിപ്പടിയിലൂടെ വേണം മുകളിലേക്ക്‌ പോകാൻ. അക്ഷയ സെന്റർ, തുണിക്കടകൾ, സ്‌റ്റുഡിയോകൾ, കംപ്യൂട്ടർ സെന്ററുകൾ തുടങ്ങി നൂറിലേറെ സ്ഥാപനം മുകൾ നിലകളിലുണ്ട്‌. ഇവിടങ്ങളിലേക്ക്‌ വരുന്നവരും ജീവനക്കാരും ലൈറ്റുപോലുമില്ലാത്ത ഈ കോണിപ്പടികളിലൂടെയാണ്‌ വരേണ്ടത്‌. കെട്ടിടനിർമാണ ചട്ടപ്രകാരം കോണിപ്പടിക്ക്‌ ആവശ്യമായ വീതി നഗരസഭയുടെ സ്വന്തം കെട്ടിടത്തിന്റെ കാര്യത്തിൽ തഥൈവ. ഗ്രാമങ്ങളിൽപോലും പഞ്ചായത്ത്‌ തെരുവുവിളക്കുകളും ബസ്‌ സ്‌റ്റാൻഡുകളിൽ ഹൈ, ലോ മാസ്‌റ്റ്‌ വിളക്കുകളും സ്ഥാപിച്ച്‌ പ്രകാശപൂരിതമാക്കുമ്പോൾ സൂര്യൻ അസ്‌തമിച്ചാൽ ഇരുട്ടിലാകുന്നതാണ്‌ നഗരസഭാ ആസ്ഥാനത്തെ പുതിയ ബസ്‌സ്‌റ്റാൻഡ്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top