26 April Friday

തകർത്ത്‌ പെയ്യുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022

മടിക്കെെയിലെ എരിക്കുളം പൂത്തക്കാൽ റോഡിൽ ചാർത്താങ്കല്ലിൽ തടയണ പാലം വെള്ളം കയറിയപ്പോൾ

 കാസർകോട്‌

ജില്ലയിൽ ഒരാഴ്‌ചക്കിടയിൽ പെയ്‌തത്‌ തകർപ്പൻ മഴ. ശരാശാരി 43.33 മില്ലീമീറ്റർ മഴയാണ്‌ പെയ്‌തത്‌. ഈ കാലയളവിൽ  244.5 മില്ലീമീറ്റർ മഴയാണ്‌ സാധാരണ നിയിൽ കിട്ടേണ്ടത്‌. 
ചൊവ്വാഴ്‌ച ഉപ്പള, മഞ്ചേശ്വരം, ബയാർ, പടിയത്തടുക്ക, പൈക്ക, മുളിയാർ,  മധൂർ, കല്യോട്ട്, വിദ്യാനഗർ, കുഡ്‌ലു എന്നിവിടങ്ങളിലാണ്‌ കൂടുതൽ മഴ കിട്ടിയത്‌. ഉപ്പളയിലും മഞ്ചേശ്വരത്തും സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ മഴ പെയ്‌ത സ്ഥലമാണ്‌.
ചെമ്പരിക്ക, കൊപ്പൽ, കാപ്പിൽ ഭാഗങ്ങളിൽ കടലക്ഷോഭം ശക്തമായി.  50 മീറ്ററിൽ അധികം തിരദേശം  കടലെടുത്തു. കരിച്ചേരി അമ്പലത്തുങ്കാൽ, വെള്ളാക്കോട് ഭാഗത്ത് ശക്തമായി വീശിയടിച്ച  കാറ്റിൽ വ്യാപക കൃഷി നാശം.  കെ വി ഗോപാലൻ, വെള്ളാക്കോട്ടെ സി ദാമോദരൻ നായർ,  കരിച്ചേരിയിലെ ഇ രോഹിണി, കുഞ്ഞിത്തോട് എം  ദിവാകരൻ നായർ,  മുതുരക്കൊച്ചിയിലെ എലൊരായണൻ, വണ്ണാത്തംപിടിയിലെ ശ്രീധരൻ നായർ എന്നിവരുടെ  വാഴ, നേന്ത്ര വാഴ, കവുങ്ങ് തുടങ്ങിയ കൃഷികളാണ്‌ നശിച്ചത്‌. 
വെള്ളരിക്കുണ്ട്    
ശക്തമായ കാറ്റിലും മഴയിലും വൻ നാശം. ബളാൽ പഞ്ചായത്തിലെ എടത്തോട് എ വി കണ്ണന്റെ വീടിന് മുകളിൽ തേക്ക് മരം കടപുഴകിവീണ് വാട്ടർ ടാങ്ക് തകർന്നു. പരപ്പ പരപ്പച്ചാലിൽ ഇലക്ട്രിക്ക് ലൈനിൽ മരംവീണ് രണ്ട് വൈദ്യുതി തൂൺ ഒടിഞ്ഞുവീണു. റോഡ് ഗതാഗതം മണിക്കൂറുകൾ തടസ്സപ്പെട്ടു. പാലാവയലിൽ കനത്ത മഴയിൽ റോഡിന്റെ പാർശ്വഭിത്തി തകർന്നു.  - പറോട്ടിപ്പൊയിൽ ബൈപാസ് റോഡിന്റെ പാർശ്വഭിത്തിയാണ് തകർന്നത്. ഇതോടെ ഇതുവഴിയുള്ള വാഹന ഗതാഗതവും നിലച്ചു. എസ്എബിഎസ് കോൺവന്റ് ഉൾപ്പെടെ 30 കുടുംബങ്ങൾക്ക് പാലാവയൽ ടൗണുമായി ബന്ധപ്പെടാനുള്ള ഏകറോഡാണിത്. രണ്ട് വർഷം മുമ്പാണ് പഞ്ചായത്ത് ഏറ്റെടുത്ത് 15 ലക്ഷം രൂപ ചെലവിൽ  റോഡ് ടാറിങ് ചെയ്ത് നവീകരിച്ചത്.
തൃക്കരിപ്പൂർ
കാറ്റിലും മഴയിലും വൈക്കത്തെ കെ വി പത്മിനിയുടെ വീട് ഭാഗികമായി തകർന്നു.
 വീട്ടിലെ താമസക്കാർ പുറത്തേക്ക്  രക്ഷപ്പെട്ടതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.  മൂന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. വൈക്കത്തെ കെ തമ്പാന്റെ  കുലച്ചതും കുലക്കാറായതുമായ 50 നേന്ത്രവാഴകൾ നശിച്ചു. ഏക്കർ കണക്കിന് നെൽവയലും വെള്ളത്തിനടിയിലായി.
നീലേശ്വരം
പുതുക്കൈയിൽ വീണ്ടും കിണർ താഴ്ന്നു. ബി ലക്ഷ്മിയുടെ ആൾമറയുള്ള കിണറാണ് താഴ്ന്നത്. ചൊവ്വ  ഉച്ചയോടെയാണ് സംഭവം. 
വീടും അപകടാവസ്ഥയിലാണ്. കഴിഞ്ഞദിവസം അയൽവാസി  പി സുരേന്ദ്രന്റെ കിണറും തകർന്നിരുന്നു. 
കാഞ്ഞങ്ങാട്  വീടുകളും കിണറുകളും തകർന്നു.  പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വൈദ്യുതി കമ്പികൾ പൊട്ടിവീണു.  നഗരത്തിലെ വ്യാപാരി കല്ലൂരാവി ബാവ നഗറിലെ അൻസാരിയുടെ വീടിന്‌ മുന്നിലേക്ക്‌ വൈദ്യുതി ലൈൻ പൊട്ടിവീണു. 
 നഗരസഭയിൽ വയലിലുള്ള രണ്ട്‌ റോഡുകളും വെള്ളത്തിലായി. ചെമ്മട്ടംവയൽ ചക്രപാണി അമ്പലം റോഡും കവ്വാ –-ചിറേറേ റോഡുമാണ് വെള്ളത്തിലായത്. പുതുക്കൈ വില്ലേജിലും കാലവർഷക്കെടുതി തുടരുകയാണ്‌. പുതുക്കൈഭാഗത്ത്‌ കിണർ താഴുന്നത്‌ പതിവായി. പുതുക്കൈയിലെ സുരേന്ദ്രന്റെ വീട്ടുവളപ്പിലെ കിണർ താഴ്‌ന്നു  . റിങ്ങുകളും മോട്ടോറുകളും മണ്ണിനടിയിലായി. വീട്ടുകാരെ മാറ്റിപാർപ്പിച്ചു.    പാണത്തുർ ദേശീയപാതയിലെ ഗുരുപുരം ക്ഷേത്രത്തിനുമുന്നിലെ ബസ്‌ സ്‌റ്റോപ്പിൽ റോഡിൽ വെള്ളക്കെട്ട്‌ ഭീഷണിയായി.
മടിക്കൈ
മഴയിൽ  മടിക്കൈ ​ഗ്രാമം ദുരിതത്തിൽ. പ്രധാന പാതകളെല്ലാം വെള്ളത്തിലായി.  മടിക്കൈ, അമ്പലത്തുകര വില്ലേജുകളെ ബന്ധിപ്പിക്കുന്ന മണക്കടവ്, ചാർത്താങ്കാൽ പാലങ്ങളെല്ലാം മുങ്ങി. മണക്കടവിൽ ശക്തമായ ഒഴുക്കുണ്ട്‌.  ചാർത്താങ്കാൽ പാലത്തിന് മുകളിൽ വെള്ളമുണ്ട്‌.  ചെമ്മട്ടംവയലിന് താഴെയുള്ള വയലിൽ ഇത്തവണയും വെള്ളം കയറിയിട്ടുണ്ട്. 
 മടിക്കൈയിലെ പ്രധാന വയലുകളിലെ വാഴ കൃഷിയെല്ലാം വെള്ളത്തിലാണ്.  വാഴകൾ നശിച്ചാൽ കർഷകർ കടക്കെണിയാകുമെന്ന് ഉറപ്പായി.‌
ഹൊസ്ദുർഗ് താലൂക്കിൽ നാല്‌ വീടുകൾ ഭാഗികമായി തകർന്നു. മടിക്കൈ വില്ലേജിലെ കുഞ്ഞിരാമന്റെ വീടിന് മുകളിൽ മരം വീണു. ക്ലായിക്കോട് വില്ലേജിലെ പി ഗോപി, നീലേശ്വരത്തെ അമ്മാളു, എന്നിവരുടെ വീടുകളും തകർന്നു.  പടന്നയിലും വീടുകൾ തകർന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top