24 April Wednesday

ഇണ്ടൽ വേണ്ട, ഉണ്ടക്കണ്ടൽ കണ്ടർമാദിക്കാം

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023

കവ്വായി കായലിലെ ഉണ്ടക്കണ്ടലുകൾ

തൃക്കരിപ്പൂർ 
പ്രകൃതി അതിന്റെ സൗന്ദര്യം നിറച്ചുവച്ച്‌  സഞ്ചാരികളെ മാടിവിളിക്കുന്നൊരു തുരുത്തുണ്ട്‌ കവ്വായിക്കായലിൽ. മാടക്കാൽ ദ്വീപിനോട് ചേർന്ന്‌  കണ്ടലുകൾ  ഇടവിട്ടിടവിട്ട്‌ നിൽക്കുന്ന ഇവിടേക്ക്‌ നിരവധി പേരാണെത്തുന്നത്. മീനും ഞണ്ടും പിടിക്കാനും, കക്കയും കല്ലുമ്മക്കായും  പെറുക്കാനും  തീരത്തോട്‌ ചേർന്ന്‌ മുട്ടറ്റം വെള്ളത്തിൽ വെള്ളംതെറിപ്പിച്ച്‌  ചുറ്റിയടിക്കാനും പ്രാദേശിക വിനോദസഞ്ചാരികൾ ഏറെയെത്തുന്നു.  
      മത്സ്യസമ്പത്ത്‌ നിലനിർത്താൻ സഹായിക്കുന്ന കണ്ടലുകൾ കായലിന്റെ    എല്ലാമേഖലകളിലുമുണ്ടെങ്കിലും  ഉണ്ടക്കണ്ടലുകളാണ് മാടക്കാലിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. നൂറോളം ഉണ്ടക്കണ്ടലുകളാണ്  തുരുത്തിലുള്ളത്. 
കുരിപ്പുമാടിനും മാടക്കാൽ ബണ്ടിനുമിടയിലായാണ് കണ്ടൽ കൂട്ടം  ചന്തമൊരുക്കുന്നത്. ഒന്നര പതിറ്റാണ്ടുമുമ്പ് നട്ടുവളർത്തിയ കണ്ടലിന്   ആറുമീറ്ററോളം ഉയരമുണ്ട്. കയാക്കിങ്‌, സ്പീഡ് ബോട്ട് സൗകര്യങ്ങളും ഇവിടെയുണ്ട്‌. 
ഉടമ്പുന്തല മാടക്കാൽ ബണ്ട് പരിസരത്തുനിന്ന്‌  കായലിൽ രണ്ടടി മുതൽ നാലടിവരെ മാത്രം ആഴമുള്ള  ഭാഗത്തിലൂടെ ഫൈബർ  തോണിയിൽ  തുഴയെറിഞ്ഞ് തുരുത്തിന് ചുറ്റുംസഞ്ചരിക്കാം. രാവിലെ 6.30 മുതൽ വൈകിട്ട്‌ 6.30 വരെയാണ്‌  സ്പീഡ് ബോട്ട്‌ സൗകര്യം. കായലിലെ ആഴംകുറഞ്ഞ ഭാഗമെന്നതിനാൽ വേലിയേറ്റത്തിൽ പോലും മുട്ടോളംവെള്ളം മാത്രമേയുള്ളൂ.  ഇരുവശങ്ങളിലും തെങ്ങിൻ തലപ്പുകൾ, കരിമീനും ചെമ്മീനും നീന്തിത്തുടിക്കുന്ന ഇടത്തോടുകൾ, മീൻ കോരിയെടുത്തുവാരുന്ന ചെറുതോണികൾ, ഇരപിടിക്കുന്ന നീർകാക്കകൾ, പക്ഷിക്കൂട്ടങ്ങൾ,  ഹൗസ്‌ ബോട്ടുകൾ , കക്ക വാരുന്ന തൊഴിലാളികൾ കണ്ടാലും മതിവരാത്ത ഒട്ടേറെ ഗ്രാമക്കാഴ്‌ചകളും  ഇവിടെയുണ്ട്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top