24 April Wednesday
ഉണ്ണിത്താന്റെ പ്രചാരണയാത്ര

നടപടിയെടുത്താൽ 
തിരിച്ചടിക്കുമെന്ന്‌ എതിർപക്ഷം

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021
കാസർകോട്‌
രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ പദയാത്രയിൽ പങ്കെടുക്കാത്ത നേതാക്കൾക്കെതിരെ നടപടിയെടുക്കാനുളള ഡിസിസി തീരുമാനത്തിനെതിരെ തിരിച്ചടിക്കാൻ തയ്യാറായി എതിർപക്ഷം. പദയാത്രയിൽ പങ്കെടുക്കാത്ത നേതാക്കളോട്‌ വിശദീകരണം ചോദിച്ചിരിക്കുകയാണ്‌ ഡിസിസി പ്രസിഡന്റ്‌ പി കെ ഫൈസൽ. 
മുൻ പ്രസിഡന്റ ഹക്കീം കുന്നിൽ, മുൻ കെപിസിസി ജനറൽ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണൻ, മുൻ കെപിസിസി സെക്രട്ടറി കെ നീലകണ്ഠൻ തുടങ്ങിയവരൊന്നും യാത്രയിൽ പങ്കെടുത്തിട്ടില്ല. ഉമ്മൻ ചാണ്ടി, രമേശ്‌ ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, വി എം സുധീരൻ എന്നിവരുമായി അടുപ്പമുള്ള വിവിധ ഘടകങ്ങളിലെ  ഭാരവാഹികളും പ്രധാന നേതാക്കളും പദയാത്ര ബഹിഷ്‌കരിച്ചു. സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ അവഗണിച്ചുള്ള സുധാകരൻ, വി ഡി സതീശൻ കൂട്ടുക്കെട്ടിന്റെ പരിപാടികളുമായി സഹകരിക്കില്ലെന്നാണ്‌ ഇവരുടെ നിലപാട്‌. 
പി കെ ഫൈസൽ ഡിസിസി പ്രസിഡന്റായതോടെ ഉണ്ണിത്താൻ പറയുന്നതാണ്‌ ഡിസിസിയുടെ അവസാന വാക്ക്‌. എംപി പറയുന്നത്‌ അനുസരിക്കൽ മാത്രമാണ്‌ പ്രസിഡന്റിന്‌ വഴിയുള്ളത്‌. സ്വതന്ത്രമായി തീരുമാനമെടുക്കാൻ പ്രസിഡന്റിന്‌ സാധിക്കുന്നില്ലെന്ന്‌ മുതിർന്ന നേതാക്കൾ പറയുന്നു. ജില്ലയിലെ മുതിർന്ന നേതാക്കളിൽ മിക്കവരും പ്രവർത്തനത്തിൽ നിന്ന്‌ മാറിനിൽക്കുകയാണ്‌. തങ്ങളെ പരിഗണിക്കാത്ത ഡിസിസിയുമായി സഹകരിക്കേണ്ടന്നാണ്‌ ഇവരുടെ തീരുമാനം. നിലവിലുള്ള ഡിസിസി ഭാരവാഹികളും സജീവമല്ല. കെപിസിസി, ഡിസിസി പുന:സംഘടന വരെ കാത്തിരിക്കാനാണ്‌ ഇവരുടെ തീരുമാനം. 
ഐ രാമറൈയെ 
മറന്നു 
ജില്ലയിൽ നിന്നുള്ള ഏക കോൺഗ്രസ്‌ എംപിയായ  ഐ രാമറൈയെ ഡിസിസി മറന്നു. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ ചരമദിനം. ഡിസിസി അനുസ്‌മരണമോ അനുബന്ധ പരിപാടിയോ സംഘടിപ്പിച്ചില്ല. ഇതിനെതിരെ നേതാക്കളിലും പ്രവർത്തകരിലും ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top