19 April Friday

പ്രവർത്തകർ തെരുവിൽ; 
തമ്മിലടിച്ച്‌ നേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Friday Aug 5, 2022
കാസർകോട്‌
സംസ്ഥാന, ജില്ലാ നേതൃത്വത്തെ വെല്ലുവിളിച്ച്‌ നേതാക്കളും പ്രവർത്തകരും പരസ്യമായി രംഗത്തിറങ്ങുന്നത്‌ ജില്ലയിൽ ബിജെപിയെ ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയിലാക്കി. സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾക്ക്‌ സംഘടനാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനോ പ്രവർത്തകരെ നിയന്ത്രിക്കാനോ കഴിയുന്നില്ല. 
ജില്ലാ കമ്മിറ്റി ഓഫീസ്‌ കൈയേറി അടച്ചിടലും ഉപരോധിക്കലും പ്രവർത്തകർ പതിവ്‌ പരിപാടിയാക്കി. ഈയടുത്ത്‌ രണ്ട്‌ തവണയാണ്‌ ജില്ലാ കമ്മിറ്റി ഓഫീസ്‌ അടച്ചിട്ട്‌ കൊടി നാട്ടിയത്‌. ബിഎംഎസ്‌, ആർഎസ്‌എസ്‌ പ്രവർത്തകരാണിവർ. രാജിവച്ച ജില്ലാ വൈസ്‌ പ്രസിഡന്റ്‌ പി രമേശൻ, ബിഎംഎസ്‌ ജില്ലാ സെക്രട്ടറി അഡ്വ. പി മുരളീധരൻ എന്നിവരാണ്‌ ഇവരുടെ പിൻബലം. കാസർകോട്‌, മഞ്ചേശ്വരം മണ്ഡലങ്ങളിൽ ശക്തമായ സ്വാധീനമുള്ളവരാണിവർ. അച്ചടക്കത്തിന്റെ അതിര്‌ പലതവണ ലംഘിച്ചിട്ടും ഇവർക്കെതിരെ നടപടിയടുക്കാൻ നേതൃത്വം ഭയക്കുകയാണ്‌. ജില്ലാ പ്രസിഡന്റ്‌ രവീശതന്ത്രിയുടെ അനുഭാവവും ഇവർക്ക്‌ തുണയാകുന്നു. 
രോഷം  സുരേന്ദ്രനോട്‌ 
സംസ്ഥാന പ്രസിഡന്റ്‌  കെ സുരേന്ദ്രനുമായും കൂടെ നിൽക്കുന്ന നേതാക്കളുമായും ഒരുവിഭാഗത്തിനുള്ള അമർഷമാണ്‌ ജില്ലയിൽ ബിജെപിയിലെ മുഖ്യപ്രശ്‌നങ്ങൾക്ക്‌ കാരണം. ഇവരോടൊപ്പം നിൽക്കുന്നവർക്ക്‌ മാത്രമാണ്‌ പരിഗണനയെന്ന്‌ പരാതിയുണ്ട്‌. പാർടി സ്ഥാനങ്ങളിലും ജോലിയിലും മറ്റുള്ളവർക്ക്‌ അവഗണനയാണ്‌. കാസർകോട്‌ കേന്ദ്ര സർവകലാശാലയിലും സ്വന്തക്കാർക്ക്‌ മാത്രമാണ്‌ നിയമനം. ഇതിനായി വലിയ അഴിമതിയാണ്‌ നടക്കുന്നതന്നും ആക്ഷേപമുണ്ട്‌. ജില്ലയിൽ സുരേന്ദ്രന്റെ വലംകൈയാണ്‌ കെ ശ്രീകാന്ത്‌. ജില്ലാ പ്രസിഡന്റ്‌ സ്ഥാനം ഒഴിഞ്ഞയുടൻ അദ്ദേഹത്തെ സംസ്ഥാന സെക്രട്ടറിയാക്കിയത്‌ എതിർവിഭാഗത്തെ പ്രകോപിപിച്ചു. കുമ്പളയിലെ സംഘടനാ പ്രശ്‌നങ്ങളിൽ ശ്രീകാന്തിനെതിെരെ നടപടി ആവശ്യപ്പെട്ട്‌ പ്രതിഷേധം ഉയർത്തവേയാണ്‌ ഇതുണ്ടായത്‌.
പാർടി പരിപാടിക്ക്‌ ആളില്ല
ബിജെപിയിൽ സംഘടനാ പ്രവർത്തനം നിർജീവമാണ്‌. പാർടി പരിപാടികളിൽ ആളുകൾ കുറവാണ്‌. സംസ്ഥാന  കമ്മിറ്റി പ്രഖ്യാപിച്ച സമരപരിപാടികൾ നടത്താനാകുന്നില്ല. കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങൾ താഴെത്തട്ടിലെത്തിക്കാനുള്ള പ്രചാരണവും പൊളിഞ്ഞു. കേന്ദ്ര, സംസ്ഥാന നേതാക്കളെത്തി പൊതുസമ്മേളനങ്ങൾ നടത്താൻ പദ്ധതിയിട്ടുവെങ്കിലും നടന്നില്ല. പാർടിയിലെ പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സംസ്ഥാന നേതാക്കളെ തടയുമെന്ന ഒരുവിഭാഗത്തിന്റെ മുന്നറിയിപ്പും നേതാക്കളെ ആശങ്കയിലാക്കുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top