ഭീമനടി
റോഡിലൂടെയുള്ള ശക്തമായ വെള്ളത്തിന്റെ ഒഴുക്കിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ എച്ച്ടി വൈദ്യുതി ലൈനിന്റെ തൂണിൽ ഇടിച്ചു. മുക്കട– ഭീമനടി പൊതുമരാമത്ത് റോഡിൽ പാങ്കയം ബസ് വെയിറ്റിങ് ഷെഡിനടുത്താണ് കഴിഞ്ഞദിവസം അപകടമുണ്ടായത്.
അപകടത്തിൽ ആർക്കും പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി തൂണ് ഒടിഞ്ഞ് കാറിന്മുകളിലേക്കും റോഡിലേക്കും വീണു. ഈ സമയത്ത് വൈദ്യുതി നിലച്ചതിനാൽ വൻ അപകടം ഒഴിവായി. നാട്ടുകാർ ഉടനെത്തി അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചു. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
തകർന്ന തൂൺ വൈദ്യുതി ജീവനക്കാർ മാറ്റിയതിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സമീപത്തെ ഓവുചാലിൽനിന്ന് റോഡിലേക്ക് ഒഴുകുന്ന വെള്ളമാണ് ഇവിടെ അപകടമുണ്ടാക്കുന്നത്. കഴിഞ്ഞദിവസം ബൈക്ക് യാത്രികൻ ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു.
റോഡ് നവീകരണ സമയത്ത് ഓവുചാലിന്റെയും വെള്ളക്കെട്ടിന്റേയും അപകട സാധ്യത നാട്ടുകാർ അധികൃതരെ അറിയിച്ചുവെങ്കിലും നടപടി ഉണ്ടായില്ല. മെക്കാഡം ടാറിങ്ങിലൂടെ ശക്തമായി പരന്നൊഴുകുന്ന വെള്ളത്തിന്റെ ശക്തി ഡ്രൈവർമാർക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല. ഇവിടെയുള്ള ഓവുചാലിൽനിന്ന് മണ്ണെടുത്തുമാറ്റി വെള്ളക്കെട്ട് ഒഴിവാക്കിയാൽ ഒരു പരിധിവരെ അപകടം ഒഴിവാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..