12 August Friday
ഫണ്ടുണ്ട്‌

ഹൊസ്‌ദുർഗ്‌ സ്‌കൂളിന്‌ സ്ഥലം വേണം

ടി കെ നാരായണൻUpdated: Tuesday Jul 5, 2022

ഹൊസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ കോടതി പരിസരത്തെ കളിസ്ഥലം

കാഞ്ഞങ്ങാട്‌   
സംസ്ഥാന സർക്കാർ ഒരു കോടി രൂപ ഫണ്ട്‌ അനുവദിച്ചെങ്കിലും  കെട്ടിടം നിർമിക്കാൻ സ്ഥലമില്ലാത്തതിനാൽ  ഹൊസ്‌ദുർഗ്‌ ഗവ. ഹയർസെക്കൻഡറിയിലെ ഹൈസ്‌കൂൾ വിഭാഗത്തിന്റെ  പഠനം പ്രതിസന്ധിയിൽ. 
കഴിഞ്ഞ അഞ്ച്‌ വർഷം തുടർച്ചയായി എസ്‌എസ്‌എൽസി പരീക്ഷയിൽ നൂറുശതമാനം വിജയം നേടുന്ന മാതൃകാവിദ്യാലയത്തിനാണ്‌  ഈ അവസ്ഥ. മാന്തോപ്പ്‌ മൈതാനിയോട്‌  ചേർന്ന 1.10 ഏക്കർ സ്ഥലമാണ്‌ സ്‌കൂളിനുള്ളത്‌. സ്‌കൂൾ സ്ഥലത്ത്‌ 35 ശതമാനം കെട്ടിടം മാത്രമേ പാടുള്ളൂ എന്നാണ്‌ ചട്ടം. എന്നാൽ പ്രത്യേക അനുമതിയോടെ സ്ഥലപരിമിതി മറികടയ്‌ക്കാൻ 65 ശതമാനം സ്ഥലത്തും ഹൊസ്‌ദുർഗിൽ കെട്ടിടം നിർമിച്ചു. ഇനി ഇവിടെ കെട്ടിടം പണിയാൻ അനുമതി ലഭിക്കില്ല. സ്‌കൂളിന്‌ ഹൊസ്‌ദുർഗ്‌ കോടതി പരിസരത്ത്‌ വിശാലമായ കളിക്കളമുണ്ട്‌. 
കളിസ്ഥലം മാറ്റിവച്ച്‌ ഇവിടെ ഒരു കോടി രൂപയുടെ കെട്ടിടം നിർമിച്ചാൽ ക്ലാസ്‌മുറികളുടെ അഭാവം പരിഹരിക്കാനാവും.  അനുവദിച്ച ഫണ്ട്‌ ഉപയോഗപ്പെടുത്താതിരുന്നാൽ തുടർഫണ്ട്‌ ലഭിക്കുന്നതും ഇല്ലാതാകും. 
യുപി, ഹൈസ്‌കൂൾ വിഭാഗത്തിലായി 775 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്‌.  മെച്ചപ്പെട്ട കംപ്യൂട്ടർ , ശാസ്‌ത്രലാബുകൾ  എന്നിവയുടെ കുറവും ഇവിടെയുണ്ട്‌. വർഷങ്ങൾക്ക്‌ മുമ്പ്‌ നിർമിച്ച പഴയ കെട്ടിമാണ് ഹൈസ്‌കൂൾ വിഭാഗത്തിന്‌. മികച്ച സ്‌കൂളായതോടെ  ദൂരസ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ വരെ ഇവിടെയെത്തുന്നുണ്ട്‌.
 അഞ്ച്‌, ആറ്‌, ഏഴ്‌ ക്ലാസ്സുകളിൽ നാല്‌ ഡിവിഷനകളും എട്ട്‌,  ഒമ്പത്‌ ക്ലാസുകളിൽ   നാല്‌ ഡിവിഷനും പത്തിൽ മൂന്ന്‌ ഡിവിഷനുമുണ്ട്‌. വിദ്യാഭ്യാസ വകുപ്പ്‌ നിഷ്‌കർഷിച്ചതിലധികം കുട്ടികളെ ഒരു ക്ലാസ്‌ മുറിയിൽ ഇരുത്തി പഠിപ്പിക്കേണ്ട സാഹചര്യമാണ്‌ ഇപ്പോഴുള്ളത്‌. 
മുറിയില്ലാത്തതിനാൽ  എല്ലാവർക്കും പ്രവേശനം നൽകാനാവുന്നില്ല. ഫർണിച്ചർ ക്ഷാമമുണ്ടായപ്പോൾ അധ്യാപകരും രക്ഷിതാക്കളുമാണ്‌  ബെഞ്ചും ഡസ്‌കുമൊരുക്കിയത്‌. 1.68 കോടി ചെലവിട്ട്‌ ഹയർസെക്കൻഡറിക്കായി പണിത അഞ്ച്‌ ക്ലാസ്‌മുറി   ഹൈസ്‌കൂൾ വിഭാഗം താൽക്കാലികമായി ഉപയോഗിക്കുന്നത്‌.  വൈദ്യുതീകരണവും പ്ലംബിങ്ങും  ഇവിടെ നടന്നിട്ടില്ല. പ്ലസ്‌ വൺ ക്ലാസുകൾ തുടങ്ങിയാൽ ഹൈസ്‌കൂൾ കുട്ടികൾ പ്രതിസന്ധിയിലാവുന്ന അവസ്ഥയാണ്‌.
ഹൊസ്‌ദുർഗ്‌ കോടതി പരിസരത്തെ സ്ഥലം ഉപയോഗിച്ച്‌ ക്ലാസ്‌മുറി നിർമിക്കാനാവും.  ഹൈസ്‌കൂൾ വിഭാഗത്തിന്‌ ക്ലാസ്‌ മുറി സജ്ജികരിക്കാനാകാതെ മുന്നോട്ടുപോകാനാകില്ല.  കാലപ്പഴക്കം ചെന്ന ശുചിമുറികൾ പിടിഎ ഇടപെട്ട്‌ നന്നാക്കി. മൂന്നു ലക്ഷം രൂപ സ്വരൂപിച്ച്‌ അത്യാവശ്യത്തിനുള്ള  ഫർണിച്ചറും റെഡിയാക്കി. 
സന്തോഷ്‌ കുശാൽനഗർ, പിടിഎ പ്രസിഡന്റ്‌
120 വർഷം പഴക്കമുള്ള സ്‌കൂളിന്റെ മുന്നോട്ടുപോക്കിന്‌ സ്‌കൂൾ വികസന സമിതി കാര്യമായി ഇടപെടുന്നുണ്ട്‌. ഇ ചന്ദ്രശേഖരൻ എംഎൽഎൽഎയും നഗരസഭയും  സഹായം ഉറപ്പ്‌ നൽകിയിട്ടുണ്ട്‌.  എറ്റവും കുടുതൽ പിഎസ്‌സി പരീക്ഷ നടക്കുന്ന കേന്ദ്രം. വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ പരിശീലന പരിപാടികളും ഇവിടെ നടക്കുന്നു. പഴയ ജില്ലാ ആശുപത്രിയിൽ കേന്ദ്രീയ വിദ്യാലയം  പ്രവർത്തിച്ച കെട്ടിടം താൽക്കാലികമായി അനുവദിച്ചു തരണമെന്ന്‌ ആവശ്യപ്പെട്ട്‌ ആരോഗ്യ മന്ത്രിക്ക്‌ നിവേദനം നൽകിയിട്ടുണ്ട്‌.
വി വി രമേശൻ, സ്‌കൂൾ വികസന സമിതി ചെയർമാൻ
ഹയർസെക്കൻഡറി വിഭാഗത്തിൽ സയൻസ്‌, കംപ്യൂട്ടർ സയൻസ്‌, ഹ്യുമാനിറ്റീസ്‌ ഗ്രൂപ്പുകളിലായി 400 വിദ്യാർഥികളാണ്‌ പഠിക്കുന്നത്‌.  നഗരസഭയുടെയും  പിടിഎയുടെയും സ്‌കൂൾ വികസന സമിതിയുടെയും നേതൃത്വപരമായ ഇടപെടലിൽ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ്‌.
ഡോ. എ വി സുരേഷ്‌ ബാബു, പ്രിൻസിപ്പൽ
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top