25 April Thursday

അതിർത്തിയിലെ ഗുണ്ടാപ്രവർത്തനം അടിച്ചമർത്തും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022

കാസർകോട്‌

ജില്ലയിലെ വടക്കൻ മേഖലയിലെ മദ്യ-–- മയക്കുമരുന്ന്-–- ഗുണ്ടാ പ്രവർത്തനങ്ങൾ കർശനമായി തടയുമെന്ന്‌  മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സി എച്ച്‌ കുഞ്ഞമ്പു എംഎൽഎയുടെ സബ്‌മിഷന്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം. 
സാമൂഹ്യവിരുദ്ധർക്കെതിരെ മജിസ്റ്റീരിയൽതല നടപടികളും, കാപ്പ നിയമപ്രകാരവും നടപടിയെടുത്തു. ജില്ലാ മജിസ്ട്രേറ്റിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 19 പേരെ കരുതൽ തടങ്കലിലാക്കി. നിലവിൽ 16 പേർ കരുതൽ തടങ്കലിലാണ്. ആറുപേർക്കെതിരെ നാടുകടത്തൽ ഉത്തരവും പുറപ്പെടുവിച്ചു.
ജില്ലയിൽ മയക്കുമരുന്ന് ഉപയോഗവും വ്യാപനവും തടയുന്നതിന്റെ ഭാഗമായി ഈ വർഷം മാത്രം  500 കേസിലായി 597 പേരെ അറസ്റ്റുചെയ്‌തു. 2021-ൽ റിപ്പോർട്ട് ചെയ്ത 78 ഭവനഭേദന കേസുകളിൽ 23 എണ്ണത്തിലും ഈ വർഷം റിപ്പോർട്ട് ചെയ്ത 49 കേസുകളിൽ 20 എണ്ണത്തിലും പ്രതികളെ പിടികൂടി.
പുത്തിഗെ സ്വദേശി അബൂബക്കർ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ്  അന്വേഷിക്കുകയാണ്‌. അബൂബക്കർ സിദ്ദിഖിന് പ്രതികളിൽ ചിലരുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നൂ. ഇതു സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്‌. കേസിൽ അറസ്‌റ്റിലായ ആറുപേർ റിമാൻഡിലാണ്‌. മറ്റ് പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടൻ അറസ്‌റ്റുചെയ്യും.
 പൈവളിഗെയിൽതന്നെ കഴിഞ്ഞദിവസം രണ്ടുപേരെ തട്ടിക്കൊണ്ടുപോയി അന്യായ തടങ്കലിൽ പാർപ്പിച്ച് ദേഹോപദ്രവമേൽപ്പിച്ച്‌ ഉപേക്ഷിച്ച സംഭവത്തിൽ കാസർകോട്‌ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എംഎൽഎമാർ മുഖ്യമന്ത്രിയെ കണ്ടു; പ്രത്യേക പൊലീസ്‌ 
സംഘത്തെ നിയോഗിക്കും
കാസർകോട്‌ 
മഞ്ചേശ്വരം, കാസർകോട്‌ താലൂക്കുകളിൽ  ക്രമസമാധാനം തകർക്കുന്നവിധം അനിഷ്ടസംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട്‌ ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ജില്ലയിലെ എംഎൽഎമാർ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ഈ മേഖലയിൽ പരിശോധനയ്‌ക്കും നിരീക്ഷണത്തിനുമായി പ്രത്യേക പൊലീസ്‌ സംഘത്തെ നിയോഗിക്കുമെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു. പൈവളിഗെയിൽ അനുവദിച്ച പൊലീസ്‌ സ്‌റ്റേഷൻ ഉടൻ തുറക്കും.  എംഎൽഎമാരായ സി എച്ച്‌ കുഞ്ഞമ്പു, എം രാജഗോപാലൻ, എൻ എ നെല്ലിക്കുന്ന്‌, എ കെ എം അഷറഫ്‌ എന്നിവരും ഒപ്പമുണ്ടായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top