28 March Thursday
ഇന്ന്‌ ലോക പരിസ്ഥിതി ദിനം

വൃത്തിയുടെ പാഠത്താൽ, 
ചീമേനിയിൽ ശുചിത്വ കളിയാട്ടം

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023

ചീമേനി ഫെസ്‌റ്റ്‌ നഗരിയിൽ സ്ഥാപിച്ച മാലിന്യ സംസ്‌കരണ യൂണിറ്റ്‌

ചീമേനി
ജില്ലയിലെ ഏറ്റവുംദിവസം നീളുന്നതും ലക്ഷത്തോളം  ജനങ്ങൾ എത്തുന്നതുമായ ഉത്സവമാണ്‌ കയ്യൂർ ചീമേനി പഞ്ചായത്തിലെ ചീമേനി മുണ്ട്യ കളിയാട്ടം. കിലോമീറ്ററുകളോളേം നീണ്ട വിൽപന സ്‌റ്റാളുകൾ കളിയാട്ടത്തിന്റെ പ്രത്യേകത. ഇത്തവണ ‘സിപ്‌റ്റ’ ചീമേനി ഒരുക്കിയ ഫെസ്‌റ്റും കൂടിയായപ്പോൾ ജനസഞ്ചയമായിരുന്നു ചീമേനിയിലെത്തിയത്‌. പക്ഷെ പഞ്ചായത്തിനും ആരോഗ്യവകുപ്പ്‌ അധികൃതർക്കും ഒരു നിർബന്ധമുണ്ടായിരുന്നു. പ്ലാസ്‌റ്റിക്‌ ബാഗുകളോ മാലിന്യങ്ങളോ അവശേഷിക്കരുതെന്ന്‌. അതിനുള്ള മുൻകരുതലുകളുടെ ഫലമായിരുന്നുകണ്ടത്‌. കളിയാട്ടവും ഫെസ്‌റ്റും ഒരുതരി മാലിന്യംപോലും എവിടെയും അവശേഷിപ്പിച്ചില്ല. വൃത്തിയുള്ള പാചകപ്പുരയും ഊട്ടുപുരയും ഹരിതചട്ടം  പാലിച്ച അന്നദാനവും നടത്തുന്നതിൽ ആരോഗ്യവകുപ്പിന്റെ മുഴുനീള നിരീക്ഷണവും മോണിറ്ററിങും  ഏർപെടുത്തി. മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ്, ജൈവമാലിന്യ സംസ്‌കരണ മോസ്പിറ്റ് എന്നിവ  ഒരുക്കുകയും ചെയ്‌തു. പാചകത്തിനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന വെള്ളം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധിച്ച്‌  ആവശ്യത്തിന്‌  ക്ലോറിനേഷനും നടത്തി. 24 മണിക്കൂറും പ്രവർത്തിച്ച ആരോഗ്യസേവനം, പ്രഥമ ശുശ്രൂഷ, ആംബുലൻസ് സേവനം, പൊതുജനാരോഗ്യ സേവനം എന്നിവയും കാര്യക്ഷമമായി. കയ്യൂർ കുടുംബാരോഗ്യ കേന്ദ്രം, ബ്ലോക്ക് പരിധിയിലെ ആരോഗ്യ പ്രവർത്തകരുടെ സേവനം എന്നിവ  ഉപയോഗപ്പെടുത്തുകയും ചെയ്‌തു. പ്ലാസ്റ്റിക്ക് മാലിന്യശേഖരണത്തിനായി ചണ ബാഗുകൾ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ സ്ഥാപിച്ചു. അമ്പലപരിസരവും ടൗണും ദിവസവും ശുചീകരിക്കുന്നതിനായി ഹരിതകർമ സേന  പ്രവർത്തിച്ചു. മുഴുവൻ ദിവസങ്ങളിലും ശുചിത്വ പരിപാലനത്തിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കാൻ ഡിജിറ്റൽ പോസ്റ്റർ സന്ദേശം,  വാട്സാപ്‌ വഴിയുള്ള പ്രചരണം എന്നിവയും ഒരുക്കി. ചീമേനി പൊലീസ് സ്റ്റേഷന്റെ  ഇടതടവില്ലാത്ത സേവനവും സഹായകമായി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top