20 April Saturday

പൈശാചികം

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2023
ബദിയഡുക്ക
ഏൽക്കാനയിൽ റബർ തോട്ടത്തിലെ വീട്ടിൽ ടാപ്പിങ് തൊഴിലാളിയായ നീതു കൃഷ്‌ണയെ ഭർത്താവ്‌ കൊലപ്പെടുത്തിയത്‌  അതിക്രൂരമായി. തിരുവനന്തപുരത്ത്‌ പിടിയിലായ വയനാട്‌ മേപ്പാടി മുട്ടിൽ താഴ്‌വാരത്തെ ആന്റോ സെബാസ്‌റ്റ്യനെ  കാസർകോട്ടെത്തിച്ച്‌ നടത്തിയ  ചോദ്യം ചെയ്യലിലാണ്‌ ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്‌. സ്വർണ കൈച്ചെയിൻ  ചോദിച്ചിട്ട്‌ കൊടുക്കാത്തതിനാണ്‌ കൊലപാതകമെന്ന്‌ പ്രതി സമ്മതിച്ചു. ജനവരി 27നായിരുന്നു കൊലപാതകം. നീതുവിന്റെ സ്വണാഭരണങ്ങൾ ആന്റോ പണയപ്പെടുത്തിയിരുന്നു. ബാക്കിയുള്ള കൈച്ചെയിൻ ചോദിച്ചപ്പോൾ കൊടുക്കാത്തിനാൽ  നിരന്തരം മർദിച്ചു. ആന്റോയുടെ മൂന്നാംഭാര്യയാണ്‌ നീതു. കൊല്ലത്ത്‌ കൂലിപ്പണി ചെയ്യുന്നതിനിടെയാണ്  ആന്റോ കടയിൽ ജോലിക്ക്‌ നിൽക്കുകയായിരുന്ന നീതുവിനെ പരിചയപ്പെട്ടത്‌. ആദ്യഭർത്താവ്‌ മരിച്ച നീതു നാലുവർഷംമുമ്പാണ്‌ ആന്റോയെ വിവാഹം കഴിച്ചത്‌. രണ്ടുമാസം മുമ്പാണ്‌ എൽക്കാനയിൽ ടാപ്പിങ്‌ ജോലിക്കെത്തിയത്‌.   
മൃതദേഹത്തിനൊപ്പം 
3 ദിവസം
 27ന്‌ പകൽ നീതുവിനെ ശ്വാസംമുട്ടിച്ച്‌ കൊല്ലാൻ ശ്രമിച്ചു. താഴെവീണ നീതു നേർത്ത ശബ്ദുമുണ്ടാക്കിയപ്പോൾ തുണി കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. മരിച്ചെന്ന്‌ ഉറപ്പുവരുത്തി കൈയിൽനിന്ന്‌ ചെയിൻ എടുത്തു. വീട്ടിൽ നിന്നിറങ്ങിയ ഇയാൾ  പെർളയിലെ സഹകരണ സ്ഥാപനത്തിൽ ചെയിൻ പണയംവെച്ച്‌ 22,000 രൂപ വാങ്ങി. മദ്യവും ഭക്ഷണവുമായി വീട്ടിലെത്തി. തുടർന്നുള്ള മൂന്നുദിവസം ഇവിടെ കഴിഞ്ഞു. ഭാര്യ നാട്ടിൽ പോയെന്നാണ്‌ മറ്റുള്ളവരോട്‌ പറഞ്ഞത്‌. ഒന്നിന്‌ വീട്ടുവിട്ടിറങ്ങിയ ഇയാൾ കോഴിക്കോട്‌ പോയി മദ്യപിച്ച്‌ ഭക്ഷണം കഴിച്ച്‌ സിനിമ കണ്ടു. തുടർന്ന്‌ എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ കറങ്ങി. മുംബൈയിലേക്ക്‌ പോകാനുള്ള തയ്യാറെടുപ്പിനിടെയാണ്‌ പിടിയിലായത്‌. 
മൊബൈൽ തുറന്നപ്പോൾ വെട്ടിലായി
മൊബൈൽ ഫോൺ ഓഫാക്കിയായിരുന്നു സഞ്ചാരം. ഇടയ്‌ക്ക്‌ ഫേയ്‌സ്‌ബുക്ക്‌ നോക്കാൻ ഓൺ ചെയ്‌തപ്പോഴാണ്‌  സഞ്ചാരവഴി പൊലീസ്‌ കണ്ടെത്തിയത്‌. 
ജില്ലാ സൈബർ ക്രൈം പൊലീസ്‌ ഇൻസ്‌പെക്ടർ കെ പ്രേംസദന്റെ നേതൃത്വത്തിലുള്ള  സംഘമാണ്‌ അന്വേഷണം നടത്തിയത്‌.  
പ്രതിയുമായി ഏൽക്കാനയിലെ വീട്ടിലെത്തിച്ച്‌ തെളിവെടുത്ത പൊലീസ്‌ ഇയാൾ പോകുന്ന വഴിയിൽ ഉപേക്ഷിച്ച നീതുവിന്റെ രണ്ട്‌ ഫോൺ, വസ്‌ത്രങ്ങളടങ്ങിയ ബാഗ്‌ എന്നിവ കണ്ടെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top