29 March Friday

ഇനിയും കാത്തിരിക്കണോ കോട്ടിക്കുളം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022

പാലക്കുന്നിലെ കോട്ടിക്കുളം റെയിൽവേ ഗേറ്റ്‌ അടച്ചപ്പോഴുള്ള ഗതാഗതക്കുരുക്ക്‌

ഉദുമ
പ്ലാറ്റ് ഫോമിനുള്ളിലൂടെ കടന്നുപോകുന്ന റെയിൽവേ ക്രോസുള്ള സംസ്ഥാനത്തെ ഏക റെയിൽവേ സ്റ്റേഷനാണ് കോട്ടിക്കുളം. റെയിൽവേ മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടും കോട്ടിക്കുളം മേൽപ്പാലം ടെൻഡറിലേക്ക്‌ നീങ്ങിയിട്ടില്ല.  
കാസർകോട്‌–-കാഞ്ഞങ്ങാട്‌ സംസ്ഥാന പാതയിൽനിന്ന്‌ ദേശീയപാതയിലേക്ക്‌  എളുപ്പത്തിലെത്താൻ സാധിക്കുന്ന റോഡിലെ റെയിൽവേ ഗേറ്റ്‌ അടച്ചാൽ ഗതാഗതക്കുരുക്ക് പാലക്കുന്ന്‌ ടൗൺവരെ നീളും. കോട്ടിക്കുളം മേൽപ്പാലം വേണമെന്ന  ആവശ്യത്തിന്‌ വർഷങ്ങളുടെ പഴക്കമുണ്ട്‌. സംസ്ഥാന സർക്കാർ 23 കോടിയോളം രൂപ രണ്ട്‌ ഘട്ടങ്ങളിലായി മേൽപ്പാലത്തിന്‌ നീക്കിവച്ചു. ഭൂമി ഏറ്റെടുക്കൽ നടപടിയും പൂർത്തിയാക്കി. എന്നിട്ടും റെയിൽവേ പുറംതിരിഞ്ഞ്‌ നിൽക്കുകയാണ്‌. 
     ബേക്കൽ വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള  പ്രധാനസ്റ്റേഷനാണ് കോട്ടിക്കുളം. റെയിൽവേ സുരക്ഷയെ ബാധിക്കുന്നതിനാൽ  വർഷങ്ങൾക്ക് മുമ്പ്‌ മേൽപ്പാലത്തിന്‌  സ്ഥലം ഏറ്റെടുത്തിരുന്നു. കിഫ്ബിയിൽനിന്ന്‌ 2017-ൽ 19.60 കോടി രൂപ അനുവദിച്ചു. സംസ്ഥാന സർക്കാരിന്റെ റോഡ്‌സ്‌ ആൻഡ്‌ ബ്രിഡ്‌ജ്‌ വിഭാഗം  റെയിൽവേയുടെ അനുമതിക്കായി അപേക്ഷ നൽകി. ഏറ്റെടുത്ത തങ്ങളുടെ ഭൂമിക്ക് വില തരണമെന്ന്‌ റെയിൽവേ ആവശ്യപ്പെട്ടു. കിഫ്ബി അത്‌ സമ്മതിച്ചു. എന്നിട്ടും  മേൽപ്പാലം ടെൻഡർ ചെയ്യാൻ റെയിൽവേ അനുമതിയായില്ല. അന്നത്തെ പൊതുമരാമത്ത്‌ മന്ത്രി ജി സുധാകരൻ 2019ൽ കേന്ദ്ര റെയിൽവേ മന്ത്രിക്ക്  കത്ത് നൽകിയപ്പോൾ 2020–--21ലെ പ്രവൃത്തിയിൽ അനുമതി നൽകാമെന്നായിരുന്നു മറുപടി. ഇതുവരെ അനുകൂലമായ  നടപടിയുണ്ടായില്ല. റെയിൽവേ ജനറൽ മാനേജർക്കും കേന്ദ്ര റെയിൽവേ  മന്ത്രിക്കും സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ കത്ത്‌ നൽകിയിട്ടുണ്ട്‌.  ഉദുമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ലക്ഷ്‌മി ചെയർപേഴ്‌സണും എം എ ഖാദർ കോട്ടിക്കുളം കൺവീനറുമായുള്ള സർവകക്ഷി ആക്ഷൻ കമ്മിറ്റി പ്രവർത്തിക്കുന്നു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top