26 April Friday

വീട്ടിൽ കഴിയുന്ന രോഗികളുടെ എണ്ണം കുറക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021
കാസർകോട്‌
ജില്ലയിലെ കോവിഡ്- വ്യാപനം നിയന്ത്രിക്കാൻ വീടുകളിൽ നിരീക്ഷണത്തിലാക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്താനും  രോഗികളുടെ വിപുലമായ സമ്പർക്കപട്ടിക തയ്യാറാക്കാനും നിർദേശം.
കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിന്റെ അധ്യക്ഷതയിൽ ചേർന്ന   തദ്ദേശ സ്ഥാപന അധ്യക്ഷരുടെയും സെക്രട്ടറിമാരുടെയും മെഡിക്കൽ ഓഫീസർമാരുടെയും  ഓൺലൈൻ യോഗത്തിലാണ്‌ നിർദേശം.  നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രൊജക്ട് മാനേജർ ഡോ. എ വി രാമദാസാണ്  നിർദേശങ്ങൾ അവതരിപ്പിച്ചത്.
മതിയായ സൗകര്യങ്ങളുണ്ടെങ്കിലേ വീട്ടിൽ നിരീക്ഷണത്തിലിരിക്കാവൂ. പ്രത്യേക ശുചിമുറിയില്ലെങ്കിൽ
നിർബന്ധമായും കോവിഡ്‌ പ്രഥമ കേന്ദ്രങ്ങളിലേക്ക് മാറണം.  എല്ലാ പഞ്ചായത്തിലും  സെന്ററുകൾ സജ്ജമാണ്. വീടുകളിൽ നിന്ന് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഈ നിർദേശം. സാരമായ ആരോഗ്യ പ്രശ്‌നമുള്ളവരെ നിർബന്ധമായും സിഎഫ്എൽടിസികളിലേക്ക് മാറ്റണം. 
കോവിഡ് പോസിറ്റീവ് ആകുന്നതിന് രണ്ട് ദിവസം മുമ്പും തുടർന്നുള്ള മൂന്ന് ദിവസവും നേരിട്ട് സമ്പർക്കത്തിലേർപ്പെട്ടവരെ നിരീക്ഷണത്തിലാക്കും. ഇതിന്റെ വിവര ശേഖരണത്തിനൊപ്പം കൃത്യമായി വാർഡ്തല ജാഗ്രതാ സമിതികളുടെ നിരീക്ഷണവും ഏർപ്പെടുത്തും. കണ്ടെയിൻമെന്റ് സോൺ കേന്ദ്രീകരിച്ച് ജാഗ്രതാ സമിതികളുടെ പ്രവർത്തനം ശക്തമാക്കണം.  രോഗികൾക്ക് പൾസ് ഓക്സി മീറ്ററുകൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും ആർടിപിസിആർ നടത്തിയാൽ ഫലം വരും വരെ സമ്പർക്കമില്ലാതെ നിരീക്ഷണത്തിൽ കഴിയണമെന്നും നിർദേശിച്ചു.
കർണാടകയിലേക്ക് പോകാൻ ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ ഫലം ലഭിക്കുന്നതിന്റെ കാലതാമസം ഒഴിവാക്കണമെന്ന് അതിർത്തി മേഖലയിലെ പഞ്ചായത്ത് പ്രസിഡന്റുമാർ ആവശ്യപ്പെട്ടു.  ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കലക്ടർ അറിയിച്ചു.  പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ  ജയ്സൺ മാത്യുവും സംസാരിച്ചു.
 
789 പേര്‍ക്ക് കൂടി 
കാസർകോട് 
ജില്ലയിൽ 789 പേർ കൂടി കോവിഡ് പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 685 പേർക്ക് ഭേദമായി.  നിലവിൽ 7007 പേരാണ് ചികിത്സയിലുള്ളത്.  ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്‌: 11.4. വീടുകളിൽ 25820 പേരും സ്ഥാപനങ്ങളിൽ 1248 പേരുമുൾപ്പെടെ  ആകെ നിരീക്ഷണത്തിലുള്ളത് 27068 പേരാണ്. പുതിയതായി 1479 പേരെ കൂടി നിരീക്ഷണത്തിലാക്കി. 109553 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.  മരിച്ചവരുടെ എണ്ണം 350 ആയി ഉയർന്നു.

അജാനൂരിൽ  രോഗികളെ മാറ്റുന്നു 
അജാനൂർ
വീടുകളിൽ നിന്നുള്ള രോഗവ്യാപനം കുറയ്ക്കാൻ രോഗികളെ കോവിഡ്‌ പ്രഥമ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ അജാനൂർ പഞ്ചായത്ത്. ക്വാറന്റൈൻ പാലിക്കാൻ സൗകര്യമില്ലാത്ത കോവിഡ് രോഗികളെയാണ് വെള്ളിക്കോത്തെ  സെന്ററിലേക്ക് മാറ്റുന്നത്. നിലവിൽ ഇരുപതിലധികം പേർ ഇവിടെയുണ്ട്. ആവശ്യമെങ്കിൽ രോഗവ്യാപനം കൂടുന്ന വാർഡുകൾ കേന്ദ്രീകരിച്ചും  സെന്ററുകൾ ഒരുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ പറഞ്ഞു. 
തുടർച്ചയായി ഡി കാറ്റഗറിയിലാണ് അജാനൂർ പഞ്ചായത്ത്.  രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് പരിശേധന നിരക്ക് കൂട്ടി. രണ്ട് വാർഡുകൾക്ക് ഒരു കേന്ദ്രമെന്ന നിലയിൽ എല്ലാ ദിവസവും കോവിഡ് പരിശോധന നടത്തുന്നു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top