29 March Friday

കവ്വായിക്കായലിൽ കടലാള പക്ഷിയും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021

കവ്വായികായലിൽ കണ്ടെത്തിയ ചെറിയ കടലാളകൾ

തൃക്കരിപ്പൂർ
വിജന ദ്വീപുകളിലും തീരങ്ങളിലും മാത്രം കാണുന്ന  ചെറിയ കടലാളകൾ കവ്വായിക്കായലിൽ താവളമൊരുക്കുന്നു. കല്ലുമ്മക്കായ വളർത്താനായി കായലിന് നടുവിൽ കുഴിച്ചിട്ട മുളംകുറ്റികളിലാണ്  പക്ഷികൾ കൂട്ടമായി വന്ന് വിശ്രമിക്കുന്നത്.  
സുലഭമായി ലഭിക്കുന്ന ചെറുമൽസ്യങ്ങളെ ആഹാരമാക്കി നൂറിലധികം ‘ലെസ്സർ ക്രെസ്റ്റഡ് ടേൺ’ എന്നുവിളിക്കുന്ന  ചെറിയ കടലാളകളാണ് ഏപ്രിൽ മുതൽ ഇവിടെ വാസമുറപ്പിച്ചത്. പരിസ്ഥിതി പ്രവർത്തകൻ പി വേണുഗോപാലനും  ഉദിനൂർ സെൻട്രൽ സ്കൂളിൽ ഏഴാംതരത്തിൽ പഠിക്കുന്ന മകൾ നിളയും ചേർന്ന്  പരിസ്ഥിതി ചിത്രീകരണത്തിനായി കായലിൽ സഞ്ചരിക്കവെയാണ്  പക്ഷിക്കൂട്ടത്തെ നിരീക്ഷിച്ചത്.  പക്ഷി നിരീക്ഷകനായ തലശ്ശേരിയിലെ ശശിധരൻ മനേക്കരയാണ്‌ ആധികാരികമായി തിരിച്ചറിഞ്ഞത്‌.
ചെറിയ കടലാളയുടെ മൂന്ന് ഉപജാതികളിലൊന്നായ ‘തലാസ്സിയസ് ബംഗാളൻസിസ്' എന്ന ഉപജാതിയാണ് ദേശാടകരായി നമ്മുടെ തീരത്തെത്തിയത്. ഇന്ത്യൻ മഹാസമുദ്രം, പേർഷ്യൻ ഉൾക്കടൽ, ചെങ്കടൽ മേഖലകളിലാണ് ഇവയുടെ വാസം. കേരളത്തിൽ കൂടു വെക്കാറില്ല. പണ്ടുകാലത്ത് ലക്ഷദ്വീപിലുണ്ടായിരുന്നു; ഇപ്പോഴില്ല.
 പുറം ഇളം ചാരനിറവും അടിവശം തൂവെള്ളയുമായ ഇതിന്റെ തലയിൽ കറുത്ത നിറത്തിൽ തൊപ്പി വെച്ചതു പോലെ തൂവലുകൾ കാണാം .പ്രജനനകാലത്ത് ഈ തൊപ്പിത്തൂവലുകൾ വളർന്നു താഴേക്ക് ചാഞ്ഞ് ശിഖ പോലെ കിടക്കും.  മഞ്ഞ കലർന്ന ഓറഞ്ചു നിറമുള്ള നീണ്ടു കൂർത്ത കൊക്കാണ് തിരിച്ചറിയാനുള്ള അടയാളം. വീതി കുറഞ്ഞ് നീളം കൂടിയ ചിറകുള്ളതിനാൽ ഏറെ നേരം പറക്കാനും വെള്ളത്തിൽ ഊളിയിട്ട് മീർ റാഞ്ചാനും  നല്ല മെയ് വഴക്കമുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top