29 March Friday

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു രോഗീ സൗഹൃദമായ 5 കുടുംബാരോഗ്യ കേന്ദ്രങ്ങൾകൂടി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020
കാസർകോട്‌ 
ആശുപത്രികൾ രോഗീ സൗഹൃദമാക്കാനും  സേവനം കൂടുതൽ ഫലപ്രദമാക്കാനുമായി ജില്ലയിൽ അഞ്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളായി. ഉദുമ നിയോജക മണ്ഡലത്തിലെ ചെമ്മനാട്പഞ്ചായത്തിലെ  ചട്ടഞ്ചാൽ കുടുംബാരോഗ്യ കേന്ദ്രം, തൃക്കരിപ്പൂർ  മണ്ഡലത്തിൽ വെസ്റ്റ് എളേരി പഞ്ചായത്തിലെ മൗക്കോട് , പടന്ന പഞ്ചായത്തിലെ പടന്ന, തൃക്കരിപ്പൂർ പഞ്ചായത്തിലെ ഉടുമ്പുന്തല, വലിയപറമ്പ പഞ്ചായത്തിലെ വലിയപറമ്പ എന്നീ  കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് വീഡിയോ  കോൺഫറൻസുവഴി  മുഖ്യമന്ത്രി പിണറായി  വിജയൻ ഉദ്ഘാടനം ചെയ്തത്. 
പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുമ്പോൾ പ്രാദേശിക ആരോഗ്യ സംവിധാനത്തിൽ വലിയ മാറ്റമാണ് സംഭവിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ  മന്ത്രി  കെ കെ  ശൈലജ അധ്യക്ഷയായി. 
സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഇ പി ജയരാജൻ, എ കെ ബാലൻ,എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ കൃഷ്ണൻകുട്ടി,  കെ ടി ജലീൽ എന്നിവർ മുഖ്യാതിഥികളായി. ആരോഗ്യ  വകുപ്പ് സെക്രട്ടറി ഡോക്ടർ രാജൻ ഖോബ്രഗഡെ സ്വാഗതവും  എൻ എച്ച് എം മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ റിപ്പോർട്ടും അവതരിപ്പിച്ചു. 
ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ എൽ  സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർ ഡോ. തോമസ് മാത്യു എന്നിവർ പങ്കെടുത്തു. 
ആർദ്രം മിഷന്റെ ഭാഗമായാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയത്.സായാഹ്ന ഒ പി, ലബോറട്ടറി, ജനസൗഹൃദ ഭൗതികസാഹചര്യങ്ങൾ, ശിശു സൗഹൃദ ഇമ്യൂണൈസേഷൻ റൂം, അവശ്യമരുന്നുകൾ, ആശ്വാസ് ക്ലിനിക്, മാനസികാരോഗ്യ ക്ലിനിക്,  ശ്വാസ് ക്ലിനിക് തുടങ്ങി വിവിധ സൗകര്യങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്‌.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top