29 March Friday

കടൽ വൃത്തിയാകും തീരം സുന്ദരവും

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022
കാസർകോട്‌
കടലും കടലോരവും മാലിന്യമുക്തമാക്കാനുള്ള സർക്കാരിന്റെ ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിക്ക്‌ ജില്ലയിലും ഒരുക്കമായി. 
കടലിന്റെ അടിത്തട്ടിൽ അടിഞ്ഞുകൂടി ട്രോൾ വലകളിൽ കുടുങ്ങി ബോട്ടുകളിലെത്തുന്ന പ്ലാസ്‌റ്റിക്ക്‌ മാലിന്യങ്ങൾ തിരികെ കടലിലേക്ക്‌  വലിച്ചെറിയാതെ പ്രത്യേകമായി നൽകുന്ന ബാഗുകളിലാക്കി കരയിലെത്തിച്ച്‌ ഹാർബറിൽ ഏറ്റുവാങ്ങി വൃത്തിയാക്കി റീസൈക്ലിങ്ങ്‌ നടത്തി ഉപയോഗിക്കുന്നതാണ്‌ പദ്ധതി. മഞ്ചേശ്വരം, കാസർകോട്‌, ചെറുവത്തൂർ ഹാർബറുകളിലും മറ്റിടങ്ങളിലും ഇത്‌ നടപ്പാക്കും.ഹാർബർ എൻജിനിയറിങ്‌ വകുപ്പ്, ഫിഷറീസ് വകുപ്പ്, കുടുംബശ്രീ, സാഫ്, ശുചിത്വ കേരള മിഷൻ, മത്സ്യഫെഡ്, കേരള സംസ്ഥാന തീരദേശ വികസന കോർപറേഷൻ, തദ്ദേശ സ്വയംഭരണ വകുപ്പ്, ടൂറിസം വകുപ്പ്, ഹരിത കേരള മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ്‌ പദ്ധതി. 
       
മാലിന്യശേഖരണത്തിന്‌ 
3000 പെട്ടി 
ഓരോ 200 മീറ്ററിനും ഒരു ശേഖരണ പെട്ടികൾ എന്ന നിലയിൽ 3000 എണ്ണം സംസ്ഥാനത്ത് സജ്ജമാക്കും. കടൽത്തീരം, കനാലുകൾ, നദികൾ, അഴിമുഖങ്ങൾ, കായലുകൾ, ബീച്ചുകൾ, ഹാർബറുകൾ, ലാൻഡിങ് സെന്ററുകൾ, ഓടകൾ, പുലിമുട്ടുകൾ എന്നിവിടങ്ങളിൽ  പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് സംഭരിക്കുന്നതിന് ആക്ഷൻ ഗ്രൂപ്പുകൾ പ്രവർത്തിക്കും. അഴിമുഖങ്ങൾ, പുലിമുട്ടുകൾ  എന്നിവിടങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ മുങ്ങിയെടുത്ത് നീക്കാൻ ഡ്രൈവർമാരുടെ സേവനം ഉപയോഗപ്പെടുത്തും. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഷഡിങ് യൂണിറ്റുകളിലേയ്ക്ക് മാറ്റി റീസൈക്ലിങ്‌ ചെയ്യുന്ന പ്രവർത്തനം ക്ലീൻ കേരള മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിർവഹിക്കും.          
5 ലക്ഷവും ട്രോഫിയും  
കടൽതീരങ്ങളിൽ ശുചീകരണ സന്ദേശം വിളിച്ചോതുന്ന മണൽ ശിൽപ നിർമാണം, പ്രദർശനങ്ങൾ സംഘടിപ്പിക്കും. കടലിനെ അറിയാം, കടൽക്കാറ്റേൽക്കാം, കടൽത്തീരമണയാം എന്ന മുദ്രാവാക്യത്തോടെ വൈകുന്നേരങ്ങളിൽ പ്ലക്കാർഡുകളേന്തിയുള്ള കടലോര നടത്തം സംഘടിപ്പിക്കും. രണ്ടാം ഘട്ടത്തിൽ സെപ്തംബർ 18ന് പ്ലാസ്റ്റിക് നിർമർജന യജ്ഞം നടത്തും. മൂന്നാം ഘട്ടത്തിൽ തുടർക്യാമ്പയിൻ. മികച്ച പ്രവർത്തനം നടത്തി കടൽത്തീരം പ്ലാസ്റ്റിക് മുക്തവും ശുചിത്വമുള്ളതും മനോഹരവുമാക്കുന്ന ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ തെരഞ്ഞെടുത്ത് മുഖ്യമന്ത്രിയുടെ എവർ റോളിങ് ട്രോഫിയും  അഞ്ച്‌ ലക്ഷം രൂപയുടെ ക്യാഷ് അവാർഡും നൽകും. ഒആക്ഷൻ ഗ്രൂപ്പിന്‌ 50,000 രൂപ ക്യാഷ് അവാർഡ് നൽകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top