29 March Friday

ഭൂമിയും തട്ടി, സ്‌കൂളും പൂട്ടി; എന്നിട്ടും ലീഗിന്‌ മുറുമുറുപ്പ്‌

പി മഷൂദ്Updated: Friday Dec 3, 2021

മുസ്ലിംലീഗ്‌ നേതാക്കൾ തട്ടാൻ ശ്രമിച്ച വഖഫ് ഭൂമിയിലെ അടച്ചുപൂട്ടിയ സ്കൂൾ കാടുമൂടിയ നിലയിൽ

തൃക്കരിപ്പൂർ
തൃക്കരിപ്പൂരിലെ വഖഫ് ഭൂമി കാടുപിടിച്ച്‌ അനാഥമായി. മുസ്ലിം ലീഗ് നേതാക്കളുടെ തട്ടിപ്പും വെട്ടിപ്പുമാണ്‌ വഖഫ്‌ ഭൂമിയെ അനാഥമാക്കിയത്‌. 
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ  പ്രവർത്തിക്കുന്ന തൃക്കരിപ്പൂരിലെ ജാമിഅ സഅദിയ്യ ഇസ്ലാമിയ അഗതി മന്ദിരത്തിന്റെ ഭൂമിയാണ് കാട് പിടിച്ച് അനാഥമായി കിടക്കുന്നത്. മഞ്ചേശ്വരം മുൻ എംഎൽഎയും ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിലെ മുഖ്യപ്രതിയുമായ എം സി  ഖമറുദ്ദീൻ ഉൾപ്പെടെ ജില്ലയിലെ പ്രമുഖ നേതാക്കൾ തട്ടിയെടുത്തതിനെ തുടർന്നാണ്‌ ഭൂമി ത്രിശങ്കുവിലായത്‌.  
നേതാക്കളുടെ സ്വത്തിനോടുള്ള ആർത്തിയിൽ ഇല്ലാതായത്‌,  മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയവും കൂടിയാണ്‌. ഇവിടെയുണ്ടായിരുന്ന ജെംസ് സ്കൂളിൽ 600 ലേറെ വിദ്യാർഥികളും 50 ഓളം ജീവനക്കാരുമുണ്ടായിരുന്നു. ചുളുവിലയ്ക്ക് വഖഫ്‌ ഭൂമി തട്ടിയെടുത്തത് വിവാദമായതോടെ സ്കൂളും അടച്ചുപൂട്ടി. കമ്മിറ്റിയുടെ പേരിൽ 12 ആധാരങ്ങളിലായി 4.15 ഏക്കർ ഭൂമിയാണുണ്ടായിരുന്നത്. ഇവ 2012 ൽ അന്നത്തെ സ്കൂൾ മാനേജരും ലീഗ് നേതാവുമായ ഒ ടി അഹമ്മദ് ഹാജിക്ക് ലീസായി നൽകി. ഇതിൽ 34.98 സെന്റ് ഭൂമി 2015 ഫെബ്രുവരി 24 ന് വിറ്റു. 
ഖമറുദ്ദീനെ കൂടാതെ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ എ ജി സി ബഷീർ,  വലിയപറമ്പ് പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ എം ടി ജബ്ബാർ, തൃക്കരിപ്പൂർ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ വി കെ ബാവ, ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പിലെ മറ്റൊരു പ്രതിയും അഗതി മന്ദിരത്തിന്റെ ചെയർമാനുമായിരുന്ന ടി കെ പൂക്കോയ തങ്ങൾ എന്നിവരായിരുന്നു വ്യാജരേഖയുണ്ടാക്കി  ഭൂമി തട്ടിയത്. 4.12 ഏക്കർ ഭൂമിയിൽ 16000 ചതുരശ്ര അടി കെട്ടിടവും നിസ്കാര പള്ളിയും ഉൾപ്പെടുന്ന ആറ് കോടി രൂപയുടെ സ്വത്തുക്കളാണ് വെറും 30 ലക്ഷം രൂപ രേഖയിൽ കാണിച്ച് തട്ടിയത്. 
തൃക്കരിപ്പൂർ സബ്ബ് രജിസ്ട്രാൾ ഓഫീസിൽ  584/2020 നമ്പർ ആധാര പ്രകാരം സ്വകാര്യ വ്യക്തിയുടെ വീട്ടിലായിരുന്നു രജിസ്‌ട്രേഷൻ. ജനറൽ ബോഡി ചേർന്നതായി വ്യാജ രേഖയുണ്ടാക്കിയാണ് ഭൂമി കൈമാറ്റം. നാലുമാസം രഹസ്യമാക്കിവച്ചിരുന്ന ഭൂമി കൈമാറ്റം പുറംലോകമറിഞ്ഞതോടെ ലീഗ്‌ നേതാക്കൾ തിരിച്ചുനൽകി തടിയൂരി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top