26 April Friday

യുഡിഎഫും ബിജെപിയും ഒന്നിച്ച്‌ ചെലേടത്ത്‌ പരസ്യം; ചെലേടത്ത്‌ രഹസ്യം

സ്വന്തം ലേഖകൻUpdated: Thursday Dec 3, 2020
കാസർകോട്‌ 
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പഞ്ചായത്തുകളിൽ പലയിടത്തും പരസ്‌പരം സഹായിച്ച്‌ യുഡിഎഫും ബിജെപിയും. സിപിഐ എം ഭരിക്കുന്ന പഞ്ചായത്തുകളിലാണ്‌ അവിശുദ്ധ സഖ്യം ഏറെയും. കോൺഗ്രസിന്റെയും ബിജെപിയുടെയും ജില്ലാ നേതാക്കൾ കൈപ്പത്തിയും താമരയും ഉപേക്ഷിച്ച്‌ സ്വതന്ത്ര ചിഹ്നത്തിലാണ്‌ മത്സരിക്കുന്നത്‌.  കൈപ്പത്തിയിലും താമരയിലും പത്രിക നൽകിയവർ പിന്നീടിത്‌ പിൻവലിച്ച്‌ സ്വന്ത്രരായി വേഷപ്രച്ഛന്നരായി രംഗത്തിറങ്ങി. കുട, ഓട്ടോ തുടങ്ങിയവയാണ്‌ ഇവരുടെ ചിഹ്നം. പലയിടത്തും യുഡിഎഫും ബിജെപിയും പരസ്‌പരം പത്രിക പിൻവലിച്ചാണ്‌ പരസ്യസഖ്യം. മറ്റിടങ്ങളിൽ സ്ഥാനാർഥികളെ നിർജീവമാക്കി രഹസ്യ സഖ്യവുമുണ്ട്‌. 
കെപിസിസിയും ഡിസിസിയും അറിഞ്ഞുള്ളതാണ്‌ ജില്ലയിലെ സഖ്യം. പനത്തടി പഞ്ചായത്തിൽ കെപിസിസി ജനറൽ സെക്രട്ടറി ജി രതികുമാറിന്റെയും ഡിസിസി പ്രസിഡന്റ്‌ ഹക്കിം കുന്നിലിന്റെയും അനുമതിയോടെയാണ്‌  സഖ്യമെന്ന് വാർത്താസമ്മേളനം നടത്തി പറഞ്ഞത്‌ അവിടത്തെ കോൺഗ്രസിന്റെ ബൂത്ത്‌ പ്രസിഡന്റുമാരാണ്‌. പുത്തിഗെ പഞ്ചായത്തിൽ 2005, 2010 വർഷങ്ങളിൽ നടന്ന കോ ലീ ബി സഖ്യത്തിന്റെ ആവർത്തനമാണ്‌ പല വാർഡുകളിലും. യുഡിഎഫ്‌, ബിജെപി സഖ്യം എതിരിടുന്നത്‌ എല്ലായിടത്തും സിപിഐ എം സ്ഥാനാർഥികളെയാണ്‌.
പനത്തടി
പനത്തടി പഞ്ചായത്തിൽ 15 വാർഡിലും ബിജെപി, കോൺഗ്രസ് ധാരണ. ഓട്ടോ ചിഹ്നത്തിൽ ബിജെപി, കോൺഗ്രസ് പ്രവർത്തകർ ഒന്നിച്ച്‌ വോട്ടഭ്യർഥിക്കുന്ന കാഴ്‌ച. പത്താം വാർഡിൽ  കോൺഗ്രസിന്റെ മണ്ഡലം വൈസ് ‌പ്രസിഡന്റും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ ജെ ജെയിംസ് മത്സരിക്കുന്നത്  സ്വതന്ത്രനായി. ബിജെപിക്ക് സ്ഥാനാർഥിയില്ല. 
പതിനഞ്ചാം വാർഡിൽ ബിജെപി ജില്ലാ കമ്മിറ്റിയംഗവും കാഞ്ഞങ്ങാട് നിയോജക മണ്ഡലം സെക്രട്ടറിയുമായ കെ കെ വേണുഗോപാലൻ മത്സരിക്കുന്നത് സ്വതന്ത്രനായി. കോൺഗ്രസിന് സ്ഥാനാർഥിയില്ല.  മൂന്നാം വാർഡിൽ ബിജെപി സ്ഥാനാർഥി പ്രീതിക്കെതിരെ കോൺഗ്രസ് സ്ഥാനാർഥിയില്ല. കഴിഞ്ഞ തവണ കൈ ചിഹ്നത്തിൽ വിജയിച്ച മഹിള നേതാവ് വി ശാരദ  ഏഴാം വാർഡിൽ മത്സരിക്കുന്നത് സ്വതന്ത്ര ചിഹ്നത്തിൽ.  മറ്റ്‌ വാർഡുകളിൽ കോൺഗ്രസും ബിജെപിയും പേരിന് സ്ഥാനാർഥിയെ നിർത്തി പ്രവർത്തനം മരവിപ്പിച്ചു. 
പുത്തിഗെ
പുത്തിഗെ പഞ്ചായത്തിൽ ഒന്നാം വാർഡായ ചെന്നിക്കൊടിയിൽ ബിജെപി ജില്ലാ കമ്മിറ്റി അംഗം ജയന്ത പാട്ടാളി യുഡിഎഫ്‌ പിന്തുണയിൽ കുട ചിഹ്നത്തിൽ മത്സരിക്കുന്നു. 2005 ൽ കോലീബി ഭരണ സമിതിയിൽ  പഞ്ചായത്ത്‌ വൈസ്  പ്രസിഡന്റായിരുന്നു ജയന്ത പാട്ടാളി. നാലാം വാർഡായ ബാഡൂരിൽ കോൺഗ്രസ്‌ നേതാവിന്റെ ഭാര്യയെ ബിജെപി പിന്തുണക്കുന്നു. കൈപ്പത്തി ചിഹ്നത്തിൽ പത്രിക നൽകിയത്‌  പിൻവലിച്ച്‌  കുട ചിഹ്നത്തിലാണ്‌ യുഡിഎഫ്‌ സ്ഥാനാർഥി മത്സരിക്കുന്നത്‌. ബിജെപി സ്ഥാനാർഥി പത്രിക പിൻവലിച്ചു.  
മൂന്നാം വാർഡായ ദേരടുക്കയിൽ കോൺഗ്രസ്‌ ചിഹ്നത്തിൽ മത്സരിച്ച ജാനു നായകിനെ പിൻവലിച്ച്‌ സ്വതന്ത്ര സ്ഥാനാർഥിയെ പിന്തുണക്കുന്നു. സീതാംഗോളിയിൽ ലീഗ്‌ നേതാവായ ഇ കെ മുഹമ്മദ്‌ കുഞ്ഞിയുടെ ഭാര്യ മൊബൈൽ ഫോൺ ചിഹ്നത്തിലാണ്‌ മത്സരിക്കുന്നത്‌. പത്താം വാർഡായ സൂരംബയലിൽ യുഡിഎഫ് സ്ഥാനാർഥി കൈ ചിഹ്നത്തിൽ പത്രിക നൽകിയത്‌ പിൻവലിച്ച്‌ മേശ ചിഹ്നത്തിലാണ്‌ മത്സരിക്കുന്നത്‌. 
ബേഡഡുക്ക
ബേഡഡുക്ക പഞ്ചായത്ത്‌ 11 –-ാം വാർഡയായ വാവടുക്കത്ത് എൽഡിഎഫിനെതിരെ കോൺഗ്രസിന്റെ സ്വതന്ത്ര സ്ഥാനാർഥി. ബിജെപി സ്ഥാനാർഥി മധുസൂദനൻ പത്രിക നൽകിയെങ്കിലും പിൻവലിച്ചു. കോൺഗ്രസിലെ ഭാസ്‌കരനാണ്‌ കൈപ്പത്തി ഉപേക്ഷിച്ച്‌ കുടയിൽ മത്സരിക്കുന്നത്‌. 
വലിയപറമ്പ്‌ 
വലിയപറമ്പിൽ മൂന്ന് വാർഡുകളിൽ  ബിജെപി വോട്ട്  യുഡിഎഫിന്‌. കഴിഞ്ഞതവണ 14 വോട്ടിന് എൽഡിഎഫ് പരാജയപ്പെട്ട ഏഴ്, സിറ്റിങ്‌ വാർഡുകളായ 9, 11  എന്നിവിടങ്ങളിൽ ബിജെപിക്ക്‌ സ്ഥാനാർഥിയില്ല. ഏഴാം വാർഡിൽ ബിജെപി പ്രവർത്തകന്റെ ഭാര്യയാണ്‌ യുഡിഎഫ് സ്ഥാനാർഥി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top