24 April Wednesday

മതനിരപേക്ഷതക്ക്‌ ഒരു വോട്ട്‌

സ്വന്തം ലേഖകൻUpdated: Thursday Dec 3, 2020
എടനീർ
ജില്ലാപഞ്ചായത്ത‌് എടനീർ ഡിവിഷനിൽ  മതനിരപേക്ഷതക്കാണ്‌  ഇത്തവണ വോട്ട്‌. വർഗീയ വേർതിരിവുണ്ടാക്കി മുതലെടുപ്പ‌് നടത്താനെത്തുന്നവർ പടിക്കുപുറത്ത്‌  എന്ന തീരുമാനത്തിലാണ്‌ വോട്ടർമാർ. കഴിഞ്ഞ അഞ്ചുവർഷത്തെ അനുഭവം അതാണ്‌ ജനങ്ങളെ പഠിപ്പിച്ചത്‌. ബിജെപി ജില്ലാപ്രസിഡന്റ‌് കെ ശ്രീകാന്ത‌് 289 വോട്ടിന‌് മുസ്ലിംലീഗിൽനിന്നും പിടിച്ചെടുത്ത വാർഡ‌് തിരിച്ചുപിടിക്കാൻ ലീഗിറക്കുന്നതും വർഗീയ കാർഡുതന്നെ. ഇരുവർക്കുമെതിരെ  മികവുറ്റ സ്ഥാനാർഥിയെയാണ‌് ഇടതുപക്ഷം രംഗത്തിറക്കിയിട്ടുള്ളത‌്. കാറഡുക്ക അടുക്കം സ്വദേശി അങ്കണവാടി ടീച്ചർ സി ജാനു. മഹിളാ സംഘം ജില്ലാ വൈസ‌് പ്രസിഡന്റ‌്, എഐടിയുസി സംസ്ഥാന ജനറൽ കൗൺസിൽ അംഗം എന്നീ നിലകളിൽ പൊതുരംഗത്ത‌് നിറസാന്നിധ്യമാണവർ.  
കുമ്പഡാജെ പഞ്ചായത്തിലെ ഒന്നുമുതൽ നാലുവരെയും എട്ടുമുതൽ 13 വരെയുമുള്ള വാർഡുകളും ചെങ്കള പഞ്ചായത്തിലെ രണ്ടുമുതൽ എട്ടുവരെ വാർഡുകളും ബദിയടുക്ക പഞ്ചായത്തിലെ ഒന്നുമുതൽ 17 വരെ വാർഡുകളും 19‐ാം വാർഡും ബെള്ളൂർ പഞ്ചായത്തിലെ ഒന്നുമുതൽ ആറുവരെ വാർഡുകളും 12, 13 വാർഡും കാറഡുക്ക പഞ്ചായത്തിലെ 1, 2 വാർഡുകളും ഉൾപ്പെടുന്ന 45 വാർഡുകളാണ‌് എടനീർ ഡിവിഷനിലുള്ളത‌്. ഇതിൽ 22 വാർഡുകൾ ബിജെപിയും 17 എണ്ണം യുഡിഎഫും നാലെണ്ണം എൽഡിഎഫും രണ്ട‌് സ്വതന്ത്രരുമാണ‌് പ്രതിനിധീകരിക്കുന്നത‌്. കുമ്പഡാജെ, ബദിയടുക്ക, ചെങ്കള പഞ്ചായത്തുകൾ ഭരിക്കുന്നത‌് യുഡിഎഫാണ‌്. ബെള്ളൂർ ബിജെപിയും. കാറഡുക്കയിൽ ആദ്യം ബിജെപിയായിരുന്നെങ്കിലും പിന്നീട്‌ എൽഡിഎഫ‌് ഭരണത്തിലേറി. ബദിയടുക്ക പഞ്ചായത്തിൽ കോൺഗ്രസ‌് നേതാവായ പ്രസിഡന്റുതന്നെ  ബിജെപിയിൽ ചേക്കേറി.  കുറുമാറുന്ന കോൺഗ്രസ‌് നേതാക്കളെ  വിശ്വാസിക്കാനാവാത്തതിനാൽ ഇടതുപക്ഷം ആശ്രയമെന്ന ചിന്താഗതിയിലാണ്‌ മതനിരപേക്ഷ ജനസമൂഹം.  
സംസ്ഥാന സർക്കാർ നടപ്പാക്കിയ ജനക്ഷേമ‐വികസന പ്രവർത്തനങ്ങൾ കൂടിയാകുമ്പോൾ എടീനീരിൽ ഇത്തവണ എൽഡിഎഫ‌് വിജയക്കൊടി പാറുമെന്ന് കരുതാം.  ചെങ്കള പഞ്ചായത്ത‌് പ്രസിഡന്റ‌ും വനിതാ ലീഗ‌് ജില്ലാസെക്രട്ടറിയുമായ ഷാഹിന സലീമാണ‌് യുഡിഎഫ‌് സ്ഥാനാർഥി. ബിജെപി ജില്ലാ വൈസ‌് പ്രസിഡന്റും കുമ്പഡാജെ പഞ്ചായത്തംഗവുമായ ശൈലജ ഭട്ടാണ‌് എൻഡിഎ സ്ഥാനാർഥി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top