19 April Friday

കർണാടകയുടെ യാത്രാവിലക്ക്‌ കുരുക്കിലായി ആയിരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 3, 2021

കർണാടകയുടെ യാത്രാ വിലക്കിൽ പ്രതിഷേധിച്ച്‌ ഇടതുയുവജന സംഘടനകൾ തലപ്പാടി അതിർത്തിയിൽ ദേശീയപാത ഉപരോധിക്കുന്നു

കാസർകോട്‌
കർണാടകയിലേക്കുള്ള അതിർത്തികൾ അടച്ചതോടെ കുരുക്കിലായി യാത്രക്കാർ; പ്രതിഷേധവുമായി നാട്ടുകാർ. തലപ്പാടി, പാണത്തൂർ, ജാൽസൂർ റോഡുകളിൽ കോവിഡ്‌ നെഗറ്റീവ്‌  സർട്ടിഫിക്കറ്റുള്ളവരെ മാത്രമാണ്‌ കടത്തിവിടുന്നത്‌. അതും 72 മണിക്കൂറിനുള്ളിൽ പരിശോധന നടത്തിയത്‌ വേണം. 
തലപ്പാടി, ജാൽസൂർ, പാണത്തൂർ ചെമ്പേരി ചെക്ക്‌പോസ്‌റ്റുകളിൽ  കർണാടക  പൊലീസിന്റെ വലിയ സന്നാഹമാണുള്ളത്‌. ആരോഗ്യപ്രവർത്തകരും കൂടെയുണ്ട്‌. നിത്യേന ദക്ഷിണ കന്നഡ, കുടക്‌ ജില്ലകളിൽ പോയി വരുന്നവരാണ്‌ ജില്ലയിലുള്ളവർ. ജോലിക്കും വ്യാപാരത്തിനും ചികിത്സയ്‌ക്കും വിദ്യാഭ്യാസത്തിനും ആശ്രയിക്കുന്നതാണ്‌ ഇരു ജില്ലകളും. മംഗളൂരുവിലേക്ക്‌ പോകുന്ന ആയിരങ്ങളാണ്‌ പ്രയാസത്തിലായത്‌. 
കോവിഡ്‌ ഒന്നാം ഘട്ടത്തിൽ രോഗികൾക്ക്‌ പോലും പ്രവേശന വിലക്കേർപ്പെടുത്തിയപ്പോൾ 24 പേരാണ്‌ ചികിത്സ കിട്ടാതെ മരിച്ചത്‌. സുപ്രീംകോടതിയുടെ ഇടപെടലിലാണ്‌ പിന്നീട്‌ അതിർത്തി തുറന്നത്‌. തുടർന്നും കേരളത്തിൽ രോഗികൾ കൂടുന്നുവെന്ന്‌ പറഞ്ഞ്‌ ദക്ഷിണ കന്നഡ, കുടക്‌, മൈസൂരു  ജില്ലകളിലേക്ക്‌ യാത്രകാർക്ക്‌ വിലക്കുണ്ടായി. കർണാടക ഹൈക്കോടതി ഇടപെട്ടതോടെയാണ്‌ വീണ്ടും തുറന്നത്‌. ഞായറാഴ്‌ച മുതലാണ്‌ കർണാടക വീണ്ടും കർക്കശ നിലാപാടെടുത്തത്‌. തലപ്പാടിയിലെ കോവിഡ്‌ പരിശോധന കേന്ദ്രവും അടച്ചിട്ടു. എല്ലാനിലയ്‌ക്കും കർണാടകയിലേക്കുള്ള യാത്രക്കാരുടെ വരവ്‌ തടയുകയാണ്‌ അധികൃതർ. കെഎസ്‌ആർടിസി ബസ്‌ സർവീസിനും ഒരാഴ്‌ചത്തേക്ക്‌ വിലക്കുണ്ട്‌. മംഗളൂരുവിലേക്കുള്ള കെഎസ്‌ആർടിസി ബസ്‌ തലപ്പാടി വരെയാണ്‌ ഓടുന്നത്‌.
 
തലപ്പാടിയിൽ ഇന്ന്‌ മുതൽ 
പരിശോധന യൂണിറ്റ്‌ 
കാസർകോട്‌
കർണാടക ആർടിപിസിആർ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ നിർബന്ധമാക്കിയ സാഹചര്യത്തിൽ കോവിഡ് പരിശോധനക്ക്‌  തലപ്പാടിയിൽ ചൊവ്വാഴ്‌ച മുതൽ മൊബൈൽ യൂനിറ്റ് ഏർപ്പെടുത്തുമെന്ന്  കലക്ടർ സ്വാഗത് ആർ ഭണ്ഡാരി അറിയിച്ചു. സ്പൈസുമായി സഹകരിച്ചാണ് സംവിധാനം. ഇതോടെ അതിർത്തിയിൽ നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് കലക്ടർ പറഞ്ഞു.
 
ദേശീയപാത ഉപരോധിച്ചു
കാസർകോട്‌
രണ
്ട്‌  ഡോസ്‌ വാക്‌സിൻ എടുത്തവരെ പ്രവേശിപ്പിക്കണമെന്നാണ്‌ ആവശ്യം. അല്ലെങ്കിൽ അതിർത്തി പ്രദേശങ്ങളിലും മറ്റുമുള്ളവർ വലിയ പ്രയാസത്തിലാകും. ഈ ആവശ്യമുന്നയിച്ച്‌ നാട്ടുകാർ തലപ്പാടിയിൽ തിങ്കഴാഴ്‌ച രാവിലെ വലിയ പ്രതിഷേധമാണ്‌ ഉയർത്തിയത്‌. ഡിവൈഎഫ്‌ഐ രണ്ട്‌ തവണ ദേശീയപാത ഉപരോധിച്ചു. ഉപരോധസമരം ഡോ. കാദർ ഉദ്‌ഘാടനം ചെയ്‌തു. സി അജിത്ത്‌, അഷറഫ്‌ കുഞ്ചത്തൂർ, ദയാകര മാട, അരുൺ ഗെട്ടി, ജയപ്രകാശ്‌, റസാഖ്‌ എന്നിവർ സംസാരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top