26 April Friday

അവന്മാർ വീണ്ടും വെള്ളരിക്കുണ്ട്‌ ടൗണിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022

വെള്ളരിക്കുണ്ട്

വെള്ളരിക്കുണ്ട് ടൗണിൽ രണ്ടാം തവണയാണ്‌  കാട്ടുപന്നി അക്രമം. മുമ്പും  മനുഷ്യരെ അക്രമിക്കുകയും ഓട്ടോകൾക്ക് നാശം വരുത്തുകയും ചെയ്‌തു.  വെള്ളരിക്കുണ്ട് എ കെ ജി നഗറിൽ കാറിനിടിച്ച് വീണ പന്നി ചത്തതും അടുത്ത കാലത്താണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പന്നിയുടെ കുത്തേറ്റ് നാല് മരണവും നിരവധിയാളുകൾക്ക് ഗുരുതര പരിക്കും ഏറ്റിട്ടുണ്ട്. 
കഴിഞ്ഞ ഡിസംബറിലാണ് അപകടകാരിയായ പന്നിയെ വെടിവെക്കുന്നതിനിടെ പന്നിയുടെ കുത്തേറ്റ് പാത്തിക്കരയിലെ കെ യു ജോൺ (61) മരിച്ചത്. 2020 മാർച്ചിൽ അട്ടക്കാട്ടെ കൂട്ടുകളത്തെ താഴത്ത് വീട്ടിൽ വെള്ളൻ(85) പന്നിയുടെ കുത്തേറ്റ് മരിച്ചു.2018 ഡിസംബറിൽ ആണ് മാലോം കാര്യോട്ടുചാലിലെ നിർമാണ കരാറുകാരനായ കെ കെ കൃഷ്ണൻ (40)ജോലി കഴിഞ്ഞ് വരവേ സഞ്ചരിച്ച ബൈക്കിന് കുറുകെ പന്നിചാടി മറിഞ്ഞ് പരിക്കേറ്റ് മരിച്ചു. അതേവർഷം മാർച്ചിലാണ് ആനമഞ്ഞളിലെ മാടത്താനിയിൽ ജോസ് (60) റബർ തോട്ടത്തിൽ പന്നിയുടെ കുത്തേറ്റ് മരിച്ചു. ഇതേ വർഷമാണ് മരുതംകുളത്തെ ടിമ്പർ തൊഴിലാളിയായ താമരത്തിങ്കൽ മധു(45)വിന്  പന്നിയുടെ കുത്തേറ്റ് ഗുരുതര പരിക്കേറ്റത്. പന്നിത്തടത്തെ ഒരു യുവതിയും റബർപാൽ എടുക്കുന്നതിനിടെ പന്നിയുടെ കുത്തേറ്റ് ഗുരുതര പരിക്കേറ്റു. 
കാറഡുക്ക ഏരിയയിലും കാട്ടുപന്നി ശല്യം വ്യാപകമാണ്‌. കാടകം കാവുങ്ങാലിലെ പി കുഞ്ഞമ്പു നായർ കഴിഞ്ഞ വർഷമാണ്‌ പന്നിയിടിച്ച്‌ മരിച്ചത്. മുള്ളേരിയ ടൗണിലേക്ക് ജോലിക്കാരെ കൂട്ടാനായി സ്‌കൂട്ടിയിൽ പോയി തിരിച്ചു വരുമ്പോൾ പൊടുന്നനെ റോഡ് മുറിച്ചു കടന്ന കാട്ടുപന്നി വണ്ടിയിൽ ഇടിക്കുകയായിരുന്നു.  ഇടിച്ച പന്നി തത്സമയം ചത്തു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടറിൽ നിന്ന് തെറിച്ചു വീണ കുഞ്ഞമ്പു നായർക്ക് തലക്കാണ്‌ പരിക്കേറ്റത്‌. 
കഴിഞ്ഞ ഏപ്രിലിൽ കാടകം ചായിത്തലത്തെ രാധ എന്ന നളിനിയെയും കാട്ടുപന്നി പിന്നിൽ നിന്ന് ആക്രമിച്ചു.
ഓൺലൈൻ പഠനം നടത്താൻ മൊബൈൽ നെറ്റ് വർക്ക് ലഭിക്കാൻ കുന്നിൻ മുകളിലെത്തിയ പാണൂർ തൈവളപ്പിലെ ശരതിനും പന്നിയുകെ കുത്തേറ്റതും രണ്ടുമാസം മുമ്പാണ്‌. 
കാടകത്ത്ചായിത്തലത്തെ സുകുമാരനും ബൈക്കിൽ വരു!മ്പോൾ പന്നിയുടെ അക്രമമുണ്ടായി.  കടപ്പിൽ എത്തിയപ്പോൾ രണ്ട്‍ കാട്ടുപന്നികൾ ബൈക്കിന് നേരെ വന്നു. ബൈക്കിൽ ഇടിച്ചതോടെ സുകുമാരൻ തെറിച്ചു വീഴുകയായിരുന്നു. 
- പന്നികൾ ചത്തുവീഴുന്നതും അപകടത്തിൽ പെടുന്നതും നിത്യസംഭവമാണ്. ചെമ്മഞ്ചേരിയിൽ  മിന്നലേറ്റ് മൂന്ന് പന്നികളെയാണ് ചത്തനിലയിൽ കണ്ടെത്തിയത്. ബളാൽ പഞ്ചായത്തിലെ കാര്യോട്ടുചാലിൽ അഞ്ച് പന്നികളാണ് കിണറ്റിൽ വീണത്.  ഭീമനടി ടൗണിനു സമീപത്തും കാട്ടുപന്നി കിണറ്റിൽ വീണിരുന്നു. ഭീമനടി വെള്ളരിക്കുണ്ട് റോഡിൽ പ്ലാച്ചിക്കര വനത്തിൽ മൂന്ന്‌ പന്നി വാഹനമിടിച്ച് ചത്തതും അടുത്ത നാളിലാണ്. 
കാട്ടുപന്നിയുടെ 
കുത്തേറ്റ് രണ്ട് പേർക്ക് പരിക്ക്
വെള്ളരിക്കുണ്ട്
വെള്ളരിക്കുണ്ട് ടൗണിൽ വീണ്ടും കാട്ടുപന്നിയുടെ ആക്രമണം; രണ്ട് പേർക്ക് പരിക്ക്. വെള്ളരിക്കുണ്ട് തെക്കേബസാർ പഴയപള്ളിക്ക് സമീപം ചായക്കട നടത്തുന്ന വെസ്റ്റ് എളേരി പഞ്ചായത്ത് മുൻ മെമ്പർ പുങ്ങംചാലിലെ കുഞ്ഞിരാമനും (53), വെള്ളരിക്കുണ്ടിലെ ചക്കുംങ്കൽ തോമസിനുമാണ്‌ (58) പരിക്കേറ്റത്. ഗുരുതരമായി  കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനി രാവിലെ 9.30 ഓടെയണ്  പരാക്രമം ഉണ്ടായത്. വീട്ടുമുറ്റത്ത് നിന്ന തോമസിനെ കുത്തിയിട്ട പന്നി തുടരെതൂടരെ ആക്രമിച്ചു. പിന്നീടാണ് കടക്ക്‌ മുന്നിൽ  കുഞ്ഞിരാമനെയും കുത്തിയിട്ടത്.  കടയുടെ സമീപത്ത് ഉണ്ടായിരുന്ന സ്കൂൾ ശനി അവധിയായതിനാൽ വലിയ അപകടം ഒഴിവായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top