25 April Thursday

പച്ചപിടിക്കാൻ, 
പച്ചത്തേങ്ങ സംഭരണം

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023

നീലേശ്വരം അഗ്രിക്കൾച്ചർ വെൽഫെയർ സൊസൈറ്റിയുടെ പേരോലിലെ പച്ചത്തേങ്ങ സംഭരണശാല

നീലേശ്വരം 

തേങ്ങയ്‌ക്ക്‌ പൊതുവിപണിയിൽ വിലയിടവ്‌ തുടരുമ്പോൾ  ജില്ലയിലെ കേര കർഷകർക്ക്‌ ആശ്വാസമായി നീലേശ്വരം അഗ്രികൾച്ചറൽ വെൽഫയർ കോ ഓപ്പറേറ്റീവ്‌  സൊസൈറ്റി. കേരഫെഡിനുകീഴിൽ 10മാസത്തിനുള്ളിൽ സൊസൈറ്റി സംഭരി്ച്ചത്‌ 4,200 ടൺ പച്ചത്തേങ്ങ. നീലേശ്വരം നഗരസഭ, കിനാനൂർ–- കരിന്തളം, മടിക്കൈ, കയ്യൂർ–- ചീമേനി, ചെറുവത്തൂർ പഞ്ചായത്തുകളിലെ കേരകർഷകർക്ക്‌ സഹായമാവുകയാണ്‌ സൊസൈറ്റിയുടെ  പേരോലിലെ സംഭരണശാല . ചൊവ്വ , വ്യാഴം ദിവസങ്ങളിൽ രാവിലെ പത്തുമുതൽ നാലുവരെയാണ്‌ സംഭരണം.  പൊതുവിപണിയിൽ ഒരുകിലോ പച്ചത്തേങ്ങയ്‌ക്ക്‌ 23 രൂപമാത്രം ലഭിക്കുമ്പോൾ കേരഫെഡ്‌ മുഖേനയുള്ള ഇവിടുത്തെ സംഭരണശാലയിൽ തേങ്ങയെത്തിച്ചാൽ 34 രൂപ ലഭിക്കും
ഇതരസംസ്ഥാനത്തേക്കുള്ള നാളികേര കയറ്റുമതി നിലച്ചതിനെതുടർന്ന്‌ വില കുത്തനെ ഇടിഞ്ഞ  സാഹചര്യത്തിലാണ്‌ കേരഫെഡ്‌ മുഖേനയുള്ള സംഭരണം. ഇവിടെ ശേഖരിക്കുന്ന തേങ്ങ കേരഫെഡിന്റെ ചെറുപുഴയിലെ പ്ലാന്റിലെത്തിച്ച്‌ സംസ്കരിച്ച് വെളിച്ചെണ്ണയാക്കും.  കർഷകർക്ക്‌ പൂർണമായും ഗുണംകിട്ടുംവിധം  ഇടനിലക്കാരില്ലാതെയാണ്‌  പദ്ധതി. കൃഷി ഓഫീസർ നൽകുന്ന സാക്ഷ്യപത്രത്തിന്റെ  അടിസ്ഥാനത്തിലാണ്‌  തേങ്ങ തൂക്കിവാങ്ങുക.  കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഉടൻ പണമെത്തും. 
ജില്ലാതലത്തിൽ കൃഷി ഡെപ്യൂട്ടി ഡയറക്ടർക്കാണ്‌ മേൽനോട്ടച്ചുമതല. മാർക്കറ്റിങ്‌ വിഭാഗം അസി. ഡയറക്ടർക്കാണ്‌ ഏകോപനച്ചുമതല.  സംഭരണം ആഴ്‌ചയിൽ ആറുദിവസവും വേണമെന്നാണ്‌ കർഷകരുടെ ആവശ്യം. ഒരുദിവസം പരമാവധി അഞ്ചുടൺ മാത്രം ശേഖരിക്കാനാണ്‌ അനുമതി.  ഈ രീതി മാറ്റി 15 ടൺ ആക്കണമെന്നാണ്‌ കർഷകരുടെ ആവശ്യം.  
രജിസ്‌ട്രേഷൻ
കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് കർഷകരിൽനിന്ന് തേങ്ങ സംഭരിക്കുക. കർഷകർ കൃഷി ഓഫീസർമാർ സാക്ഷ്യപ്പെടുത്തിയ കത്ത് സഹിതം മുൻകൂട്ടി രജിസ്റ്റർചെയ്യണം. സംഭരണ കേന്ദ്രങ്ങളിലും ഓൺലൈൻവഴിയും (www.aim.skerala.gov.in) രജിസ്റ്റർചെയ്യാം. കൃഷിയുടെ വിസ്തൃതി, എണ്ണം, വാർഷിക ഉൽപ്പാദനം എന്നിവ സൂചിപ്പിക്കണം. സാക്ഷ്യപത്രത്തിന് ഒരുവർഷത്തെ കാലാവധിയുണ്ട്‌. പച്ചത്തേങ്ങ വിപണനംചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥാപനത്തിൽ കർഷകർ ഈ സാക്ഷ്യപത്രം നൽകി രജിസ്റ്റർചെയ്യണം.
കർഷകർക്ക്‌  ആശ്വാസം
പൊതുവിപണിയിൽ കിലോയ്‌ക്ക്‌ 23 രൂപമാത്രമുള്ളപ്പോഴാണ്‌ സംഭരണകേന്ദ്രത്തിൽനിന്ന്‌  34 രൂപ നൽകുന്നത്‌. ഇത്‌ കർഷകർക്ക്‌ നൽകുന്ന ആശ്വാസം ചെറുതല്ല. സംഭരണച്ചുമതല സന്തോഷത്തെയാണ്‌ സൊസൈറ്റി ഏറ്റെടുത്തത്‌. ജില്ലയിൽ ഗുണമേന്മയുള്ള തേങ്ങ ലഭിക്കുന്ന പ്രദേശങ്ങളിലെ കർഷകർക്ക്‌ ഏറെഗുണമാണ്‌ തീരുമാനം. ലാഭമല്ല, കർഷകരുടെ ക്ഷേമമാണ്‌ സൊസെറ്റിയുടെ ലക്ഷ്യം. 
കെ പി രവീന്ദ്രൻ, പ്രസിഡന്റ്‌, നീലേശ്വരം അഗ്രിക്കൾച്ചറൽ വെൽ ഫെയർ സൊസൈറ്റി
കേന്ദ്രം കേരകർഷകരെ കൈയൊഴിയുന്നു
വിലയിടിവിനാൽ ബുദ്ധിമുട്ടുന്ന നാളികേര കർഷകർക്ക് പ്രതീക്ഷ പകർന്നതാണ്  സംസ്ഥാന സർക്കാരിന്റെ സംഭരണ പദ്ധതി.  സംസ്ഥാന സർക്കാരിനൊപ്പം കേന്ദ്രസർക്കാരും സഹകരിച്ചാലേ കേരകർഷകർക്ക്‌ പൂർണമായ ഫലം ലഭിക്കൂ.   കേന്ദ്രസർക്കാർ സ്ഥാപനമായ നാഫെഡ് പച്ചത്തേങ്ങ സംഭരിക്കുന്നില്ല. കേരഫെഡിന് അധികമായി വരുന്ന തേങ്ങയുടെ സംഭരണം, വിൽപന, ഉൽപന്നങ്ങൾ ഉണ്ടാക്കുക തുടങ്ങിയ കാര്യങ്ങളിൽ പരിമിതിയുണ്ട്‌.  എന്നാൽ കേന്ദ്രസർക്കാർ സ്ഥാപനമായ നാഫെഡിന്‌ കേരളത്തിലെ കർഷകരോട്‌ താൽപര്യമില്ലാത്തതാണ്‌ പൊതുവിപണിയിൽ വിലകുറയാൻ കാരണം.  
കരിമ്പിൽ  പ്രഭാകരൻ, തട്ടാച്ചേരി, നീലേശ്വരം 
ചുമട്ടുതൊഴിലാളികൾക്കും  ഗുണം 
നഗരത്തിലെ ചുമട്ടുതൊഴിലാളികൾക്കും സംഭരണശാല വന്നതിലൂടെ നേട്ടമുണ്ട്‌. നിർമാണ രംഗത്ത്‌ പ്രതിസന്ധി തുടരുന്നതിനാൽ സിമന്റ്‌ വരവ്‌ കുറഞ്ഞത്‌ തൊഴിലാളികളെ ബാധിച്ചിരുന്നു.കർഷകരെ സഹായിക്കുന്നതിനുള്ള സംരംഭമായതിനാൽ   കയറ്റിറക്കുകൂലിയിലും ഇളവുവരുത്തി. പൊതുമാർക്കറ്റിൽ ക്വിന്ററലിന്‌ 63 രൂപ കൂലിയായി വാങ്ങുമ്പോൾ ഇവിടെ 60 രൂപയെ വാങ്ങുന്നുള്ളൂ.   
ഇ കെ ചന്ദ്രൻ, ചുമട്ടുതൊഴിലാളി യൂണിയൻ (സിഐടിയു) നീലേശ്വരം ഏരിയാസെക്രട്ടറി 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top