കാസർകോട്
പുരനിറഞ്ഞ പുരുഷന്മാരുടെ പെടാപ്പാടുകളുമായി ചന്ദ്രുവെള്ളരിക്കുണ്ട് 2017 ഒക്ടോബർ 31ന് ഇട്ട ഫേയ്‌സ്‌ബുക്ക് പോസ്‌റ്റ് വൈറലായിരുന്നു. കൂട്ടത്തിൽ സമൂഹത്തിൽ നല്ലൊരു ചർച്ചയ്‌ക്കും തടക്കമിട്ട പ്രതീകാത്‌മക വിവാഹ ക്ഷണക്കത്തായിരുന്നു അത്.
‘‘ഞാൻ വിവാഹിതനാവുകയാണ്, എല്ലാവരും കൃത്യസമയത്ത് എത്തുമല്ലോ. വീടിന്റെ വടക്കുഭാഗത്തെ വരിക്കപ്ലാവാണ് വധു. ചടങ്ങുകളോ ആർഭാടങ്ങളോ ഒന്നുമില്ല. അവൾ കുറെ പഴുത്ത പ്ലാവിലകൾ പറിച്ചുതരും. ഞാനത് മാലയാക്കി ചാർത്തും’’. പോസ്‌റ്റ് കേരളം മുഴുവൻ ചർച്ചയായെങ്കിലും കൃത്യം ഒരുവർഷത്തിനുശേഷം വിവാഹിതനായ ചന്ദ്രു മനസിലെ പ്രമേയം വിട്ടുകളയാൻ ഒരുക്കമായിരുന്നില്ല. പ്രാദേശിക ചാനൽ പ്രവർത്തകനെന്ന നിലയിൽ കിട്ടിയ പരിശീലനം കൈമുതലാക്കി ഇതേ പ്രമേയത്തിൽ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്‌ത് നിർമിച്ച ‘വധു വരിക്കപ്ലാവ്’ എന്ന അരമണിക്കൂർ ഹ്രസ്വചിത്രവും ഹിറ്റാവുകയാണ്. പൊൻമുട്ട യുട്യൂബ് ചാനലിൽ റിലീസ് ചെയ്‌ത സിനിമ ഒരുദിവസത്തിനുള്ളി 35,000 പേരാണ് കണ്ടത്.
ഒടയഞ്ചാലിലും കോടോത്തും പരസരത്തും ചിത്രീകരിച്ച സിനിമയിൽ വരിക്കപ്ലാവിനെ കല്യാണം കഴിക്കുമെന്ന് കത്തെഴുതിയ ദിനേശനായി പൂരക്കളി കലാകാരനും പരിശീലകനുമായ അപ്യാൽ പ്രമോദ് പ്രേക്ഷകരെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. അമ്മയായി വേഷമിട്ട അമ്മിണി ചന്ദ്രാലയവും ബ്രോക്കർ ഗോപിയായി - കുഞ്ഞികൃഷ്ണൻ പണിക്കറും ദിനേശന്റെ മികച്ച അഭിനയമാണ് കാഴ്‌ചവച്ചത്.
ജാതി, ജാതകം, നിലയും വിലയുമുള്ള തൊഴിൽ എന്നിങ്ങനെ വിവാഹ കമ്പോളത്തിലെ സ്ഥിരം ‘വില്ലൻമാരെ’ കണക്കറ്റ് പരിഹസിക്കുന്നതാണ് സിനിമ. അമ്പതും അറുപതും പെണ്ണുകണ്ട് തിരസ്കൃതരായിപ്പോയ ചെറുപ്പക്കാർ അവരുടെ വേദനകൾ ആരോടും പറയാതെ ഉള്ളിലടക്കുന്നതിനെയാണ് സിനിമ വരച്ചുകാട്ടുന്നത്. മുപ്പതിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ള അവിവാഹിതരുടെ പങ്കാളിയെ തേടിയുള്ള അലച്ചിൽ സാമൂഹ്യപ്രശ്നമായി കാണേണ്ടതുണ്ടെന്നാണ് വിവരിക്കാൻ ശ്രമിച്ചതെന്ന് ചന്ദ്രു പറഞ്ഞു. അഞ്ചോളം ഹ്രസ്വചിത്ര മേളകളിലും വധുവരിക്കപ്ലാവ് മികച്ച സിനിമയായി. സുമേഷ് സുകുമാരനാണ് ഛായാഗ്രാഹകനും റിസാൽ ജെയ്‌നി എഡിറ്ററുമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..