28 March Thursday

ജില്ലയ്‌ക്കും അത്രമേൽ 
പ്രിയങ്കരൻ

വെബ് ഡെസ്‌ക്‌Updated: Sunday Oct 2, 2022

സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തശേഷം വിദ്യാനഗറിൽ നടന്ന 
പൊതുസമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണൻ സംസാരിക്കുന്നു (ഫയൽ ചിത്രം)

കാസർകോട്‌
സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴും അഭ്യന്തരമന്ത്രിയായിരിക്കുമ്പോഴും കാസർകോട്‌ ജില്ലയോട്‌ പ്രത്യേക താൽപ്പര്യമായിരുന്നു കോടിയേരിക്ക്‌. അത്യുത്തര ജില്ലയുടെ വികസന പ്രശ്‌നങ്ങളിൽ ശ്രദ്ധാപൂർവമായ നിലപാട്‌ അദ്ദേഹം എല്ലായ്‌പ്പോഴുമെടുത്തു.
വർഗീയ അസ്വാസ്ഥ്യം പതിവായിരുന്ന കാസർകോട്‌ നഗരത്തിൽ, അതിനെ നിയന്ത്രിക്കുന്നതിൽ അഭ്യന്തരമന്ത്രിയായിരിക്കെ കർശന നിലപാടെടുത്തു. അന്ന്‌ അദ്ദേഹമെടുത്ത തീരുമാനങ്ങളെ തുടർന്നാണ്‌ നഗരത്തിൽ ശാശ്വത സമാധാനം കൈവന്നത്‌. ജില്ലയിലെ പൊലീസ്‌ സ്‌റ്റേഷനുകളുടെ നവീകരണത്തിന്‌ തുടക്കംകുറിച്ചതും കോടിയേരി മന്ത്രിയായിരുന്ന കാലത്താണ്‌. തീരദേശ പൊലീസ്‌ സ്‌റ്റേഷനുകളിൽ സൗകര്യമേർപ്പാടാക്കാനും ജീവനക്കാരുടെ സൗകര്യം മെച്ചപ്പെടുത്താനും പ്രത്യേക താൽപ്പര്യമെടുത്തു.
സിപിഐ എം സെക്രട്ടറി എന്നനിലയിലും  സവിശേഷ ശ്രദ്ധ ജില്ലയ്‌ക്ക്‌ തുണയായി. രാഷ്‌ട്രീയ എതിരാളികളാൽ  ജില്ലയിലെ പ്രവർത്തകർ വേട്ടയാടപ്പെട്ടപ്പോഴൊക്കെ കരുതലിന്റെ നേതൃശബ്ദമായി കാസർകോട്‌  സജീവമായി. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ്‌ ഉദ്‌ഘാടനം, മഞ്ചേശ്വരം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം, പെരിയ കല്യോട്ട്‌ സിപിഐ എം റാലി തുടങ്ങിയവയാണ് അദ്ദേഹം സജീവമായി പങ്കെടുത്ത കാസർകോട്‌ ജില്ലയിലെ അവസാനകാല പരിപാടി. ഈ പരിപാടികളിൽ ഉജ്വലമായ പ്രസംഗം നടത്തിയാണ്‌ അദ്ദേഹം മടങ്ങിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top