25 April Thursday

കട്ടമറിഞ്ഞാൽ ജീവിതം കാണും

വെബ് ഡെസ്‌ക്‌Updated: Sunday Oct 2, 2022
വെള്ളരിക്കുണ്ട്        
അവതരണത്തിലെ വ്യത്യസ്തതയുമായി ‘കട്ടമറിഞ്ഞാൽ കാണുന്ന പടം' ശ്രദ്ധേയമാകുന്നു. മനുഷ്യന്റെ  ചിന്തകളിലേക്ക്പോലും വിഷം കുത്തിവയ്‌ക്കാൻ കാത്തിരിക്കുന്ന വർഗീയ രാഷ്ട്രീയത്തിന്റെ കാപട്യങ്ങളെ തുറന്നുകാട്ടിയാണ് മലയോരത്തെ  പുരോഗമന ചിന്താഗതിക്കാരായ കലാകാരന്മാരുടെ സംഘമായ ഇമ ഗ്രാമീണ നാടകവേദിയുടെ ഈ വ്യത്യസ്ത നാടകം ചർച്ചയാകുന്നത്. 
നാടകം വിഷയത്തിന്റെ കാലിക പ്രസക്തികൊണ്ടും അവതരണത്തിലെ വ്യത്യസ്തശൈലി കൊണ്ടും വേറിട്ടു നിൽക്കുന്നതാണ്. ഒരു കടലോര ഗ്രാമത്തിലെ വായനശാലയെ കേന്ദ്രീകരിച്ചാണ് നാടകം മുന്നേറുന്നത്. 
കടപ്പുറത്തെ ഉത്സവത്തിന് ചട്ടിക്കളിയുമായെത്തുന്ന ഉത്തമൻ എന്ന ചെറുപ്പക്കാരൻ വായനശാലയിൽ അംഗമായി ചേരുകയും അവിടത്തെ പുസ്തകങ്ങൾക്ക് തീയിടുകയും ചെയ്യുന്നതോടെ നാടകത്തിന്റെ മുഖം മാറുന്നു. തെരുവിന്റെയും അരങ്ങിന്റെയും സാധ്യതകളെ പ്രയോജനപ്പെടുത്തി പ്രത്യേക ശൈലിയിലാണ് നാടകം ചിട്ടപ്പെടുത്തിയിരിക്കുന്നത്. രചനയും സംവിധാനവും വിജേഷ് കാരി.
സംഗീതം ദിജുലാൽ. പ്രതീഷ്  ചുണ്ട, രാജേഷ് കരേള, സന്തോഷ്‌ മാനസം, രഞ്ജിത് അരിമ്പ, വി വി അജയൻ, നിധി കൃഷ്ണ, ജി കുട്ടൻ, ദാമോദരൻ പെരളം, എ എൻ സുഗതൻ എന്നിവരാണ് അഭിനയിക്കുന്നത്. ഒന്നിലധികം വേദികളിൽ ജനങ്ങളുടെ കൈയടി നേടിയ നാടകത്തിന് മലയോരത്ത് വൻ സ്വീകാര്യതയാണുണ്ടായിട്ടുള്ളത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top