16 April Tuesday

മഞ്ചേശ്വരത്ത്‌ എൽഎൽഎം കോഴ്‌സ്‌ ഒക്‌ടോബറിൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 2, 2021

കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം ക്യാമ്പസ്‌ എ കെ എം അഷറഫ്‌ എംഎൽഎ, വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് 
രവീന്ദ്രൻ, പ്രൊ വൈസ് ചാൻസലർ പ്രൊഫ. എ സാബു, സിൻഡിക്കറ്റ് അംഗം ഡോ. എ അശോകൻ എന്നിവർ സന്ദർശിക്കുന്നു

കാസർകോട്
കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം ക്യാമ്പസിൽ ഈ അധ്യയന വർഷം എൽഎൽഎം കോഴ്‌സ്‌ തുടങ്ങും. 20 സീറ്റുകളിലേക്കുള്ള പ്രവേശന പ്രക്രിയ അടുത്തമാസം തുടങ്ങുമെന്നും കണ്ണൂർ സർവകലാശാലയുടെ മികച്ച ക്യാമ്പസായി ഇതുമാറ്റുമെന്നും വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
 
അടുത്തവർഷം
എൽഎൽബി
എൽഎൽഎം കോഴ്സിന്‌ (ക്രിമിനൽ ലോ ആൻഡ് ക്രിമിനൽ ജസ്റ്റിസ്) പിന്നാലെ  അടുത്ത അധ്യായന വർഷം എൽഎൽബിയും തുടങ്ങും. ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ അനുമതിക്കായി സമീപിക്കും. സ്വാശ്രയ മേഖലയിലാണ് കോഴ്സ് എന്നതിനാൽ ഫീസ് ഈടാക്കും. മംഗളൂരുവിലും  മറ്റിടങ്ങളിലുമുള്ളതിനേക്കാൾ വളരെ കുറഞ്ഞ ഫീസായിരിക്കും എൽഎൽഎം കോഴ്സിന്‌.  വിദ്യാർഥികൾക്ക്‌ ഇ ഗ്രാൻഡുകളും സ്‌കോളർഷിപ്പും ലഭ്യമാക്കും. ഗസ്‌റ്റ്‌ അധ്യാപകരായതിനാൽ അവരുടെ ശമ്പളം ഫീസിൽ നിന്നായിരിക്കും നൽകുക.  എൻട്രൻസ്‌ പരീക്ഷയിലൂടെയാണ്‌ കോഴ്‌സിന്‌ പ്രവേശനം.  അധ്യാപക തസ്‌തിക അനുവദിക്കാൻ സർക്കാരിന്‌ അപേക്ഷ നൽകിയിട്ടുണ്ട്‌. 
ക്യാമ്പസിൽ അടുത്തവർഷം എംകോം കോഴ്സും തുടങ്ങും. സപ്തഭാഷ സംഗമ ഭൂമിയെന്ന നിലയിൽ മഞ്ചേശ്വരം കാമ്പസിൽ ഭാഷാ വൈവിധ്യ പഠനകേന്ദ്രവും ആരംഭിക്കും. സംസ്‌കാരിക പൈതൃക സംരക്ഷണത്തിന്റെ  ഭാഗമാണിത്‌. താമസിയാതെ കൂടുതൽ കോഴ്സുകൾ ഇവിടെ അനുവദിക്കും. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലായി എട്ടാമത്തെ കാമ്പസാണ് മഞ്ചേശ്വരത്തേത്. കാമ്പസിന്റെ വികസനത്തിനായി പത്തുകോടി രൂപയുടെ പദ്ധതി നിർദേശം സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഉത്തര മലബാറിെൻറ ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ടുള്ള പദ്ധതിയുടെ ഭാഗമായാണിത്. കാസർകോട് ജില്ലയുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള പ്രത്യേക പദ്ധതികൾ വരും വർഷങ്ങളിലും ആവിഷ്കരിക്കും. 
മഞ്ചേശ്വരം ഗോവിന്ദപൈ കോളജിന്‌ സമീപം  പത്തേക്കറിലാണ് ക്യാമ്പസ് ഒരുക്കിയത്. 12 വർഷം മുമ്പ് അനുവദിച്ച 1.42 കോടി രൂപ ചെലവിട്ട് 2016 ൽ  കെട്ടിടം പണിയും പൂർത്തീകരിച്ചിരുന്നു. പ്രൊ വൈസ് ചാൻസലർ പ്രൊഫ. എ സാബു, സിൻഡിക്കേറ്റ് അംഗം ഡോ. എ  അശോകൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
 
സ്വാഗതാർഹം: എസ്‌എഫ്‌ഐ
മഞ്ചേശ്വരം
മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിന് സമീപമുള്ള അടഞ്ഞുകിടക്കുന്ന  യൂണിവേഴ്സിറ്റി കെട്ടിടത്തിൽ ഈ വർഷം തന്നെ എൽഎൽഎം കോഴ്സ് തുടങ്ങുന്നത്‌ സ്വാഗതാർഹമാണെന്ന്‌ എസ്‌എഫ്ഐ പ്രസ്‌താവനയിൽ പറഞ്ഞു. എസ്‌എഫ്‌ഐയുടെ നിരന്തര സമ്മർദ്ദമാണ്‌ കോഴ്‌സ്‌ തുടങ്ങാൻ കാരണമായത്‌. കോഴ്‌സ്‌ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌  സർവകലാശാല അധികൃതർക്ക്‌ നിവേദനം നൽകിയിരുതായും  പ്രസ്താവനയിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top