10 December Sunday

തുഴയൊരുക്കാം...
ഉത്തരമലബാർ ജലോത്സവം നവംബറിൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 1, 2023

കാര്യങ്കോട് പുഴയിലെ ഉത്തരമലബാർ ജലോത്സവത്തിൽനിന്ന് (ഫയൽച്ചിത്രം)

ചെറുവത്തൂർ

വള്ളംകളി പ്രേമികളെ സന്തോഷത്തിലാക്കി  മുടങ്ങിയ ഉത്തരമലബാർ ജലോത്സവം ഇത്തവണ നടക്കുമെന്നുറപ്പായി.   കാര്യങ്കോട്‌ (തേജസ്വിനി) പുഴയിൽ ജലോത്സവം നടത്താൻ സംസ്ഥാന സർക്കാർ അഞ്ചുലക്ഷം രൂപ അനുവദിച്ചതായി എം രാജഗോപാലൻ എംഎൽഎ അറിയിച്ചു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, നീലേശ്വരം നഗരസഭ, ചെറുവത്തൂർ പഞ്ചായത്ത്‌, ജനകീയ സംഘാടകസമിതി എന്നിവയുടെ നേതൃത്വത്തിലാണ്‌ മത്സരം സംഘടിപ്പിക്കാറുള്ളത്‌. വർഷങ്ങളായി നടത്തിവരുന്ന ഉത്തരമലബാർ ജലോത്സവം പ്രളയം, കോവിഡ്‌ എന്നിവയെ തുടർന്ന്‌ നിർത്തിവെച്ചിരുന്നു. കഴിഞ്ഞ വർഷം പുനരാരംഭിക്കാനിരിക്കെയാണ്‌ ദേശീയപാതയുടെ ഭാഗമായി പാലം പ്രവൃത്തി ആരംഭിച്ചത്‌. ഇതെതുടർന്ന്‌ മത്സരം നടത്താൻ സാധിച്ചിരുന്നില്ല. വള്ളംകളി പുനരാരംഭിക്കുന്നതിനായി എംഎൽഎ ടൂറിസംമന്ത്രി പി എ മുഹമ്മദ് റിയാസുമായി നടത്തിയ ചർച്ചയെ തുടർന്നാണ്അഞ്ചുലക്ഷം രൂപ ടൂറിസം വകുപ്പ് അനുവദിച്ചത്. ഒക്‌ടോബർ  രണ്ടിന്‌ ഗാന്ധിജയത്തിലാണ്‌ എല്ലാവർഷവും മത്സരം നടത്താറുള്ളത്‌. വിപുലമായ തയ്യാറെടുപ്പ് ആവശ്യമുള്ളതിനാ‍ൽ  ഇത്തവണ നവംബർ ആദ്യവാരത്തിലായിരിക്കും വള്ളംകളിയെന്നും  എംഎൽഎ അറിയിച്ചു. ജലോത്സവ നടത്തിപ്പിനായുള്ള   ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരുടെയും പ്രാഥമികയോഗം  മൂന്നിന്‌ വൈകിട്ട്‌ നാലിന്‌ ചെറുവത്തൂർ പഞ്ചായത്ത് ഹാളിൽ ചേരും. 
തീരത്ത്, ആവേശത്തിര
ചെറുവത്തൂർ
നാലുവർഷമായി മുടങ്ങിയ ജലോത്സവം ഇത്തവണ നടത്തുമെന്ന്‌ അറിഞ്ഞതോടെ  തേജസ്വിനീ തീരം ആവേശത്തിൽ. ഉത്തര മലബാറിൽ ഏറ്റവും കൂടുതൽ ചുരുളൻ വള്ളങ്ങൾ ഉള്ള ജില്ല കൂടിയാണ്‌ കാസർകോട്‌. 
ജനങ്ങളുടെ സഹകരണത്തോടെയാണ്‌ ലക്ഷങ്ങൾ ചിലവഴിച്ച്‌ ക്ലബ്ബുകൾ ചുരുളൻ പണിയിപ്പിച്ചത്‌. ജലോത്സവം ഒക്‌ടോബർ രണ്ടിനാണ്‌ നടക്കുന്നതെങ്കിലും കാര്യങ്കോട്‌ പുഴയിൽ ഒരു മാസം മുമ്പ്‌ തന്നെ ക്ലബ്ബുകൾ തുച്ചിൽ പരിശീലനം ആരംഭിക്കും. കഠിനമായ പരിശീലനത്തിന്‌ ശേഷം മത്സരത്തിനെത്തുമ്പോൾ ആയിരങ്ങളാണ്‌ അത്‌ കാണാൻ ഇരു കരകളിലുമായി എത്തുക. 
കൈയടിച്ചും പ്രോത്സാഹിപ്പിച്ചും കാണികൾ ഒപ്പം ചേരുന്നതോടെ  തുഴച്ചിൽക്കാരുടെ കരുത്തും ആവേശവും വർധിപ്പിക്കും. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top