26 April Friday

ജില്ലാ പ്രവേശനോത്സവം ഇന്ന്‌ തച്ചങ്ങാട് സ്‌കൂളിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023

ഒന്നാന്തരമാകാൻ... വ്യാഴാഴ്‌ചത്തെ പ്രവേശനോത്സവത്തിന്‌ മുന്നോടിയായി ഒന്നാം ക്ലാസ്‌ ഒന്നാന്തരമാക്കാൻ അധ്യാപകരും രക്ഷിതാക്കളും മടിക്കൈ പൂത്തക്കാൽ ജിയുപി 
സ്‌കൂളിൽ ഒത്തുചേർന്നപ്പോൾ ഫോട്ടോ: സുരേന്ദ്രൻ മടിക്കൈ

കാസർകോട്‌

കളിചിരികളുടെ രണ്ട് മാസത്തെ വേനലവധിക്ക് ശേഷം അക്ഷരമുറ്റത്തേക്ക് പുതിയ കൂട്ടുകാരെ വരവേൽക്കാനൊരുങ്ങി ജില്ലയിലെ സ്‌കൂളുകൾ. വ്യാഴം രാവിലെ നടക്കുന്ന പ്രവേശനോത്സവത്തിന്റെ അവസാനവട്ട ഒരുക്കത്തിലാണ്‌ സ്‌കൂളുകൾ.
ജില്ലാതല പ്രവേശനോത്സവം തച്ചങ്ങാട് ഗവ. ഹൈസ്‌കൂളിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. സ്വാഗത നൃത്തവും പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരവും അരങ്ങേറും. എംഎൽഎമാരും മറ്റു ജനപ്രതിനിധികളും പങ്കെടുക്കും. റംഷി പട്ടുവത്തിന്റെ നേതൃത്വത്തിൽ നാടൻപാട്ടുകൾ അവതരിപ്പിക്കും.
 സ്‌കൂളിലെത്തുന്ന വിദ്യാർഥികൾക്ക് വൃക്ഷത്തൈ നൽകി, ജില്ലാ പഞ്ചായത്ത് വേറിട്ട സ്വീകരണമൊരുക്കും.  പതിനായിരത്തിലധികം വൃക്ഷത്തൈകൾ വിവിധ കേന്ദ്രങ്ങളിൽ നിന്ന് സ്‌കൂളുകളിലെത്തിക്കും. വ്യാഴം മുതൽ അഞ്ച് വരെ വിവിധ സ്‌കൂളുകളിൽ പുതുതായി ചേർന്ന വിദ്യാർഥികൾ വൃക്ഷത്തൈ നടും.  അഞ്ചിന് ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പദ്ധതിക്ക് സമാപനമാവും. 

കരുതലേകാൻ കൂടെയുണ്ട്‌

കാസർകോട്‌
അധ്യയന വർഷാരംഭം കണക്കിലെടുത്ത് ജില്ലയിലെ വിദ്യാർഥികളുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം.  പൊലീസ് സ്റ്റേഷനുകളും ശിശുസൗഹൃദമായി കഴിഞ്ഞു. 
കുട്ടികളെ നിയമപരമായി സംരക്ഷിക്കുന്നതും കൈകാര്യം ചെയ്യുന്നതും സംബന്ധിച്ച് എല്ലാ പൊലീസുകാർക്കും ക്ലാസ് നൽകി. ജുവനൈൽ കേസുകളിൽപ്പെട്ട കുട്ടികൾക്കും പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷയിൽ പരാജയപ്പെടുന്ന കുട്ടികൾക്കും വേണ്ടി തുടർ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ പൊലീസ്  നടപ്പാക്കുന്ന ഹോപ് (ഹെൽപ്പിങ് അതേർസ് ടു പ്രൊമോട്ട് എഡ്യുക്കേഷൻ )  പദ്ധതിയിലൂടെ ജില്ലയിൽ ഈവർഷം പത്താം ക്ലാസിൽ ഏഴുപേരെയും, പ്ലസ്ടുവിൽ 14 പേരെയും വിജയിപ്പിക്കാനായി. ഹോപ് പദ്ധതിയിലേക്ക് കൂടുതൽ പേരെ ഉൾപ്പെടുത്താനും യോഗം തീരുമാനിച്ചു. മാനസിക സമ്മർദം നേരിടുന്ന കുട്ടികൾക്ക് കൗൺസിലിങ്‌ നൽകാനുള്ള ചിരി പദ്ധതി, പോക്‌സോ കേസിലെ കുട്ടികൾക്ക് സംരക്ഷണം നൽകുന്ന കൂട്ട് പദ്ധതി, തുടങ്ങി കുട്ടികളുടെ ക്ഷേമം ലക്ഷ്യംച്ച്  പൊലീസ് വിവിധ പദ്ധതികൾ നടപ്പാക്കി വരുന്നുണ്ട്.
    കുട്ടികൾക്കായി വിവിധ വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതികളെ കുറിച്ചും നടത്തിപ്പ് രീതികളും പദ്ധതികളെ കുറിച്ചുള്ള നിർദേശങ്ങളും യോഗം ചർച്ച ചെയ്തു. സ്‌ക്കൂളിൽ പിടിഎ, പ്രധാനാധ്യാപകൻ, പരിധിയിലെ കടയുടമകൾ തുടങ്ങിയവരെ ഉൾപ്പെടുത്തി  സ്‌ക്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിക്കും. പോക്‌സോ കേസുകൾ സംബന്ധിച്ച് രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നൽകും. പഠനം പാതി വഴിയിൽ ഉപേക്ഷിക്കുന്ന പട്ടിക വർഗ മേഖലയിലെ വിദ്യാർഥികളെ തിരികെ സ്‌കൂളിലെത്തിക്കാൻ കൗൺസിലിങ്ങും നടത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top