29 March Friday

കോളനികളിൽ കുടിവെള്ളം മുട്ടിക്കല്ലേ

വെബ് ഡെസ്‌ക്‌Updated: Saturday Apr 1, 2023

കോടോം– ബേളൂർ പഞ്ചായത്തിലെ പണാംകോട് പുഴക്ക് കുറുകെ കെട്ടിയ ചെക്ക്ഡാമിന്റെ ഷട്ടറുകളുടെ ചോർച്ചയെ 
തുടർന്ന് വെള്ളം വറ്റിയ നിലയിൽ.

കാസർകോട്‌ 

പട്ടിക വർഗ മേഖലയിൽ കുടിവെള്ളം എത്തിക്കുന്ന പദ്ധതികൾ വേനൽപ്പകുതിയിലും ഇഴയുന്നതായി പരാതി. പട്ടികവർഗ ക്ഷേമപദ്ധതിയിൽ ഉൾപ്പെടുത്തി കുടിവെള്ളം എത്തിക്കാനായി ജില്ലാ പഞ്ചായത്ത്‌ ജല അതോറിറ്റിക്ക്‌ പണം കൈമാറിയിട്ടും മിക്കയിടത്തും സാങ്കേതിക കാരണങ്ങളാൽ പണി നടക്കുന്നില്ല. 2016 മുതൽ 21 വരെ വിവിധ വർഷങ്ങളിലാണ്‌ തുക കൈമാറിയത്‌. 
32 കോളനികളിലെ കുടിവെള്ള പദ്ധതിക്കായി 8.84 കോടി രൂപ ജില്ലാ പഞ്ചായത്ത്‌ ജല അതോറിറ്റിക്ക്‌ പണം മുൻകൂർ നൽകിയിരുന്നു. എന്നാൽ ഇതിൽ നാമമാത്രമായ പദ്ധതികൾ മാത്രമാണ്‌  പുരോഗമിക്കുന്നത്‌.  
കള്ളാർ പഞ്ചായത്തിൽ കോട്ടക്കുന്ന്‌ (രണ്ടു തവണയായി 46 ലക്ഷത്തിന്റെ പദ്ധതി), ഓട്ടക്കണ്ടം (95 ലക്ഷം), കാഞ്ഞിരത്തടി (12.81), മണാട്ടിക്കുണ്ട്‌ (14), കൊള്ളികൊച്ചി (8.24) പദ്ധതികളാണ്‌ മുടങ്ങിക്കിടക്കുന്നത്‌. 
പനത്തടി പഞ്ചായത്തിലെ പെരുതടി (36.5ലക്ഷം), പൂടംകല്ലടുക്കം (4.51), ബളാൽ പഞ്ചായത്തിലെ പടയംകല്ല്‌ (41.6 ലക്ഷം), നാഗത്തുംപാടി (34.18), കുറ്റിക്കോൽ പഞ്ചായത്തിലെ കരിവേടകം കൂട്ടം (11.8ലക്ഷം), മാണിമൂല തട്ട്‌ (26), ഇല്ലത്തിങ്കാൽ കക്കച്ചാൽ (34.6),  ബേഡഡുക്ക പഞ്ചായത്തിലെ ചെറുകാനം (3 ലക്ഷം), എൻമകജെ പഞ്ചായത്തിലെ സായ കോളനി (20.5 ലക്ഷം), പയ്‌സാരി (6.8), ചെന്നിമൂല (4.4), സായ മാണിമൂല, കല്യാട്ട്‌, ബാളിഗുഡെ (ഒരുകോടി) എന്നിവയും ഇനിയും തുടങ്ങിയിട്ടില്ല. 
വെസ്‌റ്റ്‌ എളേരി പഞ്ചായത്തിലെ വളഞ്ഞങ്ങാനം (15.2ലക്ഷം), കാവുന്തല (40.50), കളുത്തുകാട്‌  (24.5), കൂളപ്പാറ  (48), ഈസ്‌റ്റ്‌ എളേരിയിലെ വായിക്കാനം  (62.5), കാറഡുക്ക പഞ്ചായത്തിലെ കൊട്ടംകുഴി  (9.05), മടിക്കൈ പഞ്ചായത്തിലെ നാരംനെടുതുടുപ്പ്‌ (21.9), പള്ളിക്കര പഞ്ചായത്തിലെ വെളുത്തോളി (24.3), തോക്കാനം മൊട്ട  (18), കയ്യൂർ ചീമേനി പഞ്ചായത്തിലെ തച്ചർണം പൊയിൽ (26.8), വോർക്കാടി പഞ്ചായത്തിലെ ആനക്കല്ല്‌  (7.20) എന്നിവടങ്ങളിലും പണി സ്‌തംഭനത്തിലാണ്‌. 
പുഴവെള്ളം അങ്ങനെ ഊറ്റാനാകില്ല
രാജപുരം
പുഴകളിൽ നിന്നും ചാലുകളിൽ നിന്നും വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം. മാർച്ച്  കഴിഞ്ഞിട്ടും വേനൽ മഴ ലഭിക്കാതെ വന്നതോടെയാണ്‌ നിയന്ത്രണം ഏർപ്പെടുത്തുന്നത്‌.
 കുടിക്കനും, കുളിക്കാനുമുള്ള ആവശ്യത്തിനാണ്‌ മുൻഗണന. എന്നാൽ കാർഷിക മേഖലയെ ബാധിക്കാതെ നിലയിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
പുഴയോരത്തെ കർഷകൾ കാർഷിക വിളകൾക്ക് വെള്ളം ഒഴിക്കുന്നത് പുഴകളിൽ നിന്നും പമ്പ് വച്ചാണ്. എന്നാൽ ചിലർ 12 മണിക്കൂറിലികം സമയം വെള്ളമെടുക്കുന്നു. മൂന്നുമണിക്കൂർ മാത്രം വെള്ളം പമ്പ് ചെയ്താൽ മതിയെന്നാണ്‌ പഞ്ചായത്തുകളുടെ നിർദേശം.
അതേസമയം, ചിലയിടത്ത്‌ ചെക്കുഡാമുകൾ  ഉപയോഗശൂന്യമാണെന്നും പരാതിയുണ്ട്‌. സമയത്ത്‌ അറ്റകുറ്റപ്പണപണികൾ എടുത്ത് സംരക്ഷിച്ചാൽ വേനലിൽ രക്ഷയാകും.  കോടോം ബേളൂർ  പഞ്ചായത്തിലെ പണാംകോട് പുഴക്ക് കുറുകെ കെട്ടിയ ചെക്കുഡാമിന്റെ ഷട്ടറുകൾ നന്നാക്കാത്തതിനാൽ  വെള്ളം പകുതിയോളം വറ്റി. 30 ഏക്കറോളം നെൽവയലിനും 200 ഏക്കറോളം കവുങ്ങ്, തെങ്ങ് കൃഷിക്കും വെള്ളം ലഭ്യമാക്കുന്നതിനാണ് ചെക്ക്ഡാം നിർമിച്ചത്. ചെക്ക്ഡാമിൽ വെള്ളം കെട്ടിക്കിടക്കുമ്പോൾ സമീപത്തുള്ള കിണറിലും ധാരാളം വെള്ളമുണ്ടായിരുന്നു. 
പണം തിരിച്ചുനൽകും: 
ജല അതോറിറ്റി
കാസർകോട്‌
പണി നടക്കാത്ത പദ്ധതികളുടെ തുക പട്ടികവർഗ വകുപ്പിന്റെ  എക്കൗണ്ടിൽ ഉടൻ തിരിച്ചു നിക്ഷേപിക്കുമെന്നാണ്‌ ജല അതോറിറ്റി അറിയിക്കുന്നത്‌. ഇതിനുള്ള നടപടി അന്തിമ ഘട്ടത്തിലാണ്‌. 
കോളനികളിൽ കുടിവെള്ള പദ്ധതി നടപ്പാക്കാനും ടാങ്ക്‌ സ്ഥാപിക്കാനും സ്ഥലം വേണം. ചിലയിടത്ത്‌ ഇത്‌ കിട്ടാത്ത അവസ്ഥയുണ്ട്‌. അതാണ്‌ നിർമാണം നടക്കാതിരിക്കാൻ മുഖ്യകാരണം. 
കുടിവെള്ള സ്രോതസ്‌ ലഭ്യമല്ലാത്തതും പ്രശ്‌നമാണ്‌. പദ്ധതിക്കായി കുഴൽകിണറടക്കം കുഴിച്ചിട്ടും ചിലയിടത്ത്‌ വെള്ളം കിട്ടാത്ത പ്രശ്‌നമുണ്ട്‌. ഇത്തരം സ്ഥലത്തെ പദ്ധതിയും ഉപേക്ഷിച്ചു. നിലവിലുള്ള പദ്ധതിയിലെ എക്‌സ്‌റ്റൻഷൻ ജോലിയാണ്‌ ചിലയിടത്ത്‌. ഇതിനായി ഫണ്ട്‌ തികയാത്തതും പ്രശ്‌നമാണ്‌. 
എകെഎസ്‌ മാർച്ച്‌ 3ന്‌
കാഞ്ഞങ്ങാട്‌
പട്ടിക വർഗ മേഖലയിലെ കുടിവെള്ള പദ്ധതികൾ ഉദ്യോഗസ്ഥ അനാസ്ഥയിൽ ഇഴയുന്നതായി ആരോപിച്ച്‌ ആദിവാസ ക്ഷേമസമിതി പ്രതിഷേധ മാർച്ച്‌ നടത്തും. തിങ്കൾ രാവിലെ 10ന്‌ കാഞ്ഞങ്ങാട്‌ ജല അതോറിറ്റിയിലേക്കാണ്‌ മാർച്ച്‌. കാഞ്ഞങ്ങാട്‌ ബസ്‌സ്‌റ്റാൻഡ്‌ കേന്ദ്രീകരിച്ച്‌ മാർച്ച്‌ തുടങ്ങും. സംസ്ഥാന ട്രഷറർ ഒക്ലാവ്‌ കൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top