18 December Thursday

മലമുകളിൽനിന്ന്‌ വെള്ളം, പടയംകല്ലിന്റെ ദാഹം അകറ്റും

പി കെ രമേശൻUpdated: Saturday Apr 1, 2023

പടയംകല്ല് കോളനിയിലെ കുടുംബങ്ങൾക്ക് പട്ടികവർഗ വകുപ്പിന്റെ വാട്ടർ ടാങ്കും പൈപ്പുകളും വിതരണം ചെയ്തപ്പോൾ

വെള്ളരിക്കുണ്ട്   
പടയംകല്ല് കോളനി നിവാസികൾക്ക് കുടിവെള്ളം ലഭ്യമാക്കാൻ പട്ടികവർഗ വകുപ്പിന്റെ സഹായം. ബളാൽ പഞ്ചായത്തിലെ പടയംകല്ല് മലയിലെ പട്ടികവർഗ കുടുംബങ്ങളുടെ കുടിവെള്ളത്തിനായുള്ള ദുരിതത്തിനാണ് താല്‍ക്കാലിക പരിഹാരമായത്. 
ഇവിടെയുള്ള 22 കുടുംബങ്ങൾ കുടിവെള്ളത്തിനായി ഏറെ ദുരിതമാണ് അനുഭവിക്കുന്നത്. വേനൽ കടുത്താൽ കഷ്ടപ്പാട് കൂടും. അഞ്ച് വർഷം മുമ്പ് പട്ടികവർഗ വകുപ്പ് 41 ലക്ഷം രൂപ അനുവദിച്ചെങ്കിലും ജലസ്രോതസ് കണ്ടെത്താൻ കഴിഞ്ഞില്ല. പഞ്ചായത്തും സഹായിക്കാൻ തയ്യാറായില്ല. അങ്ങിനെയാണ് കുറഞ്ഞ ചെലവിൽ ലളിതമായ മറ്റൊരു വഴി കണ്ടെത്താൻ ഉദ്യോഗസ്ഥർ തയ്യാറായത്. 
മലമുകളിലെ വറ്റാത്ത ഉറവയിൽ നിന്നും പൈപ്പ് വഴി വെള്ളം താഴെ എത്തിച്ച് അവിടെനിന്ന്  വിവിധ വീടുകളിലേക്ക് ചെറിയ പൈപ്പുകൾ വഴി വെള്ളമെത്തിച്ചു.  സംഭരിക്കാൻ 500 ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കും നൽകി. 1400 മീറ്റർ ദൂരെ നിന്നാണ് വനത്തിൽ നിന്നും വെള്ളം താഴെയെത്തിക്കുന്നത്. അവിടെ നിന്ന് 1000 മീറ്റർ പൈപ്പ് ഉപയോഗിച്ച് വീടുകളിലേക്ക് വെള്ളം എത്തിക്കും. 
പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം അലക്സ് നെടിയകാല അധ്യക്ഷനായി. സിപിഐ എം ഏരിയാ കമ്മിറ്റിയംഗം ടി പി തമ്പാൻ, ലോക്കൽ സെക്രട്ടറി കെ ദിനേശൻ, ഊരു മൂപ്പൻ പി കൃഷ്ണൻ എന്നിവർ സംസാരിച്ചു. ട്രൈബൽ ഓഫീസർ എ ബാബു സ്വാഗതവും പ്രമോട്ടർ പി മനോജ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top